കണ്ണൂര്‍: നാളെ കൂത്തുപറമ്പില്‍ ആരംഭിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ ജില്ലാ നേതാക്കള്‍ക്കെതിരേ വിമര്‍ശനത്തിന് പദ്ധതി. നേതാക്കളുടെ പ്രവര്‍ത്തന ശൈലിക്കെതിരെയായിരിക്കും വിമര്‍ശനം. ഏരിയ സമ്മേളനങ്ങളില്‍ വിഎസ് വിഭാഗം നേതാക്കളുടെ വായ അടപ്പിക്കുകയും സികെപി പത്മനാഭനെ പോലുള്ളവരെ ഏരിയാ കമ്മിറ്റിയില്‍ ഒതുക്കുകയും ചെയ്തു.എന്നാല്‍ സംസ്ഥാനത്തെ ഉന്നത നേതാക്കളുള്‍പ്പെടെയുളള കണ്ണൂരിലെ ഔദ്യോഗിക നേതൃത്വം ജില്ലാ സമ്മേളനത്തില്‍ പിടിച്ചു നില്ക്കാന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
സംസ്ഥാനത്തു തന്നെ കണ്ണൂര്‍ ലോബിയെന്നറിയപ്പെടുന്ന പിണറായി, ഇ.പി. ജയരാജന്, എം.വി. ജയരാജന് എന്നിവരുടേയും ജില്ലാ സെക്രട്ടറി പി. ജയരാജന്,എം.വി. ഗോവിന്ദന് മാസ്റ്റര്‍ തുടങ്ങിയവരുടേയും പ്രവര്‍ത്തന ശൈലിക്കെതിരേയും കൊലപാതക രാഷ്ട്രീയമുള്‍പ്പെടെയുളള പാര്ട്ടിനയങ്ങള്ക്കെതിരെയും തങ്ങളുടെ വിയോജിപ്പും പ്രതിഷേധവും ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച് ആഞ്ഞടിക്കാന്‍ വിഎസ് പക്ഷക്കാരായ ഒരുവിഭാഗവും പാര്‍ട്ടി അംഗങ്ങളും തയ്യാറെടുക്കുന്നതായാണ് സൂചന.
പ്രതികരിക്കാന്‍ ഒരു വിഭാഗം ജില്ലാ കമ്മറ്റി അംഗങ്ങള്‍ രഹസ്യമായി തയ്യാറെടുപ്പുകള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചു. ചില നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രമുഖരെ ഏരിയാ സെക്രട്ടറിമാരാക്കിയതിലുള്പ്പെടെ ചില നേതാക്കള്ക്കുള്ക്ക് വിയോജിപ്പുണ്ട്. എം.വി. ജയരാജന്, കെ.കെ. രാഗേഷ് തുടങ്ങി പല നേതാക്കളും സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുന്നതായി സൂചനയുണ്ട്. ഇവര്‍ക്ക് ഒരുവിഭാഗം നേതാക്കളുടെ പിന്തുണയുമുണ്ടെന്നാണറിയുന്നത്. കാലങ്ങളായി ചില നേതാക്കള്‍ മാത്രം പാര്‍ട്ടിയുടെ ഉന്നതാധികാരം സ്ഥാനങ്ങളില്‍ ഇരിക്കുന്നത് ജില്ലയിലെ ചില പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുതിയവര്‍ മുന്നോട്ടുവരണമെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്ട്ടിവിടാനുണ്ടായ സാഹചര്യവും ഇപ്പോഴും പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകി കൊണ്ടിരിക്കുന്നതും ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന് മുന്നില്‍ ചോദ്യ ചിഹ്നമാവും. കൂടാതെ പാര്‍ട്ടിയുടെ ബദ്ധശത്രുവായിരുന്ന സിഎംപി നേതാവ് എം.വി. രാഘവനെ മരണാനന്തരം സ്വന്തം പാര്‍ട്ടിക്കാരനായ നേതാവിനെ പോലെ ഏറ്റെടുത്ത നടപടിയും വിമര്‍ശന വിധേയമാകും.
പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെ ലൈഗിംകാരോപണം ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവിനേയും കര്‍ഷക സംഘം നേതാവായ സികെപി പത്മനാഭനേയും തരംതാഴ്ത്തിയ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകള്‍ക്കെതിരേയും ജില്ലാ സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധം ഉയരും. ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ പിഴച്ച വഴിയായി ചര്‍ച്ചയില്‍ ഒരു വിഭാഗം ഉയര്‍ത്തും. ഏറ്റവും ഒടുവില്‍ തളിപ്പറമ്പില്‍ പ്രധാനാധ്യാപകന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പാര്‍ട്ടി നേതാവും എംഎല്‍എയുമായ ജെയിംസ് മാത്യു പ്രേരണാക്കുറ്റത്തില്‍ അകപ്പെട്ടതും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമാകും.
നിലവിലുളള ജില്ലാ സെക്രട്ടറി പി.ജയരാജന് മൂന്ന് ടേം പൂര്‍ത്തിയാക്കാത്തതു കൊണ്ടു തന്നെ വീണ്ടും ജില്ലാ സെക്രട്ടറിയാവാമെങ്കിലും, ജില്ലയിലെ മറ്റ് പല സിപിഎം നേതാക്കളും സെക്രട്ടറി കസേരയില്‍ കണ്ണും നട്ടിരിക്കുന്നതിനാല്‍ ഇത്തവണ സെക്രട്ടറിസ്ഥാനം ഏകപക്ഷീയമായി പ്രഖ്യാപിക്കുക എളുപ്പമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: