ആലപ്പുഴ: വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെടെ ഒരു നേതാവും പാര്‍ട്ടിക്ക് അതീതനല്ലെന്ന് സമ്മേളന നടപടികള്‍ വിശദീകരിച്ച് പത്രസമ്മേളനത്തില്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പാര്‍ട്ടിയില്‍ ഛിദ്രപ്രവര്ത്തനങ്ങള് ഒരുകാരണവശാലും അനുവദിക്കില്ല. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയില്‍ എല്ലാവര്ക്കും ഒരേ നിയമമാണെന്നും എല്ലാവരും ഇതനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സമ്മേളനം ഐക്യത്തിന്റെ വിളംബരമാകണമെന്ന പാര്‍ട്ടിയുടെ ലക്ഷ്യം വിഎസിന്റെ നിലപാടു മൂലം തകര്‍ന്നു. വിഎസ് സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത് ഗുരുതരമായ തെറ്റാണ്. മുതിര്‍ന്ന നേതാവാണെന്ന പരിഗണന നല്കി വിഎസിനെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടും. തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ചന്ദ്രന്‍പിള്ളയും എസ്. ശര്‍മ്മയും വിഎസിനെ സന്ദര്‍ശിച്ചത് പാര്‍ട്ടി തീരുമാന പ്രകാരമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിഎസ് വിട്ടുനിന്നതുകൊണ്ട് സമ്മേളനത്തിന് യാതൊരു കുറവും സംഭവിച്ചില്ല. അജണ്ടകള്‍ പ്രകാരം തന്നെ സമ്മേളനം നടന്നു. സമ്മേളനത്തിലെ റിപ്പോര്‍ട്ടിന്റെ കരടു തയാറാക്കിയപ്പോള്‍ വിഎസ് എതിര്‍ത്തെങ്കിലും സംസ്ഥാന സമിതി ഇത് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിഎസ് ഒരു കുറിപ്പ് തയാറാക്കി സംസ്ഥാന സെക്രട്ടറിയേറ്റിന് നല്കി. സെക്രട്ടറിയേറ്റ് ഇത് സംസ്ഥാന കമ്മറ്റിയുടെ പരിഗണനയ്ക്ക് നല്‍കിയെങ്കിലും ഇതിലെ വിഷയങ്ങളെല്ലാം മുമ്പ് ചര്‍ച്ച ചെയ്തതായതിനാല്‍ നിരാകരിക്കുകയായിരുന്നു. പിന്നീട് വിഎസ് തന്റെ വിയോജനക്കുറിപ്പ് പോളിറ്റ്ബ്യൂറോയ്ക്ക് അയയ്ക്കുകയും ജനറല്‍ സെക്രട്ടറിയെ വിളിക്കുകയും ചെയ്തു.
എന്നാല്‍ തമിഴ്നാട്ടിലെ സമ്മേളനത്തിലായതിനാല്‍ ജനറല്‍ സെക്രട്ടറിക്ക് കത്ത് കാണാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച വിഎസ് ജനറല്‍ സെക്രട്ടറിയെ നേരില്‍ക്കണ്ട് ഇക്കാര്യം ധരിപ്പിച്ചു. എന്നാല്‍ പിബി യോഗം ചേരുമ്പോള്‍ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും വിഎസ് സമ്മേളനം ബഹിഷ്കരിച്ച് മടങ്ങിയതോടെ ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതായതായും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: