പേരിനൊപ്പം അമ്മയോടും അച്ഛനോടും ഭാര്യയോടുമുള്ള സ്നേഹം കാത്തുസൂക്ഷിച്ചുകൊണ്ട് സംഗീതത്തെ പ്രണയിച്ച കലാകാരന്. പേര് ലീല എല്‍.ഗിരിക്കുട്ടന്. ഇപ്പോള്‍ തരംഗമായിരിക്കുന്ന, പാട്ടിഷ്ടപ്പെടുന്നവരുടെ ചുണ്ടുകളില്‍ നിന്ന് അവരറിയാതെ തന്നെ ഉതിര്‍ന്നുവീഴുന്ന, കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ… പുഴയില്ലാതെ എന്ന പാട്ടിന്റെ സംഗീതശില്പി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായി ഇറങ്ങിയ ഈ പാട്ടും ഇപ്പോള്‍ വന്‍ ഹിറ്റാണ്. ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും എന്ന ആദ്യ ഗാനം സൃഷ്ടിച്ച ഓളമടങ്ങും മുന്നേയാണ്, ആ ഓളത്തിനൊരു കൂട്ടായി കടവത്തൊരു തോണിയും ഇറങ്ങുന്നത്.
ഒന്നിനുംവേണ്ടിയല്ലാതെ, സൗഹൃദസദസ്സുകളില്‍ വച്ച് കുറേപ്പാട്ടുകള്‍ക്ക് ഈണമിട്ടിരുന്നു. സുഹൃത്ത് അജീഷ് ദാസനൊപ്പം. അജീഷ് ജോലി ചെയ്തിരുന്ന കലൂരിലെ ബുക്ക് ഷോപ്പായിരുന്നു സുഹൃത്തുക്കളുടെയെല്ലാം സംഗമവേദി. എഴുത്തുകാരും, കലാകാരന്മാരും എല്ലാം ഇവിടെ വന്നുപോകുമായിരുന്നു. ആ സൗഹൃദത്തണലിലിരുന്നുകൊണ്ടുള്ള ഇവരുടെ പാട്ടെഴുത്തിനും സംഗീതം നല്‍കലിനും ആറേഴ് വര്‍ഷത്തെ പഴക്കമുണ്ട്. സിനിമാ സംഗീതത്തില്‍ കൈവയ്ക്കുന്നതും ഇരുവരും ഒന്നിച്ച്. കടവത്തൊരു തോണി രചിച്ചിരിക്കുന്നത് അജീഷ് ദാസനാണ്. ‘നമുക്കൊരുമിച്ച് സിനിമ ചെയ്യാം’ എന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞ ആ നിമിഷം തന്നെയാണ് ഗിരികുട്ടന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവവും. സംഗീതത്തിനുവേണ്ടി സമര്‍പ്പിച്ച ജീവിതത്തില്‍ ഈശ്വരന് നല്കിയ ഏറ്റവും നല്ല പ്രതിഫലമാണതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഗിറ്റാറിസ്റ്റ് കൂടിയായ ഗിരിക്കുട്ടന് സുഹൃത്തുക്കള്‍ക്കെല്ലാം കുട്ടേട്ടനാണ്. എവിടെ പോയാലും ഗിറ്റാറും കൂടെക്കൂട്ടും. കൂട്ടുകാരൊത്തുകൂടുമ്പോള്‍ ഗിറ്റാറും ഗിരിക്കുട്ടനുമാവും അവിടെ താരം. അതിന് ഇന്ന ഇടം എന്നൊന്നുമില്ല. തെരുവോരങ്ങളിലും ചായപ്പീടികകളിലും വരെ ആ ചങ്ങാതിക്കൂട്ടം പാട്ടിന്റെ ലോകം തീര്‍ത്തിട്ടുണ്ട്. ഗിറ്റാറിന്റെ തന്ത്രികളില്‍ വരികള്‍ക്കൊപ്പിച്ച് അദ്ദേഹം ഈണമീട്ടും. ചിലപ്പോള്‍ ഈണമിട്ടിട്ട് അതനുസിരിച്ച് വരികളെഴുതാനാവും അജീഷിനോട് പറയുക. അങ്ങനെ കാലം കടന്നുപോയി. അങ്ങനെയിരിക്കെ ആ ചങ്ങാതി കൂട്ടത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥിയായിരുന്നു ‘ലൈഫ് ഓഫ് ജോസൂട്ടി’യുടെ തിരക്കഥാകൃത്തായ രാജേഷ് വര്‍മ്മ. പാട്ടിനോടുള്ള രണ്ടുപേരുടെ അടങ്ങാത്ത ഇഷ്ടമാണ് രാജേഷ് വര്‍മയെ അവരിലേക്ക് ആകര്‍ഷിച്ചത്.
എബ്രിഡ് ഷൈനിലേക്ക് ഗിരിയും അജീഷും എത്തുന്നത് രാജേഷ് വര്‍മ്മയിലൂടെയാണ്. അങ്ങനെയാണ് പൂമരത്തിന് വേണ്ടി പാട്ടെഴുതാനും സംഗീതം ചിട്ടപ്പെടുത്താനും ഇരുവര്‍ക്കും അവസരം കിട്ടുന്നത്. പാട്ടിന് പ്രാധാന്യം നല്കുന്ന സംവിധായകനാണ് എബ്രിഡ് ഷൈനെന്ന് അജീഷും ഗിരിക്കുട്ടനും ഒരേസ്വരത്തില്‍ പറയുന്നു. പാട്ടിനെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം. പാട്ട് മികവുറ്റതാക്കുന്നതിന് അദ്ദേഹം നല്കിയ സഹായം മറക്കാന്‍ പറ്റില്ല. എബ്രിഡ് ഷൈന്‍ സാറിന്റെ ചിത്രങ്ങളില്‍ നല്ല പാട്ടുകള്‍ ഉണ്ടാവുമെന്നാണ് പ്രേക്ഷകരുടെയെല്ലാം പ്രതീക്ഷ. ആ പ്രതീക്ഷ അദ്ദേഹം ഇതുവരെ തെറ്റിച്ചിട്ടില്ല പാട്ട് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നത് ഏറെ സന്തോഷം നല്കുന്നു.
അജീഷ് എഴുതിയ വരികള്‍ വളരെ അര്‍ത്ഥവത്താണ്. സിനിമയിലെ സന്ദര്‍ഭത്തോടും ആ വരികളോടും ഇണങ്ങുന്ന ഈണം വേണം. കവിത നഷ്ടപ്പെട്ടുപോകാതെ ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഭാഗ്യവശാല്‍ നല്ലൊരു ഈണം കിട്ടുകയും ചെയ്തു. ഏകദേശം 20 മിനിട്ടാണ് അതിനായെടുത്തത്. ആ വരികള്‍ പ്രേക്ഷകനുമായി ഒരാശയം പങ്കിടുന്നുണ്ട്. വറ്റിവരണ്ട പുഴകളെയെല്ലാം ഈ കവിതയില്‍ പരാമര്‍ശിക്കുന്നു. ആ വിഷയമാവട്ടെ ഏറെ സാമൂഹിക പ്രസക്തിയുള്ളതും. ബോബ് മെര്‍ലി, മൈക്കല്‍ ജാക്സണ് എന്നിവരൊക്കെ അവരുടെ പാട്ടുകളിലൂടെ പറഞ്ഞിട്ടുള്ളതും സാമൂഹ്യപ്രശ്നങ്ങളാണ്. കവിത നന്നായതാണ് പാട്ട് നന്നാവാന്‍ ഒരു കാരണം-ഗിരിക്കുട്ടന് പറയുന്നു.
ഏറെ വര്‍ഷക്കാലമായി ഗിരിക്കുട്ടന് സംഗീത രംഗത്തുതന്നെയാണ്. അതിനുവേണ്ടിയിട്ടുള്ള പഠനവും തയ്യാറെടുപ്പുമായിരുന്നു. ചെന്നൈയിലെ സൗണ്ട് അറ്റ് മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സൗണ്ട് എഞ്ചിനീയറിങ് പാസായത്. സംഗീതത്തിന്റെ വിവിധ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പൂര്‍ണതയ്ക്കും വേണ്ടിയായിരുന്നു ആ പഠനം. ഗിറ്റാറില്‍ സുമേഷ് പരമേശ്വര്‍ സാറും ശാസ്ത്രീയ സംഗീതത്തില്‍ രാമചന്ദ്രന് സാറുമായിരുന്നു ഗുരുക്കന്മാര്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അര്ജ്ജുന് അഭിനയിച്ച ജന്റില്മാന് റിലീസ് ആകുന്നത്. അതിലെ എ.ആര്. റഹ്മാന്റെ ചിക്ക് ബുക്ക് ചിക്ക് ബുക്ക് റൈലേ എന്ന ഗാനം ശ്രദ്ധിക്കുന്നത്. സംഗീത സംവിധായകന് എന്നൊരാള്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടെന്ന് മനസ്സിലാകുന്നത് അങ്ങനെയാണ്. പിന്നെ അതിനോട് ആരാധനയും പ്രണയവുമായി. സംഗീത സംവിധാനം കൂടുതല്‍ അടുത്തറിയാനുള്ള പരിശ്രമമായിരുന്നു പിന്നീട്. മൂര്‍ച്ചകൂട്ടുകയായിരുന്നു ഇത്രനാള്‍. തന്റെ വഴിതിരിച്ചുവിട്ടത് എ.ആര്. റഹ്മാനായിരുന്നു എന്ന് ഗിരിക്കുട്ടന് പറയുന്നു.
തൃക്കാക്കര ഭാരത് മാത കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി. വിദ്യാഭ്യാസ വകുപ്പിലായിരുന്നു ജോലി. ജോലിയിലിരുന്നുകൊണ്ട് തന്റെ സ്വപ്നത്തിന് പിന്നാലെ പോകാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജോലിയില്‍ നിന്ന് നീണ്ട ലീവെടുത്തു. സംഗീതത്തിലെ എല്ലാ മേഖലകളും പരീക്ഷിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തില്‍ തന്റെ സംഗീതയാത്രയ്ക്കൊപ്പം സഞ്ചരിക്കുന്നവരാണ് അമ്മയും ഭാര്യയുമെന്ന് ഗിരിക്കുട്ടന് പറയുന്നു. അച്ഛന് സി.കെ. കുട്ടന് വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചു. അമ്മ കെ.ഇ. ലീലാമ്മ സബ് രജിസ്ട്രാര്‍ ആയിരുന്നു. ഭാര്യ ലിന്‍സിക്ക് മൂവാറ്റുപുഴ മാറാടിയില്‍ വിദ്യാഭ്യാസ വകുപ്പിലാണ് ജോലി. ഇപ്പോള്‍ കാക്കനാട് തൂതിയൂരില്‍ താമസം. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സംഗീതം സൃഷ്ടിക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹം.
കവിതയാണ് അജീഷിന്റെ ജീവിതത്തില്‍ എല്ലാം. 15-ാം വയസ്സില്‍ തുടങ്ങിയതാണ് കാവ്യലോകവുമായുള്ള കൂട്ട്. കവിതകളിലൂടെയായിരുന്നു അജീഷ് ജീവിതത്തിലെ സുഖദുഖങ്ങളെ കൂട്ടിയിണക്കിയിരുന്നത്. കലൂരിലെ ബുക്ക് ഷോപ്പിലിരുന്ന് കാവ്യസംഗീത ലോകം തന്നെ അജീഷും സുഹൃത്തുക്കളും സൃഷ്ടിച്ചിരുന്നു. ‘കാന്‍സര്‍ വാര്‍ഡ്’, ‘കോട്ടയം ക്രിസ്തു’ തുടങ്ങി രണ്ട് കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കി. ശ്രദ്ധേയമായ കവിതകളായിരുന്നെങ്കില്‍ കൂടി അജീഷ് ദാസന് എന്ന കവിയെ ആരും വേണ്ടത്ര ശ്രദ്ധച്ചില്ല. 2004 ല്‍ മലയാളം കവിതാ പുരസ്കാരം ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിന്റെ കവിയായിരുന്നു ഒരു കാലത്ത് അജീഷ്. തന്നിലെ കവിയ്ക്ക് ഒരു മേല്‍വിലാസം കിട്ടയത് അവിടെനിന്നായിരുന്നുവെന്ന് അജീഷ് പറയുന്നു. മലയാള സാഹിത്യത്തിലായിരുന്നു ബിരുദം നേടിയത്. ജര്‍മ്മന്‍, ഇംഗ്ലീഷ് ഭാഷകളിലേക്ക് അജീഷിന്റെ കവിതകള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കവിതാലോകത്ത് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശേഷിയുള്ള കവികളിലൊരാളാണ് അജീഷ് ദാസന്.
പൂമരത്തിലെ ഒറ്റപ്പാട്ടുകൊണ്ടുതന്നെ ഈ കവിയെ ഇന്ന് മലയാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. തുടക്കം തന്നെ ഉറ്റസുഹൃത്തിനൊപ്പം ആയതില്‍ സന്തോഷിക്കുന്നതായി അജീഷ് പറയുന്നു. കവിതകള്‍ മാത്രമെഴുതിയിട്ടുള്ള അജീഷിനെ പാട്ടെഴുത്തിന്റെ പാതയിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഗിരിക്കുട്ടനാണ്. വരികളെ കവിതയില്‍ നിന്ന് മാറ്റിയിട്ട് കൂടുതല്‍ ലളിതമാക്കേണ്ടിയിരുന്നു. ഗിരിക്കുട്ടന് ഈണമിടുന്നതിനൊപ്പിച്ചായിരുന്നു ആദ്യമൊക്കെ പാട്ടെഴുത്ത്. അത് പതിയെ പിച്ചവയ്ക്കുന്നതുപോലുളള അനുഭവമായിരുന്നു അജീഷിന്. ഓരോ വിശേഷാവസരങ്ങള്‍ വരുമ്പോഴും അതിനെക്കുറിച്ചെഴുതും. ഗിരിക്കുട്ടന് ഈണമിടും. ഗിരിക്കുട്ടന് ഇല്ലായിരുന്നെങ്കില്‍ പാട്ടെഴുത്തിന്റെ വഴി തനിക്ക് അന്യമാകുമെന്നാണ് അജീഷിന്റെ അഭിപ്രായം.
21 വര്‍ഷമായി കവിത എഴുത്ത് തുടങ്ങിയിട്ട്. സിനിമയ്ക്കുവേണ്ടി പാട്ടെഴുതുന്നതും കവിതാരചനയും രണ്ടും രണ്ടാണെന്ന് അജീഷ് പറയുന്നു. 21 വര്‍ഷം കൊണ്ട് കിട്ടാത്ത ജനശ്രദ്ധയും അംഗീകാരവും ഒരൊറ്റ സിനിമാപ്പാട്ടുകൊണ്ടുകിട്ടി. അതൊരു സന്തോഷമാണ്. സിനിമയെന്ന മാധ്യമത്തിന്റെ പ്രത്യേകതയാണത്.
‘എബ്രിഡ് ഷൈന്‍ സാര്‍ നല്ല കവിതാ വാസനയുള്ളയാളാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ പാട്ടുകള്‍ക്ക് നല്ല പ്രാധാന്യമുണ്ട്. നല്ല വരികളെഴുതുന്നവരെ അദ്ദേഹം കണ്ടെടുക്കും. നല്ല പാട്ടിനായി എത്രകാത്തിരിക്കാനും തയ്യാറാണ്. ഞാന്‍ എഴുതിയ പാട്ട് നല്ലതാണെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും എബ്രിഡ് ഷൈനാണ്. പൂര്‍ണതയാണ് അദ്ദേഹത്തിന് ആവശ്യം’.
ഈ കവിത പറയുന്ന കാര്യങ്ങള്‍ വ്യത്യസ്തമായതുകൊണ്ടാവാം ജനങ്ങള്‍ അതേറ്റെടുത്തത്. സിനിമയ്ക്ക് മാത്രമേ ഇത്തരത്തിലൊരു അത്ഭുതം സൃഷ്ടിക്കാന്‍ പറ്റൂ. എന്നാലും മരണം വരേയും കവിത കൂടെക്കൊണ്ടുപോകും. കവിതകൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ലെന്ന തിരിച്ചറിവും അജീഷിനുണ്ട്. അപ്പോഴും പിടിച്ചുനിന്നു.
എഴുത്തില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെന്ന് അദ്ദേഹം പറയുന്നു. വൈക്കം വടക്കുംകൂര്‍ സ്മാരക ലൈബ്രറിയിലിരുന്നു പുസ്തകങ്ങള്‍ വായിച്ചുകൂട്ടി. ഒപ്പം എഴുത്തും പുരോഗമിച്ചു. വലുതാകുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിനൊന്നും ഉത്തരമില്ലാത്ത കുട്ടിയായിരുന്നു അജീഷ്. ലക്ഷ്യബോധം ഇല്ലാത്തതോര്‍ത്ത് അന്നൊക്കെ വിഷമിച്ചിരുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്കയും ദിശാബോധമില്ലാത്ത ജീവിതത്തിലുണ്ടായി. കവിതയെഴുത്തിലായിരുന്നു ശ്രദ്ധ. ഏത് പ്രതിസന്ധിയിലും അത് കൈവിട്ടില്ല.നല്ലൊരു ജോലിക്കും ശ്രമിച്ചില്ല. എന്നാലിപ്പോള്‍ ഒരു ലക്ഷ്യത്തിലെത്തിയത് ഭാഗ്യമാണെന്നും അജീഷ് പറയുന്നു, അതും കവിതയിലൂടെത്തന്നെ സംഭവിച്ചു. കോട്ടയം ജില്ലയിലെ വൈക്കം മഠത്തില്‍പറമ്പില്‍ ദാസന്റേയം ഗിരിജയുടേയും മകനാണ്. മീനുവാണ് ഭാര്യ. ഒന്നരവയസ്സുള്ള അനന്തലക്ഷ്മിയാണ് മകള്‍.
പാട്ടിനെക്കുറിച്ച്…
കാര്‍ത്തിക്കാണ് പാട്ട് പാടിയിരിക്കുന്നത്. മലയാളം അദ്ദേഹത്തിന് അറിയില്ല. സദാ ഊര്‍ജ്ജസ്വലനാണ് കാര്‍ത്തിക്. ഹിന്ദിയിലാണ് വരികള്‍ എഴുതി നല്‍കിയത്. വരികളുടെ അര്‍ത്ഥമറിഞ്ഞ്, ഉള്‍ക്കൊണ്ടാണ് പാടിയിരിക്കുന്നത്. വറ്റിവരണ്ട പുഴയെ ഓര്‍ത്തെടുക്കുകയാണ് കടവത്തൊരു തോണിയിലൂടെ അജീഷ് ദാസന്. നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന പുഴകളുടെ കാഴ്ച എല്ലാവരുടേയും മനസ്സില്‍ ഉള്ളതുകൊണ്ടാവാം ഈ പാട്ട് ജനമനസ്സിനെ സ്വാധീനിക്കാന്‍ കാരണമെന്ന് അജീഷ് പറയുന്നു. ‘കണ്ണടച്ചാല്‍ പോലും കണ്പോളകളുടെ ഭിത്തിയില്‍ പതിയുന്ന ദൃശ്യങ്ങള്‍ പോലെയാണിന്ന് വറ്റിപ്പോയ ഭാരതപ്പുഴയും.
അത് എന്റെ മാത്രം ചിന്തയല്ല’ അജീഷ് പറയുന്നു. കാലം ആവശ്യപ്പെടുന്നതുകൊണ്ടാവാം ആ പാട്ട് ജനങ്ങള്‍ സ്വീകരിച്ചത്. ഈ പാട്ടുകേട്ടുകൊണ്ട് ഭാരതപ്പുഴയുടെ തീരത്തുനിന്ന് ഒരാള്‍ രാത്രി ഗിരിക്കുട്ടനെ വിളിച്ചു. അദ്ദേഹം കരയുകയായിരുന്നു. നിറഞ്ഞുകവിഞ്ഞ ഭാരതപ്പുഴ ആ വ്യക്തിയുടെ കുട്ടിക്കാല ഓര്‍മകളിലുണ്ട്. അതൊക്കെ കേള്‍ക്കുമ്പോഴാണ് ശരിയായ വഴിയിലൂടെയാണ് പോവുന്നതെന്ന തോന്നലുണ്ടാവുന്നത്-അജീഷ് പറയുന്നു.
പ്രതിഭയുണ്ടായിട്ടും അവസരം തേടി ആരുടേയും അടുത്ത് പോയിട്ടില്ല, ലീല എല്‍. ഗിരിക്കുട്ടനും അജീഷ് ദാസനും. ആ പ്രതിഭകളെ തേടി അവസരം ഇങ്ങോട്ടെത്തുകയായിരുന്നു. തുടക്കം തന്നെ അവര്‍ ഗംഭീരമാക്കുകയും ചെയ്തു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ എന്ന ഗാനത്തിന് സംഗീതം നല്‍കിയത് ഗിരിക്കുട്ടനും വരികളെഴുതിയത് അജീഷ് ദാസനുമാണ്. ഈ പാട്ട് യൂടൂബിലൂടെയും മറ്റും കേട്ടത് 10 ലക്ഷത്തിലധികം പേര്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: