ന്യൂദല്‍ഹി: റെയില്‍വേയില്‍ സമഗ്രമായ പരിഷ്കരണം അനിവാര്യമാണെന്ന് ബിവേക് ദെബ്രോയി കമ്മറ്റിയുടെ ശുപാര്‍ശ. സ്വകാര്യ സംരംഭകരെ ട്രെയിനുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്നാണ് കമ്മറ്റിയുടെ പ്രധാനശുപാര്‍ശ.
നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഗുഡ്സ് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. റെയില്‍ ബജറ്റ് വേണ്ടെന്നുവയ്ക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ശുപാര്‍ശ. കഴിഞ്ഞ കാലങ്ങളില്‍ നിരവധി സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെട്ട കാര്യമാണിത്. റെയില്‍വേ വലിയൊരു പൊതുമേഖലാ സ്ഥാപനം മാത്രമാണ്. അതിനാല്‍ അതിനായി പ്രത്യേക ബജറ്റിന്റെ ആവശ്യമില്ല. റെയില്‍ ബജറ്റ് ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പതിറ്റാണ്ടുകള്‍ നീണ്ട അവശേഷിപ്പ് മാത്രമാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു.
റെയില്‍വേയെ മെച്ചപ്പെടുത്താന്‍ പുറത്തു നിന്നുള്ള വിദഗ്ധരുടെ സേവനം തേടണം, നിതി ആയോഗ് അംഗം കൂടിയായ ദെബ്രോയിയിടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകളില്‍ പറയുന്നു.
പ്രധാന ശുപാര്‍ശകള്‍:
1 റെയില്‍വേ പ്രവര്‍ത്തനങ്ങളെല്ലാം വാണിജ്യാടിസ്ഥാനത്തിലുള്ള അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് മാറണം
2 റെയില്‍വേ പ്രൊഡക്ഷന്‍ യൂണിറ്റുകളെല്ലാം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കണം.
3 കോച്ചുകള്‍, വാഗണുകള്‍, റെയില്‍വേ എഞ്ചിനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയ്ക്കും പങ്കാളിത്തം നല്‍കണം.
4 സ്കൂളുകളും ആശുപത്രികളും കാറ്ററിംഗ് സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ഡവല്പ്മെന്റും ഇനി റെയില്‍വേ നടത്തേണ്ട.
5 ആര്‍പിഎഫും റെയില്‍വേ നോക്കിനടത്തേണ്ട.
6 റെയില്‍വേ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. അതോറിറ്റിക്ക് പ്രത്യേക ബജറ്റ് വേണം. റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് ഈ അതോറിറ്റി സ്വതന്ത്രമായിരിക്കണം. അതോറിറ്റിക്ക് അര്‍ദ്ധ നിയമപരമായ അധികാരങ്ങളും നല്‍കണം.
7 പദ്ധതികള്‍ വേഗം പൂര്‍ത്തിയാക്കണം, അങ്ങനെ ചെലവും സമയവും കുറയ്ക്കാം. അതിന് വിവിധ മേഖലകളില്‍ ഉള്ള നിര്‍മ്മാണ സ്ഥാപനങ്ങളെ ആര്‍വിഎന്‍എല്‍, ഇര്‍ക്കോണ്‍ പോലുള്ള ഒരു സ്ഥാപനത്തിന്റെ കീഴില്‍ കൊണ്ടുവരണം.
8 തീരുമാനം എടുക്കാനുള്ള അധികാരം അതത് ഡിവിഷണല്‍, സോണല്‍ മാനേജര്‍മാര്‍ക്ക് നല്കി അധികാരം വികേന്ദ്രീകരിക്കണം. ശുപാര്‍ശകളില്‍ പറയുന്നു.
റെയില്‍വേ സ്വകാര്യവല്ക്കരിക്കാനല്ല ശുപാര്‍ശ. എന്നാല്‍ കോച്ച് നിര്‍മ്മാണം, യാത്രാ ട്രെയിന്‍ സര്‍വ്വീസ് എന്നിവയില്‍ സ്വകാര്യ സംരംഭകരെയും അനുവദിക്കണമെന്നു മാത്രമാണ് ശുപാര്‍ശ. റിപ്പോര്‍ട്ടില്‍ പറയുന്നു. അമിത കേന്ദ്രീകരണമാണ് റെയില്‍വേയുടെ പ്രധാനപ്രശ്നങ്ങളില്‍ ഒന്ന്. ജീവനക്കാരുടെ ഘടനയില്‍ മാറ്റം വരുത്തണം. പുറത്തുനിന്നുള്ള പ്രഗല്ഭരെ ഉള്‍പ്പെടുത്തണം.
തുറമുഖം, ടെലികോം, വിമാനത്താവളം, റോഡ് നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം സ്വകാര്യ പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ റെയില്‍വേയില്‍ മാത്രമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: