അടിയന്തരാവസ്ഥ ജീവിതത്തില്‍ ഏറ്റവും വലിയ പരീക്ഷണ ഘട്ടമായിരുന്നു. പൗരാവകാശങ്ങള്‍ക്കായുള്ള സമരത്തില്‍ നിന്നും പിന്തിരിയാന് പോലീസില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദത്തിന് കണക്കില്ല. സംഘത്തിന്റെ ആദര്‍ശം കൊണ്ടുമാത്രമാണ് അതിനെയെല്ലാം അതിജീവിക്കാന്‍ സാധിച്ചത്….’ തിരുവമ്പാടി ലക്ഷ്മിനിവാസില്‍ നാഗരാജന്റെ വാക്കുകളില്‍ നിറയുന്നതും കണ്ണുകളില്‍ തിളങ്ങുന്നതും അതിക്രൂരമായ കാലഘട്ടത്തിന്റെ നാള്‍വഴികള്‍.
മുല്ലയ്ക്കല് വിദ്യാരംഭം ബുക്സ് സ്റ്റാളിന്റെ ഉടമയായ നാഗരാജന് ഇപ്പോള്‍ അറുപതിന്റെ നിറവിലാണ്. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ തിരുവമ്പാടി ശാഖയിലൂടെയാണ് രാഷ്ട്രസേവനത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹത്തിന് കരഗതമാകുന്നത്. ഇരുപതാം വയസില്‍ അടിയന്തരാവസ്ഥയെ നേരിട്ടതിന്റെ അനുഭവം ജീവിതത്തില്‍ എക്കാലവും മറക്കാനാവാത്തതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
‘അന്ന് പോലീസിന്റെ അഴിഞ്ഞാട്ടമായിരുന്നു. ശാഖ ഇല്ലാതാകുന്ന അവസ്ഥ ചിന്തിക്കാന്‍ പോലുമായിരുന്നില്ല. എന്നാല്‍ സംഘനേതൃത്വം തീരുമാനിച്ച പ്രകാരം എവിടെയെങ്കിലും ഒത്തുകൂടി അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം അനുസ്യൂതം തുടരണമെന്ന് നിശ്ചയദാര്‍ഡ്യമുണ്ടായിരുന്നു.
സ്വയംസേവക സഹോദരന്മാരായ സഹദേവന്, ഗോവിന്ദന്‍കുട്ടി, ഗോപാലകൃഷ്ണന് എന്നിവരോടൊപ്പം വിദ്യാരംഭത്തില്‍ ഒത്തുകൂടിയാണ് സമരത്തിന് രൂപം നല്‍കിയത്. അടിയന്തരാവസ്ഥയെ എതിര്‍ത്ത് സംഘടിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ വിതരണം ചെയ്യലായിരുന്നു ഏറ്റവും പ്രധാനം. പിന്നെ പോസ്റ്ററുകള്‍ പതിക്കലും കരിങ്കൊടികള്‍ സ്ഥാപിക്കലും. ഒപ്പം കൂടിയവരില്‍ പ്രധാനിയായ പുരുഷോത്തമപ്പൈ ലഘുലേഖകള്‍ പോലീസിന്റെ ജീപ്പില്‍ വരെ കൊണ്ടിട്ടു. വളരെയധികം കഷ്ടപ്പെട്ടും അതീവസാഹസികവുമായിരുന്നു അത്. അത്രയ്ക്കായിരുന്നു സമരത്തില്‍ കാട്ടിയ ആത്മാര്‍ത്ഥത.
പോലീസ് തലങ്ങും വിലങ്ങും പ്രക്ഷോഭകാരികളെ തിരഞ്ഞ് പായുകയായിരുന്നു. നാട്ടിലാകെ ലഘുലേഖകള്‍ വ്യാപിക്കുന്നത് തടയുക എന്നതായിരുന്നു ഉദ്ദേശം. അതിന് കാരണക്കാരായ ഞങ്ങളെ തിരക്കി വീടുകളില്‍ പലതവണ പോലീസ് റെയ്ഡുകള്‍ നടത്തി. പിടി കൊടുക്കാതെ ഒളിവിലിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോയത്. എന്നാല്‍ താമസിയാതെ പോലീസിന്റെ കെണിയിലായി. ഇതിന് പോലീസിനെ സഹായിച്ചതാകട്ടെ കോണ്‍ഗ്രസിന്റെ ഒരു നേതാവും. പിന്മാറിയാല് ജീവനും കൊണ്ട് പോകാമെന്നായിരുന്നു പോലീസിന്റെ ഭീഷണി.
അനുസരിക്കാത്തതിനാല്‍ സബ്ജയിലിലേക്കയച്ചു. അവിടേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും അയച്ച് പോലീസിന് വഴങ്ങിക്കൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ജാമ്യം നേടി പുറത്തുവന്നതിന് ശേഷം മിസ തടവുകാരനായി പിടികൂടി പൂജപ്പുര ജയിലില്‍ അടച്ചു. സമ്മര്‍ദ്ദവും പരീക്ഷണങ്ങളും അതിജീവിക്കാന്‍ നന്നെ പാടുപെട്ടു. സംഘപ്രചാരകരായിരുന്ന ഗോപകുമാര്‍, രാമകൃഷ്ണന് എന്നിവരുടെ വാക്കുകള്‍ ശ്രവിച്ചും ഭഗവദ്ഗീതയും വിവേകനന്ദസൂക്തങ്ങളും പാരായണം ചെയ്തും ആത്മീയമായി നേടിയ കരുത്തായിരുന്നു പിന്‍ബലം.
പൂജപ്പുരയില്‍ ഒരു ഭാഗത്ത് സ്വയംസേവകരും മറുഭാഗത്ത് നക്സലൈറ്റുകളുമായിരുന്നു
തടവുകാര്‍. വിലക്കുകളെയും മര്‍ദ്ദനങ്ങളെയും അതിജീവിച്ച് ജയിലിനുള്ളില്‍ ശാഖ നടത്തി. പുലര്‍ച്ചെ പ്രാതകാല പ്രാര്‍ത്ഥനയും ശാഖയും. പിന്നീട് ധ്യാനവും ഭഗവദ്ഗീതാക്ലാസും ആധ്യാത്മികപ്രഭാഷണവും മറ്റും. ഇതില്‍ ആകൃഷ്ടരായി നക്സലൈറ്റുകളുടെ ഇടയിലുള്ള കുറച്ചു പേര് ഞങ്ങളുമായി അടുത്തത് മറ്റു നക്സലൈറ്റുകള്‍ ചോദ്യം ചെയ്തു. നിസാരമായ പ്രശ്നം പെരുപ്പിച്ച് അവര്‍ ജയിലില്‍ ചേരിതിരിവും സംഘര്‍ഷവും സൃഷ്ടിച്ചതും ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു.
കമ്യൂണിസ്റ്റുകാര്‍ ഒരാള്‍ പോലും ചിത്രത്തിലുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് നാട്ടിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും മാളത്തിലൊളിക്കുകയായിരുന്നു. പലയിടങ്ങളിലും തല പോലും പുറത്തുകാണിക്കാന്‍ തയ്യാറാകാത്ത അവര്‍ക്ക് അടിയന്തരാവസ്ഥയെ പറ്റി പറയാന്‍പോലും യോഗ്യതയില്ല.
അമ്മ തങ്കമ്മയുടെ സ്നേഹപൂര്‍വമായ ഉപദേശത്തെ തുടര്‍ന്ന് അച്ഛന് കൃഷ്ണന്റെ പാത പിന്തുടര്ന്ന് മൂത്ത മകനായ നാഗരാജന് ബുക്സ് സ്റ്റാള്‍ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഏഴു സഹോദങ്ങളുടെയും കാര്യങ്ങള്‍ ഭംഗിയായി നോക്കി. അവിവാഹിതനായ നാഗരാജന് ഇപ്പോഴും മുല്ലയ്ക്കലിലെ സ്ഥാപനത്തില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: