മരം ഒരു വരമെന്നാണല്ലോ പൊതുവേ പറയാറ് അപ്പോള്‍ ഒരു വനമാണെങ്കിലോ? കൊച്ചി നഗരത്തിലെ തമ്മനത്ത് അംബരചുംബികളായ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് നടുവില്‍ ഒന്നര ഏക്കര്‍ യഥാര്‍ത്ഥ കാട്! പഴയതും എന്നാല്‍ പ്രതാപം വിളിച്ചോതുന്നതുമായ തറവാട് അതിനുനാലുവശത്തും മരങ്ങളും ചെടികളും വള്ളിപ്പടര്‍പ്പുകളും കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അതാണ് പുരുഷോത്തമ കമ്മത്തിന്റെ ആലിങ്കല്‍ ഫാംസ്. വീട്ടിലേക്ക് കാലുകുത്തുമ്പോഴേ ശീതളതയുടെ തലോടല്‍ അനുഭവിച്ചറിയാം. ഐശ്വര്യത്തിന്റെ പ്രതീകമായി 45 വര്‍ഷം പഴക്കമുള്ള നാഗലിംഗവൃക്ഷം നടുമുറ്റത്ത് പൂത്തുലഞ്ഞു നില്ക്കുന്നു. കിലോമീറ്ററുകളോളം അന്തരീക്ഷ ശുദ്ധീകരണം നടത്താന്‍ കഴിവുള്ള വൃക്ഷം.
കോണ്‍ക്രീറ്റ് കാടുകള്‍ക്കു പകരം സ്വന്തമായി കാടുപടുത്തുയര്‍ത്തിയ പുരുഷോത്തമ കമ്മത്തിന്റെ മുന്‍തലമുറ, മരങ്ങളേയും കൃഷിയേയും ജീവനുതുല്യം സ്നേഹിച്ചവരായിരുന്നു. കമ്മത്തും ആ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. ജന്മനാതന്നെ ചെടികളോടും മരങ്ങളോടും ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. എന്തെങ്കിലും കണ്ടെത്തണമെന്ന തോന്നലും ഉള്ളിലുണ്ടായിരുന്നു കര്‍ഷകരുടെ കൂടെ പറമ്പില്‍ പണിയെടുക്കാന്‍ കൂടിയിരുന്ന കമ്മത്ത് എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ ഒരു പരീക്ഷണം നടത്തിനോക്കി. മുണ്ടകന്‍ പയറ് അഥവാ അച്ചിങ്ങ ഒരു ഞെട്ടില്‍ കുറേ എണ്ണം കാണും. എന്നാല്‍ പതിനെട്ടു മണികളുള്ള വലിയ പയറാകട്ടെ ഒരു ഞെട്ടില്‍ ഒന്നോ രണ്ടോ മാത്രമേ കാണൂ. എട്ടാം ക്ലാസ്സുകാരന്റെ ബുദ്ധിയില്‍ ഉദിച്ചത് ഈ രണ്ടു വിത്തുകളും ചേര്‍ത്തുവിതച്ചാലോ എന്ന ആശയമാണ്. അതുപോലെ തന്നെ ചെയ്തപ്പോള്‍ നടന്നത് അത്ഭുതം. പരാഗണം നടന്ന് പിന്നീട് വലിയ പയര്‍, ഒരു ഞെട്ടില്‍ ആറെണ്ണമെങ്കിലും കായ്ച്ചുതുടങ്ങി. അങ്ങനെ ആദ്യ പരീക്ഷണം തന്നെ വിജയിച്ചു.
കമ്മത്തിന് ചെറുപ്പത്തിലേ അച്ഛന് നഷ്ടപ്പെട്ടു. പത്താം തരം ജയിച്ച അദ്ദേഹത്തിന് 1972 എറണാകുളം കാനറ ബാങ്കില്‍ ജോലി ലഭിച്ചു. 1984 വരെ ജോലിയില്‍ തുടര്‍ന്ന ശേഷം ചെടികളോടും മരങ്ങളോടും ഉള്ള ഭ്രമം മൂത്ത് ജോലി ഉപേക്ഷിച്ചു ചെടി ശേഖരണയജ്ഞത്തിലേക്ക് കടന്നു. ഔഷധ സസ്യങ്ങളാണ് ആദ്യം ശേഖരിച്ചു തുടങ്ങിയത്. അമുക്കുരവും അശ്വഗന്ധവും ആദ്യം നട്ടുവളര്‍ത്തി. ഭാരതത്തിലെ എല്ലാ സംസ്ഥാനത്തു നിന്നും ചെടികള്‍ ശേഖരിച്ച അദ്ദേഹം നട്ടു പിടിപ്പിച്ച ചെടികളുടെ ചുവട്ടില്‍ അതിന്റെ ശാസ്ത്രീയ നാമം ഉള്‍പ്പടെയുള്ള പേരെഴുതി ബോര്‍ഡുവച്ചിട്ടുണ്ട്. അതിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പരീക്ഷണമായി പിന്നീട്.
ഇരുപത്തി ഏഴ് നക്ഷത്രങ്ങള്‍ക്കും യോജിച്ച ഇരുപത്തി ഏഴ് ചെടികള്‍ വരിയായി വച്ചിരിക്കുന്നു. ഓരോ ചെടിയുടേയും ഔഷധ ഗുണങ്ങളെപ്പറ്റിയുള്ള വിവരവും. എല്ലാ കാര്‍ഷിക മേളയ്ക്കും മുടങ്ങാതെ ചെടികള്‍ പ്രദര്‍ശനത്തിനു വയ്ക്കും. കുറച്ചു സമയം ലഭിച്ചാല്‍പ്പോലും ചെടികളുടെ ഗുണങ്ങളെപ്പറ്റി മറ്റുള്ളവരുമായി പങ്കുവയ്ക്കും. ഒന്നര ഏക്കര്‍ സ്ഥലത്ത് ഫ്ളാറ്റ് സമുച്ചയം പണിത് കോടീശ്വരനാകാതെ കൊടും കാട് ഉണ്ടാക്കാന്‍ ശ്രമിച്ച കമ്മത്തിനെ പലരും ഭ്രാന്തനെന്ന് മുദ്രകുത്തി. പക്ഷെ അതിനുള്ള അദ്ദേഹത്തിന്റെ മറുപടി എല്ലാവര്ക്കും ഒരു പാഠമാണ്. ഒരു ദിവസം മൂന്നു സിലിണ്ടറിന്റെ അളവ് ഓക്സിജനാണ് ഒരാള്‍ ശ്വസിക്കുന്നത്. പക്ഷെ ഒന്നും തന്നെ വൃക്ഷങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നില്ല. അപ്പോള്‍ മരങ്ങള്‍ നട്ടു വളര്‍ത്തുന്നതില്‍ എന്താണ് തെറ്റ്? അന്നു കളിയാക്കിയ പലരും ഇന്ന് അഭിനന്ദിക്കുന്നു.
പല വൃക്ഷങ്ങളും പുരാണവുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് തെളിവു സഹിതം അദ്ദേഹം പറയുന്നു. ‘പുത്രന് ജീവ’ എന്ന സസ്യം ആണ് കുഞ്ഞുങ്ങള്‍ ജനിക്കാന്‍ അത്യുത്തമം എന്നാണ് അവകാശവാദം. ആണ് കുഞ്ഞുങ്ങളും പെണ്കുഞ്ഞുങ്ങളും ജനിക്കുന്നത് ക്രോമസോമിലെ വ്യത്യാസമനുസരിച്ചാണ്. ഇതറിഞ്ഞ് പെണ്മക്കള് മാത്രമുള്ള പലരും ഇതിന്റെ ഔഷധം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ദശരഥന് സന്താനം ജനിക്കാന്‍ പുത്രകാമേഷ്ടി യാഗം നടത്തിയപ്പോള്‍ അതില്‍ നിവേദ്യമായുണ്ടാക്കിയ പായസത്തില്‍ പുത്രന് ജീവ ഉണ്ടായിരുന്നു എന്നാണ് കമ്മത്ത് പറയുന്നത്. അതുപോലെ ഇന്നും പല ആദിവാസികളും ഭക്ഷിക്കുന്ന ആരോഗ്യപ്പച്ച എന്ന ഇലയ്ക്കും പറയാനുണ്ടൊരു കഥ. രാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോയകാലം. ലക്ഷ്മണന് രാമനും സീതയ്ക്കും കായ്കനികള്‍ ആശ്രമത്തില്‍ എത്തിച്ചു കൊടുക്കുമായിരുന്നു. ലക്ഷ്മണന് ഒന്നും കഴിച്ചിരുന്നില്ല. വിശപ്പു സഹിക്കാതാകുമ്പോള്‍ പലപ്പോഴും കഴിച്ചിരുന്നത് ആരോഗ്യപച്ചയാണെന്നാണ് വിശ്വാസം.
ശോകമില്ലാതാക്കുന്ന വനമായ അശോകവനം അവിടെ സീത ഇരുന്ന ശിംശിപാ എന്നു നാമമുള്ള വൃക്ഷവും കമ്മത്തിന്റെ ശേഖരത്തിലുണ്ട്. ഇത് ചില കഥകള്‍ മാത്രം. ഓരോ വൃക്ഷത്തെപ്പറ്റിയും ഒരുപാടു പറയുന്ന അദ്ദേഹം ദുബായില്‍ നിന്ന് കപ്പല്‍ മാര്‍ഗം ഈന്തപ്പന കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച സാഹസികന് കൂടിയാണ്. അത് കയ്ക്കും എന്നു തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ചരകസംഹിത, അഷ്ടാംഗ ഹൃദയം, താളിയോലഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ ശേഖരവും കമ്മത്തിന്റെ കൈവശമുണ്ട്. അറുപത്തിയേഴ് അസുഖങ്ങള്‍ മാറാന്‍ ശുദ്ധജലം മാത്രം കുടിച്ചാല്‍ മതി എന്നു പറയുന്ന അദ്ദേഹം ഉറങ്ങുന്നതുവരെയുള്ള ചിട്ടകള്‍ നിര്‍ദ്ദേശിക്കുന്നു.
അവനവന്റെ വീട്ടില്‍ കിഴക്കോട്ട്
ആരാന്റെ വീട്ടില്‍ തെക്കോട്ട്
വഴിക്കു പോയാല്‍ പടിഞ്ഞാട്ട്
ഒരിക്കലും പാടില്ല വടക്കോട്ട്
ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണബലത്തെ നിയന്ത്രിക്കുന്ന മേധ അശ്വമേധ, ഉത്തരാഖണ്ഡില്‍ നിന്നും കൊണ്ടുവന്ന ദേവദാരു, കൂടാതെ മരവുരി രുദ്രാക്ഷം, ബോധിവൃക്ഷം, രക്തചന്ദനം, കര്‍പ്പൂരം, ഇലന്ത, അണലിവേഗം, വള്ളിമന്ദാരം, മലമരോദി, കറുത്ത കുന്തിരിക്കം തുടങ്ങി ഒന്നര ഏക്കറിന് മൂവായിരത്തോളം സസ്യശേഖരമുള്ള ആലിങ്കല്‍ ഫാംസ് കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള ആത്മയുടെ ഫാം സ്കൂളിലാണ്. മണ്ണുത്തി സര്‍വ്വകലാശാലയില്‍ നന്നും നാഗാര്‍ജ്ജുന, കോട്ടക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും അധ്യാപകര്‍ ഇവിടെ വന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നു. അവര്‍ ബിരുദം നേടി ഡോക്ടറേറ്റെടുക്കുമ്പോള്‍ അനുഭവം കൊണ്ട് ഡോക്ടറേറ്റു നേടിയ കമ്മത്ത് കോളേജിലും സ്കൂളിലും സസ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു.
സസ്യപരിപാലനത്തിനായി ദിവസവും ഏറെ നേരം ചിലവിടുന്ന അദ്ദേഹത്തിന് നനയ്ക്കാന്‍ തന്നെ ദിവസവും മൂന്നരമണിക്കൂറിലേറെ സമയം വേണം. ജലസേചനത്തിനായി ഒരു കുളമുണ്ട്. കുളത്തില്‍ ധാരാളം മീനുകളും തവളകളും ഇരുന്നൂറിലേറെ ആമകളും സസുഖം കഴിയുന്നു. പശുക്കളെ വളര്‍ത്തുന്നതിനാല്‍ ഗോബര്‍ ഗ്യാസും വൈദ്യുതി ലാഭിക്കാനായി സോളാര്‍ പാനലുമുണ്ട്. പലതരം പൂക്കള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും ചുറ്റും വിവിധ ഇനം പക്ഷികളും ചിത്രശലഭങ്ങളും വട്ടമിട്ടു പറക്കുന്ന കാഴ്ച അതീവ ഹൃദ്യമാണ്.
നാല്പ്പതി അഞ്ചു വര്‍ഷമായി സ്വന്തം വനത്തെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന കമ്മത്ത് പതിനാറാം വയസ്സു മുതല്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിലുമുണ്ട്. കാരണക്കോടത്തെ സായ്ഹനശാഖയിലെ മുഖ്യശിക്ഷക് ആയിരുന്നു. പത്നി ആശാലത, മൂന്നു മക്കള്‍. രണ്ട് പെണ്മക്കളും അദ്ധ്യാപകര്‍. മകന് ബാങ്കിലെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ പാതതന്നെ പിന്തുടരുന്നു. 2013ല്‍ ബയോ ഡൈവേഴ്സിറ്റി സ്റ്റേറ്റ് അവാര്‍ഡ്, 2016ല്‍ വനമിത്ര അവാര്‍ഡ്, ആത്മയുടെ നിറകതിര്‍ അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മണ്ണിനേയും മരത്തിനേയും ഒരുപോലെ സ്നേഹിക്കുന്ന കമ്മത്തിന് മരണശേഷവും ഓര്‍മ്മിക്കപ്പെടാന്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കണമെന്നാണ് ആഗ്രഹം. പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ‘മൃതസജ്ഞീവനി’യുടെ കണ്ടെത്തലാണ് കമ്മത്തിന്റെ ജീവിതാഭിലാഷം. അതെ കമ്മത്ത് എപ്പോഴും തിരക്കിലാണ് യാത്രയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: