മരത്തെയും മൃഗത്തെയും മനുഷ്യനെക്കാളും മാനിക്കുന്ന വൈഷ്ണോയികളുടെ നാടാണ് രാജസ്ഥാനിലെ ജോധ്പൂര്‍. പ്രകൃതിക്കുവേണ്ടി സ്വന്തം ജീവന് നല്കാന് പോലും മടിയില്ലാത്തവരാണ് വൈഷ്ണോയികള്‍. അവരുടെ നാട്ടില്‍ 250 വര്‍ഷം മുന്‍പുണ്ടായ ഒരു ബലിദാനം ഇന്നും പരിസ്ഥിതി ചരിത്രത്തില്‍ ചുടുനിണമണിഞ്ഞ് കിടക്കുന്നത് അതിനാലാണ്.
നാടുവാഴിയുടെ കൊട്ടാരത്തിന് മേല്ക്കൂരയുറപ്പിക്കാന് കിങ്കരന്മാര് ജോധ്പൂരിലെ ഖെജാര്‍ലി ഗ്രാമത്തിലെത്തിയത് 250 വര്‍ഷം മുന്‍പ്. ഓമനിച്ചു വളര്‍ത്തിയ മരങ്ങളെവെട്ടി വറുതി വരുത്താനെത്തിയവരെ വൈഷ്ണോയികള്‍ തടഞ്ഞു. അവര്‍ക്കന്ന് വീര നായികയായെത്തിയത് ഗ്രാമീണ കുടുംബിനി, അമൃതാ ദേവി. വന്മരങ്ങളെ കെട്ടിപ്പിടിച്ചുനിന്ന് ആ ഗ്രാമീണര്‍ താണു കേണു, ‘ഈ മരങ്ങള്‍ പ്രകൃതിയുടെ ജീവനാണ്, വെട്ടരുത്’.
രാജകിങ്കരന്മാര്ക്ക് പക്ഷേ ക്ഷമയുണ്ടായിരുന്നില്ല. കോടാലികളുയര്ത്തി അവര്‍ പാഞ്ഞടുത്തു. കെട്ടിപ്പിടിച്ചു നിന്ന വൈഷ്ണോയികളെ ചേര്‍ത്ത് അവര്‍ ആ വന്‍ മരങ്ങളെ വെട്ടിവീഴ്ത്തി. അമൃതയടക്കം 350 ഗ്രാമീണരുടെ കബന്ധങ്ങള്‍ ആ മണല്‍മണ്ണില്‍ കിടന്ന് പിടഞ്ഞു. വിവരമറിഞ്ഞ് പശ്ചാത്താപ വിവശനായ നാടുവാഴി ഖെജാര്ലിയിലേക്ക് ഓടിയെത്തിയതും മരംവെട്ട് നിരോധിച്ചതുമൊക്കെ പിന്നത്തെകഥ. വനസംരക്ഷണത്തിനായി ആരംഭിച്ച ചിപ്കോ ആന്തോളന്‍ (നിശബ്ദ വിപ്ലവം) ജനിച്ചതിനു പിന്നില്‍ ഈ സംഭവമായിരുന്നു വെന്നത് 20-ാം നൂറ്റാണ്ടിലെ കഥ.
കാല് സഹസ്രാബ്ദത്തിനു ശേഷം അമൃതാദേവിയുടെ കഥ അതേ ജോധ്പൂര്‍ ജില്ലയില്‍ പുനര്സംഭവിച്ചിരിക്കുന്നു. റോഡ്വെട്ടാന്‍ ഗ്രാമത്തിലെ ബബൂല്‍ മരങ്ങള്‍ മുറിച്ചു തള്ളാനെത്തിയ ഗ്രാമത്തലവനെ (സര് പാഞ്ച്) യും കൂട്ടാളികളെയും കഷ്ടിച്ച് 20 കഴിഞ്ഞ ഒരു പെണ്‍കുട്ടിയാണ് തടഞ്ഞത്. പേര് ലളിതാ ദധീച്ച്. ലളിതയ്ക്കും കിട്ടിയത് അമൃതയുടെ അതേ വിധി. മരംവെട്ടു സംഘം അവളെ പെട്രോളൊഴിച്ച് കത്തിച്ചു. 2017 മാര്‍ച്ച് 25 നാണ് ഈ ക്രൂരത അരങ്ങേറിയതെന്ന് ലളിതയുടെ സഹോദരന് വിദ്യാധരന് പോലീസിനു നല്കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍പാഞ്ചും കൂട്ടരുമെത്തിയപ്പോള്‍ ലളിതയും കൂട്ടുകാരികളും വയലില്‍ പണിയെടുക്കുകയായിരുന്നത്രെ. വയലില്‍നിന്നാണ് മരങ്ങളെ രക്ഷിക്കാന്‍ ലളിതയും കൂട്ടുകാരികളും ഓടിയെത്തിയത്.
വാര്‍ത്തകളുടെ മുന്‍ഗണനാ ക്രമം സ്വന്തം ഓഫീസ് മുറിയിലിരുന്ന് നിശ്ചയിക്കുന്ന മാധ്യമ ഹിരണ്യകശിപുമാര്ക്ക് ലളിതയുടെ അരുംകൊല വലിയൊരു വാര്‍ത്തയായില്ല. പരിസ്ഥിതി പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തരും പ്രതികരിച്ചുമില്ല. പക്ഷേ ജോധ്പൂരില്‍ ലളിതയുടെ മരണം വലിയൊരു വിവാദത്തിന് തുടക്കമിട്ടു.
വഴിവെട്ടാന് വന്ന സര്‍പാഞ്ച് കൊലനടത്തിയിട്ടില്ലെന്ന് ഒരുവാദം. മരംമുറി തടയാന്‍ ലളിത ആത്മഹത്യ ചെയ്തുവെന്ന് മറ്റൊരു വാദം. അതിനിടെ രാഷ്ട്രീയവും ജാതിയുമൊക്കെ കടന്നുവന്നു. പ്രക്ഷോഭണവുമായി ആദ്യം എത്തിയത് പ്രകൃതി സ്നേഹികളായ വൈഷ്ണോയികള്‍ തന്നെ. പക്ഷപാത രഹിതമായ ഉന്നതതല അന്വേഷണമാണവര് ആവശ്യപ്പെട്ടത്. രാജസ്ഥാന് ബ്രാഹ്മണ മഹാസഭയുടെ ആവശ്യം ലളിതയെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു; ഒപ്പം അവര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നും. എന്നാല്‍ മേവാര്‍ രാജപുത് മഹാസഭ പറയുന്നത് ലളിതാസംഭവം ഒരു രാഷ്ട്രീയ പകപോക്കലാണന്നത്രെ. സര്‍പാഞ്ച് നിരപരാധിയാണെന്നവര് വാദിക്കുന്നു.
സര്പാഞ്ചിനൊപ്പം മരം വെട്ടാന്‍ വന്ന പട്വാരിയെ അറസ്റ്റ് ചെയ്താല്‍ വന്‍ പ്രക്ഷോഭം നടത്തുമെന്നാണ് പടട്വാരികളുടെ സംഘടന പറയുന്നത്. പട്വാരി മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണത്രെ ചെയ്തത്. എന്തായാലും കുറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എങ്കിലും ഇതൊരു സൂചനയാണ്. ഭാരതത്തിലെ ഗ്രാമീണ മനസ്സുകളില്‍ അമൃതാദേവിമാര് ഇന്നും ജീവിക്കുന്നുവെന്ന സൂചന. അവരുടെ മനസ്സില്‍ ഹരിതഭാരതം വളര്‍ന്ന് പടര്‍ന്നു നില്ക്കുന്നുണ്ടെന്ന സൂചന. ഒരു പക്ഷേ കൃഷ്ണ മൃഗത്തെ വേട്ടയാടിക്കൊന്ന മസില്‍മാനായ സിനിമാ താരത്തിന്റെ കാര്യത്തിലെന്നപോലെ സര്‍പാഞ്ചും കൂട്ടരും ഒളിച്ചുകളി തുടര്‍ന്നേക്കാം. പക്ഷേ ലളിതാ ദധീച്ചിന്റെ രക്തസാക്ഷിത്വം ഒരിക്കലും വെറുതെയാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: