ഈയാഗോവിനെയും യൂദാസിനെയും
ഹൃദയത്തിലേറ്റി ദേശാന്തരം കടന്നു.
പലരേയും ചിരിച്ചുകൊണ്ട് കരയാന്‍ പഠിപ്പിച്ചു
സംശയത്തിന്റെ കിളികള്‍ ചിലക്കാതിരിക്കാന്‍
ഇര ഇട്ടുകൊണ്ടിരുന്നു.
ചേര്ന്നുനിന്നവനെ കൂടുതല്‍
ചേര്‍ത്തുപിടിച്ചു.
നാവിനാലിരുണ്ടുറഞ്ഞ മിഴിനീരനക്കാതെ
പകല്ക്കിനാവുണ്ടെന്ന് ചൊല്ലികൊടുത്തു.
കരുപിടിപ്പിക്കുന്ന കുരുക്കുകള്‍
കണ്ട് തലയ്ക്കു മുകളില്‍
സൂര്യന് ചിരിച്ചിട്ടുണ്ടാകാം.
ഇരുട്ടിലും വെളിച്ചത്തിലും
കോരിക്കൂട്ടിയ നീലത്തടാകത്തില്‍
തിട്ടമില്ലാതെ പലരും കൈകാലിട്ടടിച്ചു.
ഒച്ചവെയ്ക്കാതെ ജീവിതത്തോണിയിലിരുന്ന്
വേണ്ടുവോളം ആസ്വദിച്ചു.
വെളിച്ചത്തിലും ഇരുട്ടിലും
കിനാവള്ളിപോലെ ചിരിച്ചു.
സായാഹ്നത്തിലെകുത്തൊഴുക്കില്
കാല് വഴുതിയപ്പോഴും സൂര്യന്
തലയ്ക്കുമുകളില്‍ ചിരിച്ചുകൊണ്ടിരുന്നു.
ഈച്ച ദണ്ഡിച്ച് ഉള്ളാടന്‍ കൊണ്ടുപോയി
എന്ന് ഒരു തത്ത
പാടിക്കൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: