രാമപുരം: ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിക്കാന്‍ സൂക്ഷിച്ച പണം കരള്‍രോഗം ബാധിച്ച കുരുന്നുകള്‍ക്ക് നല്കി കൊച്ചു മജീഷ്യന്‍ കണ്ണന്മോന് മാതൃകയായി. വിവിധ വേദികളില്‍ മാജിക്ക് പ്രോഗ്രാം നടത്തിയതിലൂടെ ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം ഗുരുവായൂരപ്പന് കാണിക്കയായി നല്കാന് കണ്ണന് മോന് സൂക്ഷിച്ചു വച്ചിരുന്നു. ഇതിനിടെയാണ് കരള്‍ രോഗം പിടിപെട്ട കുരുന്നുകളായ രാമപുരം അമ്പലപ്പുറത്ത് അജേഷ് (11), അലീന (8), അജീഷ (6) എന്നിവരുടെ കദനകഥ പത്രത്തിലൂടെ അറിയുകയും രാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കുള്ള ചികിത്സാ സഹായ ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്ന വിവരവും വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥികൂടിയായ കണ്ണന് മോന് അറിഞ്ഞത്. തുടര്‍ന്ന് അച്ഛനമ്മമാരോടും സ്കൂള്‍ ഹെഡ്മാസ്റ്റര് സാജന് ആന്റണിയോടും തന്റെ വിഹിതമായി ഗുരുവായൂരപ്പന് സമര്‍പ്പിക്കാന്‍ വച്ചിരുന്ന തുകയായ 2,500 രൂപാ നല്‍കാമെന്ന് കണ്ണന്മോന് പറയുകയായിരുന്നു.
ഇന്നലെ രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഉദ്ഘാടനത്തിനെത്തിയ വികാരി ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേലിന് തുക സമര്‍പ്പിക്കാന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് സാജന് ആന്റണിക്കൊപ്പമാണ് കണ്ണന്മോന് എത്തിയത്. സഹജീവികളുടെ വേദനയില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിക്കാന്‍ ഒരു കൈത്താങ്ങ് എങ്കിലും നല്കാന് തയ്യാറായ കണ്ണന് മോനെ ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേലും സമ്മേളനത്തില്‍ പങ്കെടുത്ത രാമപുരം പഞ്ചായത്ത് പ്രസിഡന്റ് മാത്യു എബ്രഹാമും പഞ്ചായത്ത് മെമ്പര്‍മാരായ സണ്ണി പൊരുന്നക്കോട്ട്, ഷൈനി സന്തോഷ്, രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സജി കുര്യാക്കോസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ആന്‍സമ്മ, റ്റി.എന്‍ വിശ്വന് എന്നിവരും അഭിനന്ദിച്ചു.
ഏഴാച്ചേരി തുമ്പയില്‍ സുനില്‍ കുമാര്‍ – ശ്രീജ ദമ്പതികളുടെ മകനാണ് കണ്ണന്. കരള്‍രോഗം ബാധിച്ചവര്‍ക്കായി ഇന്ന് നാടാകെ കൈകോര്‍ക്കും. രാമപുരം പഞ്ചായത്തിലെ 18 വാര്‍ഡുകളിലും രൂപീകരിച്ച ജീവന് രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ഇന്നുരാവിലെ 9 മുതല്‍ 2 വരെ പഞ്ചായത്തിലെ ഓരോ വീടും കയറിയിറങ്ങി സഹായധനം സമാഹരിക്കും. അഞ്ചുമണിക്കൂറിനുള്ളില്‍ 30 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. എല്ലാ ഗ്രൂപ്പുകളും രൂപീകരിച്ച തുക രണ്ട് മണിക്ക് ശേഷം രാമപുരം പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വച്ച് എണ്ണി തിട്ടപ്പെടുത്തി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: