കടുത്തുരുത്തി: ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ വധശ്രമം. മദ്യവും മയക്കുമരുന്നും സംഘം ചേര്‍ന്ന് പരസ്യമായി ഉപയോഗിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയതിനാണ് ബിജെപി വാര്‍ഡ് കണ്‍വീനര്‍ ബിജുവിനേയും സഹപ്രവര്‍ത്തകനായ അഖിലിനുനേരെയാണ് വധശ്രമം നടന്നത്. മുതുക്കുളത്തെ എസ്എഫ്ഐ നേതാവായ രാജ്മോഹന്‍ (19), സാബു (49) എന്നിവരുടെ നേതൃത്വത്തില്‍ വടിവാള്‍, കമ്പിവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമണം. പെരുവയ്ക്കു സമീപം ചളുവേലിയില് രാജ്മോഹന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം കഞ്ചാവടക്കമുള്ള മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും നടത്തുന്നത് പതിവാണ്.
സ്ത്രീകളെ കമന്റടിക്കുന്നതും കുട്ടികളെ പുലഭ്യം പറയുന്നതും നാട്ടുകാര്‍ പലപ്പോഴും ചോദ്യം ചെയ്തത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഗുണ്ടാസംഘത്തിന്റെ ഭീഷണിയില്‍ ഭയന്ന് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബിജു പരസ്യമദ്യപാനത്തേയും മയക്കുമരുന്ന് ഉപയോഗത്തേയും സംബന്ധിച്ച് കടുത്തുരുത്തി എക്സൈസ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എക്സൈസ് സംഘം ചളുവേലിയിലും പരിസരപ്രദേശത്തും പെട്രോളിംഗ് നടത്തിയിരുന്നു. ഈ സമയം ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അതിനുശേഷമാണ് ബിജെപി മഹാസമ്പര്‍ക്ക അഭിയാന് പരിപാടിയുടെ ഭാഗമായി വീടുകളില്‍ സമ്പര്‍ക്കം നടത്തുകയായിരുന്ന ബിജുവിനെയും കൂടെയുണ്ടായിരുന്ന അഖിലിനേയും അക്രമിസംഘം വടിവാള്‍കൊണ്ട് വെട്ടിയും കമ്പിവടികൊണ്ട് അടിച്ചു വകവരുത്തുവാന്‍ ശ്രമിച്ചത്. കാലില്‍ ഗുരുതരമായ പരിക്കേറ്റ ബിജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ രാജ്മോഹനെയും സാബുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവം സംബന്ധിച്ചു വെള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്കുന്നതിനായി ബിജെപി നേതാക്കളെത്തിയപ്പോള്‍ പ്രതികളെ ആരോഗ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് സ്റ്റേഷനുവെളിയില്കൊണ്ടുപോയ പോലീസ് അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കും മര്‍ദ്ദനമേറ്റു എന്ന് പറഞ്ഞ് ബിജുഅടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുന്നതിനുള്ള നീക്കത്തിലാണ് പോലീസ്. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സിപിഎം പിന്തുണയോടെ മയക്കുമരുന്ന് മാഫിയസംഘം ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വധശ്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പെരുവയില്‍ പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി.
പൊതുയോഗം പട്ടിജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് സേവാ പ്രമുഖ് കെ.കെ. സനല്‍കുമാര്‍, ഷാജു മൂര്‍ക്കാട്ടില്‍, സജീവ്, ഇ.ആര്. സോമന്, ജയന് മൂര്‍ക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: