പൊന്‍കുന്നം: ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്ന മരങ്ങള്‍ വെട്ടിമുറിച്ച് മാറ്റണമെന്ന പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവിന്റെ മറവില്‍ വ്യാപകമായി മരം വെട്ടിമാറ്റുന്നു. കോതമംഗലം നെല്ലിമറ്റത്ത് സ്കൂള്‍ വാഹനത്തിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഇറക്കിയ ഉത്തരവാണ് ദുര്‍വിനിയോഗം ചെയ്യുന്നത്. പാഴ്മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഈ ഉത്തരവാണ് വനം-മരമാഫിയ്ക്ക് ചാകരയായത്. കേന്ദ്ര-സംസ്ഥാന വനം നിയമങ്ങളില്‍ ഇല്ലാത്ത പാഴ്മരം ഏത് എന്ന അന്വേഷണത്തിലാണ് പ്രകൃതി സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും. പാഴ്മരം എന്ന വാക്കുപോലും വന നിയമത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ വനവല്‍ക്കരണത്തിന് ചിലവഴിക്കുന്ന സര്‍ക്കാര്‍ ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് വിമര്‍ശനം ക്ഷണിച്ചു വരുത്തി. പാഴ്മരം വച്ച് പിടിപ്പിക്കുന്നതിനാണോ കോടികള്‍ ചിലവഴിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നു. പാഴ്മരം എന്ന വാക്കുകൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.
ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഉള്ള അപേക്ഷകള്‍ ജില്ലാ കളക്ടര്‍മാരുടെ പരിഗണനയ്ക്കെത്തി. ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു. ഏറെയും പാഴ്മരങ്ങള്‍ അല്ലാത്തവയാണ്. അപേക്ഷകളുടെ ആധിക്യം കണ്ട് പകച്ചുപോയ മിക്ക ജില്ലാ ഭരണാധികാരികളും മരം മുറിക്കുന്ന നടപടി താല്‍ക്കാലികമായി മരവിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ മരം മാഫിയയെ സഹായിക്കുന്ന നടപടിയായി മാറി ഉത്തരവ്. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് മരങ്ങള്‍ മുറിച്ചു മാറ്റി. എന്നാല്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും യഥാര്‍ത്ഥത്തില്‍ ഭീഷണിയായ മുറിച്ചുവിറ്റാല്‍ ലാഭകരമല്ലാത്ത മരങ്ങള്‍ പല സ്ഥലത്തും മുറിച്ചു മാറ്റുന്നതിന് ഇനിയും നടപടി സ്വീകരിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: