തിരുവനന്തപുരം: മനോരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നംഗ കുടുംബത്തിന് തണലേകാന്‍ ആശ്രയ രംഗത്തെത്തി. നെയ്യാറ്റിന്‍കര കൊല്ലോട് അന്തിയൂര്‍കോണം പഌവിള വീട്ടില്‍ കെ. പ്രതാപചന്ദ്രന് (62), മക്കളായ ജ്ഞാനേന്ദ്രകുമാര്‍ (30), പത്മകുമാര്‍(25) എന്നിവരെ കൊട്ടാരക്കര കലയപുരം ആശ്രയ ഏറ്റെടുക്കുന്നു.
മൂവരും ഇപ്പോള്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. പ്രതാപചന്ദ്രന്റെ ഭാര്യ ജയകുമാരി മനോരോഗത്തെ തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഒന്നരമാസത്തോളം ചികിത്സയിലായിരുന്ന ഇവര്‍ ജൂണ്‍ 15ന് ആണ് മരിച്ചത്.
ജയകുമാരിയുടെ മരണവാര്‍ത്ത മക്കളെ ഇതുവരെ അറിയിച്ചിട്ടില്ല. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു കഴിഞ്ഞ മൂത്തമകന് അട്ടക്കുളങ്ങര എംപി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സിന് പഠിക്കുമ്പോഴാണ് മനോരോഗിയായത്. പത്മകുമാര്‍ ബാംഗ്ലൂരില്‍ ബിഎസ്സി നഴ്സിംഗ് പഠിക്കുമ്പോഴായിരുന്നു രോഗം പിടിപ്പെട്ടത്. ഇരുവര്‍ക്കും മനോരോഗം നിമിത്തം പഠനം പൂര്‍ത്തീകരിക്കാനായില്ല.
നാലുസെന്റ് ഭൂമിയും ഒരു ചെറുവീടുമാണ് ആകെയുള്ള കുടുംബസ്വത്ത്. ആശുപത്രി വിട്ടാല്‍ സംരക്ഷിക്കാനോ സമയാസമയങ്ങളില്‍ മരുന്നുകൊടുക്കുവാനോ ആളില്ലാതെ പ്രയാസപ്പെടുന്നതിനാലാണ് ഈ കുടുംബത്തെ ആശ്രയ ഏറ്റെടുക്കുന്നത്. രോഗം ഭേദമാകുന്നമുറയ്ക്ക് മൂവരെയും ആശ്രയയുടെ തിരുവനന്തപുരത്തെ ശാഖയായ സേവാഗ്രാമിലേക്ക് പുനരധിവസിപ്പിക്കും. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നാളെ രാവിലെ 10ന് മൂന്നംഗ കുടുംബത്തെ ജസ്റ്റിസ് ഡി. ശ്രീദേവി ഏറ്റെടുത്ത് ആശ്രയയ്ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: