ആലുവ: പോലീസിനെ കണ്ട് പെരിയാറില്‍ ചാടിയ പീഡനകേസിലെ പ്രതിയെ പരിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഹബീബ്ബുള് റഹ്മാനെയാണ് റിമാന്‍ഡ് ചെയ്തത്. ഭര്‍ത്താവിന് സുഖമില്ലെന്ന് പറഞ്ഞ് പശ്ചിമ ബംഗാളില്‍ നിന്ന് യുവതിയെ കേരളത്തിലെത്തിച്ച് മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇന്നലെ പോലീസിനെ കണ്ട് പെരിയാറില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആലുവ സി.ഐ ടി.ബി. വിജയനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കൂട്ടുപ്രതി അനറുള്‍ റഹ്മാന് ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവിന് മൂവാറ്റുപുഴയിലാണ് ജോലി. ഇയാളുടെ സുഹൃത്തുകളാണ് പ്രതികള്‍.
ഭര്‍ത്താവിന് സുഖമില്ലെന്നും പരിചരിക്കാനായി നാട്ടില്‍ വരണമെന്നും പറഞ്ഞ് ഒളിവില്‍ കഴിയുന്ന അനറുള്‍ റഹ്മാന് യുവതിയെ കേരളത്തിലെത്തിക്കുകയായിരുന്നു. ഹബ്ബീബുള് നേരത്തെ താമസിച്ചിരുന്ന മുടിക്കലിലെ വീട്ടിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അവിടെ നിന്നും രക്ഷപെട്ട യുവതി പശ്ചിമ ബംഗാളിലേക്കു മടങ്ങി. അവിടുത്തെ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഹബ്ബീബുളിനെ തിരക്കി മുടക്കലിലെ വീട്ടിലെത്തിയുരുന്നെങ്കിലും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് മാറമ്പിള്ളി പാലത്തിനു സമീപം നില്ക്കുന്നതായി വിവരം ലഭിച്ചതറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പുഴയില്‍ ചാടുകയായിരുന്നു. നാട്ടുകാരുടെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്. യുവതിയെ കണ്ടെത്തുന്നതിനും തുടരന്വേഷണത്തിനുമായി പ്രത്യേക പോലീസ് സംഘത്തെ പശ്ചിമ ബംഗാളിലേക്ക് അയക്കുമെന്നും സി. ഐ അറിയിച്ചു. സീനിയര്‍ പോലീസ് ഓഫീസര്‍ ഇബ്രാഹിംകുട്ടി, സിജന് മനോജ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: