അജി ബുധന്നൂര്‍
തിരുവനന്തപുരം: തനതു ഫണ്ടില്ലാതെ കേന്ദ്രഫണ്ടിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന തിരുവനന്തപുരം നഗരസഭയ്ക്ക് ഹൈക്കോടതി വിധി ആശ്വസമാകുന്നു. കോടികളുടെ നികുതി വരുമാനം നഷ്ടമാകില്ല. കഴക്കൂട്ടം നഗരസഭ രൂപീകൃതമായിരുന്നെങ്കില് നഷ്ടമാകുന്നത് കോടികളുടെ നികുതി വരുമാനമായിരുന്നു; അതോടൊപ്പം മെട്രോ പദവിയും. പദവി നഷ്ടമായാല്‍ വികസനത്തിന് ഫണ്ടില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിലാകുമായിരുന്നു തിരുവനന്തപുരം നഗരസഭ
മെട്രോ നഗരത്തിന് 10 ലക്ഷം ജനസംഖ്യ ഉണ്ടാകണം. കഴക്കൂട്ടം പ്രദേശത്തെ നഗരസഭയില്‍ നിന്ന് അടര്‍ത്തി മാറ്റിയാല്‍ ജനസംഖ്യ കുറയും. ഇതോടെ മെട്രോ പദവി നഷ്ടമാകും. കേന്ദ്ര ഫണ്ടുകളായ കെഎസ്യുഡിപി, ബിഎസ്യുപി, ജന്റം എന്നീ പദ്ധതികളില്‍ നിന്നു ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ കേന്ദ്രസഹായം ഇതോടെ നിലയ്ക്കും. തലസ്ഥാന നഗരത്തിലെ നഗരസഭ ഇതോടെ പാപ്പരാകുമെന്ന് അവസ്ഥയിലേക്കു നിങ്ങും.
ടെക്നോപാര്‍ക്ക്, ഐഎസ്ആര്‍ഒ, കിന്‍ഫ്ര, നാഷണല്ഗെയിംസിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തുടങ്ങിയവയെല്ലാം കഴക്കൂട്ടം പരിധിയിലാണ്. മൂന്ന് കോടിയിലധികം രൂപയാണ് വാര്‍ഷിക തൊഴില്‍ നികുതി ഇനത്തില്‍ നഗരസഭയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിനികുതി ഇനത്തില്‍ വെറെയും.ഹൈക്കോടതി വിധിയോടെ നഗരസഭയ്ക്ക് ആശ്വസിക്കാം. കോടികളുടെ നികുതി തങ്ങളുടെ ഖജനാവില്‍ എത്തിച്ചേരുമെന്ന്.
നഗരസഭ രൂപീകരണത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളായിരുന്നു. നിരവധി ജീവനക്കാരെയാണ് പുതിയ നഗരസഭ രൂപീകരണത്തിനായി രാപകലില്ലാതെ പണിയെടുപ്പിച്ചത്. വീട്ട് നമ്പര്‍ പുതുക്കി നല്‍കിയാലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടേഴസ് ലിസ്റ്റ് തയ്യാറാക്കാന്‍ സാധിക്കൂ. ഇത്തരത്തില്‍ വീടുകള്‍ക്ക് നമ്പര്‍ നല്‍കിയശേഷം പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടേഴസ് ലിസ്റ്റ് തയ്യാറാക്കി. ഇതിനെല്ലാം കൂടി ചെലഴിച്ചത് കോടികള്‍. കഴക്കൂട്ടം നഗരസഭ രൂപീകൃതമായിരുന്നെങ്കില് നഗരസഭയില്‍ നൂറ് വാര്‍ഡ് എന്നതും കുറയുമായിരുന്നു.
ലീഗിന്റെ എടുത്ത്ചാട്ടമാണ് കഴക്കൂട്ടം നഗരസഭ രൂപീകരണം പാളാന്‍ കാരണം. നഗരസഭ രൂപീകരണത്തില്‍ നിന്നു മാറി താലൂക്ക് രൂപീകരണമായിരുന്നെങ്കില് എതിര്‍പ്പുകള്‍ ഉണ്ടാകുമായിരുന്നില്ല. കഴക്കൂട്ടത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും താലൂക്ക് രൂപീകരണമാണ്. വ്യക്തമായ ഗ്യഹപാഠം ഇല്ലാതെയാണ് കഴക്കൂട്ടം നഗരസഭ രൂപീകരണം നടത്തിയത്. പഞ്ചായത്തിരാജ് ചട്ടങ്ങളുടെ ലംഘനവുമായിരുന്നു . ഇതു സംബന്ധിച്ച് നിരവധി കോടതി വിധികള്‍ നിലനില്‍ക്കുന്നുണ്ട്. ഉയര്‍ത്തിയതിനെ താഴ്ത്താന്‍ പാടില്ലെന്നായിരുന്നു കോടതി ഇതിനുമുമ്പ് പ്രസ്താവിച്ചിട്ടുള്ള വിധികളുടെ പ്രസക്തഭാഗം.
നഗരസഭ ഭൂപരിധി കഴിഞ്ഞ തവണ വകിസിപ്പിച്ചപ്പോള് വിഴിഞ്ഞം, നേമം പഞ്ചായത്തുകളെ നഗരസഭയോട് കൂട്ടിച്ചേര്‍ത്തിരുന്നു. ആദ്യം ഈ പ്രദേശത്തുകാര്‍ സന്തോഷിച്ചിരുന്നെങ്കിലും കെട്ടിടനികുതി, ടെലിഫോണ്‍ വാടക ഇനത്തിലെ നിരക്ക് വര്‍ദ്ധന കണക്കിലെടുത്ത് കൂട്ടിച്ചേര്‍ത്ത ഭാഗം തിരികെ പഞ്ചായത്ത് ആക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജനപ്രക്ഷോഭം വരെ നടന്നു. കോടതികളില്‍ നല്കിയ ഹര്‍ജികളില്‍ തീര്‍പ്പ് കല്പിച്ചത് ഉയര്‍ത്തിയ വാര്‍ഡുകളെ തിരികെ തരംതാഴ്ത്താന്‍ പാടില്ല എന്നായിരുന്നു. ഇത്തരത്തിലുള്ള കോടതി വിധികള്‍ ഉണ്ടായിരുന്നിട്ടും കോടികള്‍ തുലയ്ക്കാന്‍ സര്‍ക്കാരിലെ ചിലര്‍ നടത്തിയ ഗൂഢനീക്കമായിരുന്നു കഴക്കൂട്ടം നഗരസഭ രൂപീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: