തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ മുന്നാം ഘട്ട വികസനത്തിനും കൊല്ലം ടെക്നോപാര്‍ക്കിന്റെ സ്ഥലമേറ്റെടുക്കലിനും അടിസ്ഥാന വികസനത്തിനുമായി 997.65 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാര്‍ക്കിനെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചവരെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് ഉടന്‍ ഭരണാനുമതി നല്‍കും.ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തില്‍ അമേരിക്കന്‍ കമ്പനിയായ ടോറസ് 1500 കോടിയുടെ വിദേശ നിക്ഷേപത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് ഉടന്‍ കരാര്‍ ഒപ്പുവയ്ക്കും. സംസ്ഥാനത്തിന് പുറത്ത് മലയാളികളുടെ വലിയ വിജയകഥകളുണ്ടെങ്കിലും ആധുനിക കേരളത്തിന്റെ ഏറ്റവും വലിയ വിജയകഥയാണ് ടെക്നോപാര്ക്കിന്റേത്. ഇത് അനുഭവപാഠമാകണം. കേരളത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഒരുമയും ലക്ഷ്യബോധമില്ലാത്തതുകൊണ്ടുമാണ്. ഐടി മേഖലയില്‍ ഏറ്റവുമധികം മുന്നേറേണ്ട കേരളവും ഈ മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള കര്‍ണാടകയും തമ്മിലുള്ള വ്യത്യാസം നമ്മെ എല്ലാവരെയും ദു:ഖിപ്പിക്കും. ഈ സാഹചര്യത്തിലാണ് ഐ.ടി സേവനമേഖലയിലും ഡിജിറ്റല്‍ രംഗത്തും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് കേരളത്തെ എത്തിക്കാന്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തുന്നത്.ടെക്നോപാര്‍ക്കിന്റെ 25 വര്‍ഷത്തെ വിജയഗാഥ ഇവിടെ അവസാനിക്കുന്നില്ല. ഇത് ഇനിയും തുടരും.കേരളത്തിലെ ചെറുപ്പക്കാര്‍ വിദേശത്തേയ്ക്ക് പോകേണ്ടവരല്ല. കേരളത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെക്നോപാര്‍ക്കിലെ കമ്പനികളില്‍നിന്ന് ഈടാക്കുന്ന വാടക കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ച ഐടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. ടെക്നോപാര്‍ക്കിന്റെ സാക്ഷാത്കാരത്തില്‍ പങ്കാളികളായ മുന്‍കാല പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ സിഇഒ മാരായ ജി.വിജയരാഘവന്, കെ.സതീഷ് കുമാര്‍, ആര്.രാധാകൃഷ്ണന് നായര്‍, വി.ജെ. ജയകുമാര്‍, മെര്വിന് അലക്സാണ്ടര്‍, വിവിധ മേഖലകളിലെ വിദഗ്ധരായ ഐ.കെ.നായര്‍, എം.ആര് നാരായണന്, ഡോ.എം.സി ഗുപ്ത, ഡോ. ഉണ്ണികൃഷ്ണ പിള്ള, ജോണ്‍ മത്തായി, എല്‍.രാധാകൃഷ്ണന് , പി.എച്ച് കുര്യന്, ഗോപിനാഥന് നായര്‍, മുരളി, കെ.രാമചന്ദ്രന് , എം.വാസുദേവന്‍, കെ.സി ചന്ദ്രശേഖരന് നായര്‍ ,ആര്.വീരമണി, ആര്. ചിത്ര, ഗീത ഗോപാലകൃഷ്ണന്, ജെയ്സമ്മ, അശോകന് എന്നിവരെ അനുമോദിച്ചു.ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ പ്രതിധ്വനി സമാഹരിച്ച 1000 പേരുടെ അവയവ ദാന സമ്മതപത്രവും കാര്‍ കഴുകുന്ന വനിതാ ജീവനക്കാര്‍ കാന്‍സര്‍ നിധിയിലേക്ക് സ്വരൂപിച്ച 75,000 രൂപയും ചടങ്ങില്‍ കൈമാറി.
എം.എ. വാഹിദ് എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, കൗണ്‍സിലര്‍ ശോഭ ശിവദത്ത്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയന് , അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറമ്പില്‍പാലം നിസാര്‍, പേരയം പഞ്ചായത്ത് പ്രസിഡന്റ് ഷാജി വട്ടത്തറ, ടെക്നോപാര്‍ക്ക് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം വി.കെ മാത്യൂസ് എന്നിവര്‍ സംസാരിച്ചു.ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് സ്വാഗതവും ടെക്നോപാര്‍ക്ക് സിഇഒ കെ.ജി ഗിരീഷ് ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ് സംഗീതപരിപാടി അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: