ന്യൂദല്‍ഹി: ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയാല്‍ മദ്യനയം റദ്ദാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സര്‍ക്കാര്‍ എടുത്തത് നയപരമായ തീരുമാനമാണെന്നും ഇതു റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേരള സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേല് ഒരാഴ്ചയായി തുടര്‍ന്ന വാദം ഇന്നലെ അവസാനിച്ചു. കേസ് വിധി പറയുന്നതിനായി മാറ്റിയിട്ടുണ്ട്.
പുതിയ മദ്യനയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മദ്യക്കച്ചവടം ചെയ്യുന്നതിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് അതു നിഷേധിക്കാനാവില്ലെന്നും ബാറുടമകള്‍ വാദിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്കുന്ന സര്‍ക്കാര്‍ നയം തുല്യതയ്ക്കുള്ള അവകാശത്തിനെതിരാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് നയം ഭരണഘടനാവിരുദ്ധമാണെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.
കോടതിയില്‍ ഹാജരാക്കിയ കണക്കുകള്‍ പരിശോധിച്ചശേഷം പുതിയ മദ്യനയം നടപ്പാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് വ്യക്തമായാല്‍ മദ്യനയം റദ്ദാക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ മദ്യനയം ആവിഷ്കരിച്ചതെന്നും പരാജയമാണെന്ന് കണ്ടാല്‍ എല്ലാ ബാറുകള്‍ക്കും ലൈസന്‍സ് തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും കപില്‍ സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: