കൊയിലാണ്ടി: പാര്‍ട്ടി വിമതന് വിഎസ് അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തില്‍ അംഗീകാരം. അച്ചടക്ക നടപടി നേരിട്ട കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായിരുന്ന എന്‍.വി. ബാലകൃഷ്ണന്റെ ‘മതം ലൈംഗികത മൂലധനം പരിസ്ഥിതി’ എന്ന വിവാദ കൃതിയുടെ പ്രകാശന വേളയിലാണ് വി.എസ്. അച്യുതാനന്ദന് ഇന്നലെ പങ്കെടുത്തത്.
പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി. മോഹനനടക്കം എന്‍.വി.ബാലകൃഷ്ണനെ എതിര്‍ത്തിരുന്ന ഭൂരിഭാഗം നേതാക്കളും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. പ്രസംഗം എഴുതി വായിച്ച വിഎസ് തന്റെ പഴയ ശിഷ്യനെ ഏറെ പുകഴ്ത്തുകയും ചെയ്തു. പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായ ബാലകൃഷ്ണന് ഇപ്പോള്‍ ബ്രാഞ്ച് തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക നേതൃത്വം പൂര്‍ണ്ണമായും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയത കൊയിലാണ്ടിയില്‍ അവസാനിച്ചിട്ടില്ല.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ലഘുലേഖയില്‍ ബാലകൃഷ്ണനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തി ലക്ഷങ്ങള്‍ വെട്ടിച്ചെന്നും. ടി.പി. ചന്ദ്രശേഖരന് കേസില്‍ പി. മോഹനനെ കൊയിലാണ്ടിയില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള ഗൂഢാലോചന നടത്തിയെന്നും ബാലകൃഷ്ണനെതിരെ നോട്ടീസില്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ നോട്ടീസിലെ ഉള്ളടക്കത്തെ തള്ളിക്കളയുന്നുവെന്നായിരുന്നു വിഎസിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. കൊയിലാണ്ടിയില്‍ പാര്‍ട്ടിയെ ഏറെ ക്ഷീണിപ്പിച്ച വിഭാഗീയത അവസാനിപ്പിക്കാനുള്ള ശ്രമം പൂര്‍ണ വിജയത്തിലെത്തിയിട്ടില്ലെന്നാണ് ലഘുലേഖ തെളിയിക്കുന്നത്.
എന്നാല്‍ ബാലകൃഷ്ണനെതിരെ ദീര്‍ഘകാലമായി രംഗത്തുള്ള മുന്‍ എം.എല്‍.എ പി.വിശ്വന്, കെ.കെ. മുഹമ്മദ് എന്നിവര്‍ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. വിമത നീക്കം പാര്‍ട്ടിക്കേല്‍പിച്ച തിരിച്ചടിയാണ് സിപിഎം നേതൃത്വത്തിന്റെ മനംമാറ്റത്തിന് കാരണം
ചടങ്ങില്‍ കല്‍പ്പറ്റ നാരായണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, ബിനോയ് വിശ്വം, അനൂപ് ചന്ദ്രന്, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, എന്‍.വി. മുരളി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: