തിരുവനന്തപുരം: മഴയുടെ കുറവ് ഇക്കുറി വൈദ്യുതി ഉത്പാദനത്തില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല സോളാര്‍ എല്‍.ഇ.ഡി റാന്തലുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വര്‍ഷപാതമാണ് ഇക്കുറി രേഖപ്പെടുത്തിയത്. സാധാരണ കിട്ടുന്നതിന്റെ 40 ശതമാനം മഴ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 3700 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ജലവൈദ്യുതി പദ്ധതികളിലൂടെ 1600 മെഗാവാട്ടും കേന്ദ്രഗ്രിഡില്‍ നിന്ന് 1400 മെഗാവാട്ടും ബാക്കി 700 മെഗാവാട്ട് പുറമെ നിന്നുമാണ് ലഭ്യമാകുന്നത്. മഴ കുറയുന്നതോടെ ഈ സംവിധാനത്തില്‍ പ്രതിസന്ധിയുണ്ടാകും. ശേഷിക്കുന്ന മാസങ്ങളില്‍ കൂടുതല്‍ മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതികമ്മി രൂക്ഷമാകും.
അനര്‍ട്ടിന്റെ സോളാര്‍ എല്‍. ഇ.ഡി റാന്തലുകളുടെ സംസ്ഥാനതല വിതരണം മന്ത്രി നിര്‍വ്വഹിച്ചു. പാറ്റൂര്‍ ശ്രീവിദ്യാധിരാജ ബാലിക ഭവന് സ്കൂളില്‍ നടന്ന ചടങ്ങില്‍ അനര്‍ട്ട് ഡയറക്ടര്‍ ടി. മിത്ര ആദ്ധ്യക്ഷ്യം വഹിച്ചു. ടെക്നിക്കല്‍ ഓഫീസര്‍ ജെ.മനോഹരന് പദ്ധതി വിശദീകരിച്ചു.കൗണ്‍സിലര്‍ കുമാരി പത്മനാഭന്, അനര്‍ട്ട് ഡയറക്ടര്‍ പി.വത്സരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അനര്‍ട്ട് ജനറല്‍ മാനേജര്‍ എം. ഉണ്ണികൃഷ്ണന് സ്വാഗതവും ജില്ലാ എന്‍ജിനീയര്‍ സജീബ് എ. നന്ദിയും പറഞ്ഞു.
എല്‍ഇഡി, സിഎഫ്എല്‍ തുടങ്ങി രണ്ടുതരം സോളാര്‍ റാന്തലുകളാണ് അനര്‍ട്ട് വിതരണം ചെയ്യുന്നത്. സിഎഫ്എല്‍ റാന്തലിന് 2190 രൂപയും എല്‍ഇഡിക്ക് 2240 രൂപയുമാണ് വില. മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ എന്നിവര്‍ക്ക് ആയിരംരൂപ വീതവും പൊതുവിഭാഗത്തില്‍ 500 രൂപയും സബ്ഡിഡി ലഭിക്കും. ഈ വര്‍ഷം 43000 റാന്തലുകളാണ് വിതരണം ചെയ്യുക. തിങ്കളാഴ്ച മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. 15 മുതല്‍ വിതരണം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: