മൂന്നാർ: ബോണസ് പ്രശ്നം ഉന്നയിച്ച് കണ്ണൻ ദേവൻ കമ്പനിക്കെതിരെ സ്ത്രീ തൊഴിലാളികൾ നടത്തുന്ന സമരം ശക്തമായി. ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടതോടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. തൊഴിലാളികൾ റോഡ് ഉപരോധം തുടരുകയാണ്. രാത്രി വൈകി തൊഴിലാളികൾ പരിഞ്ഞുപോയി. രാവിലെ റോഡ് ഉപരോധിക്കാൻ വീണ്ടുമെത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പിരിഞ്ഞത്.
സിഐറ്റിയു, എഐറ്റിയുസി, ഐഎൻറ്റിയുസി തൊഴിലാളി യൂണിയനുകളുടെ വഞ്ചനയിൽ പൊറുതി മുട്ടിയ തൊഴിലാളികളാണ് ടാറ്റാ കമ്പനിക്കെതിരെ സമരത്തിന് തിരിഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെയാണ് സമരം മുന്നേറുന്നത്. ഇതോടെ തേയില ഫാക്ടറിയുടെ പ്രവർത്തനം നിലക്കുന്ന സ്ഥിതിയിലായി. ഒരു എസ്റ്റേറ്റിലും കിളുന്ത് നുള്ളുന്നില്ല.
നേതൃത്വമില്ലാത്ത സമരത്തിലേക്ക് തീവ്രസ്വഭാവമുള്ള സംഘടനകൾ കടന്നുകയറാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് വൻ പോലീസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ആത്മഹത്യചെയ്യാനുള്ള ശ്രമവും തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്യുന്നു.
എല്ലാ വർഷവും 19 ശതമാനമായിരുന്നു ഓണം ബോണസ്. എന്നാൽ ഈ വർഷം പത്ത് ശതമാനമാക്കി വെട്ടിക്കുറച്ചു. ഇതാണ് സമരത്തിന് കാരണമായത്. കൊച്ചി- ധനുഷ്കോടി ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചുകൊണ്ടുള്ള സമരമാണ് ആദ്യം നടന്നത്. സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ഉൾപ്പടെയുള്ളവർ സമരത്തിന് പിന്തുണയുമായി എത്തിയെങ്കിലും സമരക്കാർ അവരെ ഒഴിവാക്കി. ഇടുക്കിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സമരം അരങ്ങേറിയത്. ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത പ്രവർത്തകരെ നീക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ദേവികുളം ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം സമരക്കാരുമായി ചർച്ച നടത്തി. രണ്ട് ദിവസത്തിന് ശേഷമേ ചർച്ചയുള്ളൂ എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
സമരം നടത്തുന്ന തൊഴിലാളികൾ എല്ലാവരും തമിഴ് വംശജരാണ്. ഇതിനാൽ തന്നെ തന്ത്രപരമായ സമീപനം സ്വീകരിക്കേണ്ട സ്ഥിതിയും നിലനിൽക്കുന്നു. ബിഎംഎസ് ബിജെപി സംഘടനകൾ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും സമരത്തിനെതിരാണ്. രാത്രി വൈകിയും സമരക്കാർ റോഡ് ഉപരോധം തുടരുകയാണ് ജില്ലാകളക്ടർ മൂന്നാറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
രണ്ടാം ഘട്ട ചർച്ചയും
പരാജയപ്പെട്ടു
തിരുവനന്തപുരം: മൂന്നാറിലെ കണ്ണൻദേവൻ തോട്ടം തൊഴിലാളികളുടെ ബോണസ് പ്രശ്നം പരിഹരിക്കുന്നതിനായി ഇന്നലെ നടന്ന രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടു. മന്ത്രിമാരായ ഷിബുബേബി ജോണിന്റെയും ആര്യാടൻ മുഹമ്മദിന്റെയും സാന്നിധ്യത്തിലായിരുന്നു ചർച്ച.
ഞായറാഴ്ച്ച വീണ്ടും തൊഴിലാളി നേതാക്കളുമായി എറണാകുളത്ത് രാവിലെ 11 ന് ചർച്ചനടത്തുമെന്ന് മന്ത്രി ഷിബുബേബി ജോൺ അറിയിച്ചു. ഇരുപത് ശതമാനം ബോണസ്, നിലവിലെ കൂലി 231 രൂപയിൽ നിന്നും 500 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
അംഗീകൃത തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്കു മാത്രമെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് പ്രകാരം നിയമസാധുതയുള്ളുവെന്നത് സർക്കാരിനെ കുഴയ്ക്കുന്നുണ്ട്. അതേസമയം അംഗീകൃത തൊഴിലാളി സംഘടനകളെ തോട്ടം തൊഴിലാളികൾ തള്ളിപ്പറയുകയുമാണ്.
കമ്പനിയുടെ പ്രവർത്തനം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ പ്രവർത്തനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൻദേവൻ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: