മൂന്നാര്‍: മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന് എത്തുമെന്ന് പ്രഖ്യാപിച്ചത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി. തൊഴിലാളികള്‍ നടത്തുന്ന സമരത്തോട് സിപിഎം ജില്ലാഘടകത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഇതിനിടയിലാണ് വിഎസിന്റെ രംഗപ്രവേശന വിളമ്പരം.
ടാറ്റാ കമ്പനിയുമായി സിപിഎമ്മും സിഐടിയും രഹസ്യകരാര്‍ ഉണ്ടാക്കിയതായി സമരക്കാര്‍ ആക്ഷേപിക്കുന്നതിനിടയില്‍ സമരത്തിന് പിന്തുണയുമായി വിഎസ് എത്തുന്നത് ജില്ലാ നേതൃത്വത്തെ വിഷമത്തിലാക്കി. ഇന്നലെ എംഎല്‍എ രാജേന്ദ്രനെ സമരക്കാര്‍ ചെരുപ്പെറിഞ്ഞ് ഓടിച്ചതിന് പിന്നാലെ വിഎസ് എത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ വിഎസിന്റെ സന്ദര്‍ശനം പാര്‍ട്ടിയുടെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നാണ് വിഎസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇവരുടെ ആവശ്യപ്രകാരമാണ് വിഎസ് എത്തുന്നതെന്നും ആക്ഷേപമുണ്ട്.മൂന്നാര്‍ കയ്യേറ്റത്തിന്റെ പേരില്‍ മതികെട്ടാന്‍മലയിലും മറ്റ് കയ്യേറ്റ പ്രദേശങ്ങളിലുമെത്തി വിഎസ് ഉണ്ടാക്കിയ കോലാഹലവും പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണവും ചെറുതല്ല. ഇതാണ് മൂന്നാറിലും ആവര്‍ത്തിക്കാന്‍ പോകുന്നതെന്ന് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി.
പാര്‍ട്ടി ഇമേജല്ല, സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാനാണ് വിഎസിന്റെ മൂന്നാര്‍ സന്ദര്‍ശനമെന്നും ജില്ലാ നേതൃത്വം കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: