ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുള്ള യുണൈറ്റഡിന്റെ കുതിപ്പ്. ഏഴ് കളികളില്‍ നിന്ന് 16 പോയിന്റുമായാണ് യുണൈറ്റഡ് ഈ സീസണില്‍ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനോട്ട് 4-1ന് പരാജയപ്പെട്ടതോടെ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി.
അതേസമയം നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ ദയനീയ പ്രകടനം തുടരുകയാണ്. ലീഗിലെ ഏഴാം റൗണ്ട് മത്സരത്തില്‍ ചെല്‍സി ന്യൂകാസിലുമായി 2-2ന് സമനില പാലിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷം റാമിറസും വിലിയനും നേടിയ ഗോളുകളാണ് ചെല്‍സിക്ക് സമനില നേടിെക്കാടുത്തത്.
അതേസമയം പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ ശനിയാഴ്ച കാത്തിരുന്നത്. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം നാലെണ്ണം തിരിച്ചുവാങ്ങിയാണ് ടോട്ടനത്തിനോട് സിറ്റി തകര്‍ന്നടിഞ്ഞത്. 25-ാം മിനിറ്റില്‍ കെവിന് ഡിബ്രുയന് സിറ്റിയെ മുന്നിലെത്തിച്ചു. എന്നാല്‍ 45-ാം മിനിറ്റില്‍ എറിക് ഡയര്‍, 50-ാം മിനിറ്റില്‍ ആള്‍ഡര്‍ വെയ്റെള്ഡ്, 61-ാം മിനിറ്റില്ഹാരി കെയ്ന്‍, 79-ാം മിനിറ്റില്‍ എറിക് ലമേല എന്നിവര്‍ നേടിയ ഗോളുകളാണ് യുണൈറ്റഡിനെതിരെ സ്വന്തം തട്ടകത്തില്‍ ടോട്ടനത്തിന് മിന്നുന്ന വിജയം സമ്മാനിച്ചത്. ജയത്തോടെ 12 പോയിന്റുമായി ടോട്ടനം പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മറ്റൊരു എവേ മത്സരത്തില്‍ ആഴ്സണല്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലീസസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. ചിലിയന്‍ സൂപ്പര്‍താരം അലക്സി സാഞ്ചസിന്റെ ഹാട്രിക്കാണ് കളിയിലെ സവിശേഷത. 13-ാം മിനിറ്റില്‍ ജാമി വാര്‍ഡി ലീസസ്റ്ററിനെ മുന്നിലെത്തിച്ചു. എന്നാല്‍ 18-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടിലൂടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ട ആഴ്സണലിന് വേണ്ടി 33, 57, 81 മിനിറ്റുകളില്‍ സാഞ്ചസ് ലക്ഷ്യം കണ്ടു. പിന്നീട് ഇഞ്ചുറി സമയത്ത് ഒളിവര്‍ ജിറൗഡിലൂടെ ആഴ്സണല്‍ പട്ടിക പൂര്‍ത്തിയാക്കി. പിന്നീട് 89-ാം മിനിറ്റിലും ജാമി വാര്‍ഡി ലീസസ്റ്ററിന്റെ രണ്ടാം ഗോളും നേടി. വിജയത്തോടെ ആഴ്സണല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് കളികളില്‍ നിന്ന് 13 പോയിന്റാണ് ഗണ്ണേഴ്സിന്റെ സമ്പാദ്യം. പരാജയത്തോടെ 12 പോയിന്റുമായി ലീസസ്റ്റര്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആന്‍ഫീല്‍ഡില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ കീഴടക്കി. ഡാനിയേല്‍ സ്റ്ററിഡ്ജ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ജെയിംസ് മില്‍നറും ലിവര്‍പൂളിനായി വില്ല വലചലിപ്പിച്ചു. വില്ലയുടെ ഗോളുകള്‍ ഗസ്റ്റാഡെ നേടി. 7 കളികളില്‍ നിന്ന് 11 പോയിന്റുമായി ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മറ്റ് മത്സരങ്ങളില്‍ സതാംപ്ടണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെയും സ്റ്റോക്ക് സിറ്റി 2-1ന് ബേണിമൗത്തിനെയും പരാജയപ്പെടുത്തിയപ്പോള്‍ വെസ്റ്റ് ഹാം-നോര്‍വിച്ച് കളി 2-2ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: