തൃശൂര്‍: വനത്തിനോട് ചേര്‍ന്ന റവന്യു ഭൂമി പാവങ്ങള്‍ക്ക് പതിച്ച് നല്‍കണമെന്ന കാര്യത്തില്‍ മന്ത്രിമാര്‍ തമ്മില്‍ കടുത്ത ഭിന്നത. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് വനം മന്ത്രി തിരുവഞ്ചൂരും റവന്യു മന്ത്രി അടൂര്‍ പ്രകാശും തമ്മില്‍ കൊമ്പു കോര്‍ത്തത്. മന്ത്രിസഭ ചര്‍ച്ചകള്‍ പുറത്ത് പറയരുതെന്ന ചട്ടം ലംഘിച്ചാണ് വനം മന്ത്രി തിരുവഞ്ചുരുമായുണ്ടായ ഏറ്റുമുട്ടല്‍ മന്ത്രി അടൂര്‍ പ്രകാശ് തുറന്ന് പറഞ്ഞത്.
വനം മന്ത്രിയും താനും തമ്മിലുള്ള ഉണ്ടായ വക്കേറ്റത്തിന് മന്ത്രി സി.എന്‍.ബാലകൃഷ്ണന് സാക്ഷിയാണെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.
റവന്യുഭൂമി പാവങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. വനത്തോട് ചേര്‍ന്നുള്ള റവന്യുഭൂമിയും പാവങ്ങള്‍ക്ക് പതിച്ചുനല്‍കണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ റവന്യുഭൂമി വനഭൂമിയോട് ചേര്‍ത്ത് വനവല്ക്കരിക്കണമെന്നാണ് വനം മന്ത്രിയുടെ നിലാപാട്. റവന്യുവകുപ്പിന് അവാകശപ്പെട്ട ഭൂമി വനം വകുപ്പിന് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. വനം മന്ത്രിയുടെ നിലപാട് സ്വീകാര്യമല്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. രോഷത്തോടെയായിരുന്നു വനം മന്ത്രി തിരുവഞ്ചൂരിന്റെ നിലപാടിനെതിരെ അടൂര്‍ പ്രകാശ് പ്രതികരിച്ചത്.
വനത്തിനോട് ചേര്‍ന്നു കിടക്കുന്ന റവന്യൂഭൂമി തങ്ങളുടെ ഭൂമിയാണെന്ന് പറഞ്ഞ് റവന്യൂമന്ത്രിപോലും അറിയാതെ വനംവകുപ്പ് ഉത്തരവിറക്കിയെന്നും മന്ത്രിസഭ യോഗത്തിന് വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇത് അനുവദിക്കാനാവില്ല. വനംവകുപ്പിന്റെ സൂത്രപ്പണി സമ്മതിക്കില്ലെന്നും, ശക്തമായി എതിര്‍ക്കുമെന്നും അടൂര്‍പ്രകാശ് തുറന്നടിച്ചു. ഭൂമി പതിച്ച് നല്‍കുന്നതിനെതിരെ ചില വനം വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് 60,000 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും അത് തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശം നല്കി ശക്തമായ നടപടികളിലാണ് താനെന്നും മന്ത്രി അവകാശപ്പെട്ടു. തന്റെ നടപടി ഒഴിവാക്കാന്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍ വഴങ്ങില്ലെന്ന് ബോധ്യമായപ്പോള്‍ തന്നെ താറടിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിവരുന്നതെന്നും അടൂര്‍ പ്രകാശ് പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: