തൃശൂര്‍: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഗുരവായൂര്‍ ദേവസ്വത്തില്‍ 120 പേരെ സ്ഥിരപ്പെടുത്താന്‍ തിരുമാനം. ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ഇത് തത്വത്തില്‍ അംഗീകരിച്ചതായി അറിയുന്നു.
നിയമനം സംബന്ധിച്ച് അന്തിമ തിരുമാനമെടുക്കാന്‍ ഇന്ന് രാവിലെ വീണ്ടും ഭരണസമിതി യോഗം ചേരും. ഇന്ന് തന്നെ ഉത്തരവ് നല്കി അവരെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നില്‍. ക്ലാര്‍ക്ക്, ഹെല്‍പ്പര്‍, ലാസ്റ്റ് ഗ്രേഡ് എന്ന തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായവരെയാണ് സ്ഥിരപ്പെടുത്താന്‍ തിരുമാനിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ഇത്തരത്തിലുള്ള സ്ഥിര നിയമനം പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം മറികടന്നാണ് ഭരണസമിതി ഇത്തരമൊരു നീക്കം നടത്തുന്നത്.
ഈ ഭരണസമിതിയുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കില്‍ നില്‍ക്കെയാണ് സ്ഥിരനിയമനം നടത്തുന്നത്. 175 ഓളം ഒഴിവുകള്‍ ഉണ്ടെന്നാണ് ദേവസ്വം ഭരണസമിതി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ പല നിയമനങ്ങളും നിയമാനുസൃതമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇത്തരം നിയമനങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയെ അറിയിക്കണമെന്ന ഉത്തരവും പാലിക്കാതെയാണ് സ്ഥിരനിയമനം നടത്തുന്നത്. ഈ നിയമനത്തിന് പിന്നില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.
സ്ഥിരനിയമനം ലഭിക്കുന്നതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് അനുഭാവികളാണ്. കൂടാതെ വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം അനുകൂല സംഘടനയ്ക്ക് താത്പര്യമുള്ള ചിലര്‍ക്കും നിയമനം നല്കാന് തിരുമാനിച്ചിട്ടുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: