തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായതോടെ ഇരുമുന്നണികളിലും പ്രശ്നങ്ങള്‍ രൂക്ഷമായി. വിമത ശല്യം ഒരുവശത്ത്, മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള നേര്‍ക്കു നേര് മല്‍സരം മറുവശത്ത്. ഇവ രണ്ടും ചേര്‍ന്ന് മുന്നണികള്‍ക്ക് വല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. പലയിടങ്ങളിലും റിബലുകള്‍ ജയിച്ചില്ലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുമെന്നുറപ്പാണ്. ഘടകകക്ഷികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെ സൗഹൃദമല്‍സരമെന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നതെങ്കിലും മല്‍സരം അത്ര സൗഹൃദപരമല്ല. പലയിടങ്ങളിലും ഇത്തരം പോരാട്ടങ്ങള്‍ കടുത്ത വെല്ലുവിളി തന്നെയാണ് മുന്നണികള്‍ക്ക് സൃഷ്ടിക്കുന്നത്.
യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസാണ് വിമതശല്യം മൂലം ഏറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടുന്നത്. ഇടതുപക്ഷത്ത് സിപിഎമ്മും സിപിഐയും തമ്മില്‍ തെക്കന്‍ജില്ലകളില്‍ നേര്‍ക്കുനേര്‍ പൊരുതുന്നുണ്ട്. എന്നാല്‍ ബിജെപിയിലാകട്ടെ താരതമ്യേന റിബല്‍ശല്യം ഇല്ലെന്നു തന്നെ പറയാം. ഇരുമുന്നണികളും കോണ്‍ഗ്രസ് പാര്‍ട്ടിയും റിബലുകളെ ഒതുക്കുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു.
കോട്ടയം, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് കേരള കോണ്‍ഗ്രസ് (എം), മുസ്ലിംലീഗ് എന്നീ ഘടകകക്ഷികളില്‍ നിന്ന് കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി നേരിടുന്നത്. തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാകട്ടെ കോണ്‍ഗ്രസുകാര്‍ തന്നെ റിബലായി മത്സരിക്കുന്നത്. പത്രിക പിന്‍വലിക്കാത്തവര്‍ പാര്ട്ടിയിലുണ്ടാകില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ മുന്നറിയിപ്പിന് അണികളും പ്രാദേശിക നേതൃത്വങ്ങളും പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റിന്റെ ലെറ്റര്‍ ഹെഡ് അടിച്ചുമാറ്റി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിമതന്മാര് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു പോലും നല്കി.
ഇടതുമുന്നണിയിലാകട്ടെ പ്രധാനഘടകകക്ഷികള് സിപിഎമ്മും സിപിഐയും. മറ്റുള്ളവരാകട്ടെ തീരെ അപ്രസക്തരും. എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പി, ജനതാദള്‍ എസ് എന്നിവരുടെ സീറ്റുകള്‍ വീതം വയ്ക്കുന്നതിലാണ് തര്‍ക്കം ആദ്യമുടലെടുത്തത്. സീറ്റുകള്‍ തുല്യമായി വീതം വയ്ക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടെങ്കിലും സിപിഎം അനുവദിച്ചില്ല. തിരുവനന്തപുരത്ത് ചില സ്ഥലങ്ങളില്‍ പ്രാദേശികമായി സിപിഎം-സിപിഐ തര്‍ക്കം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ പരസ്പരം പാര പണിത് സിപിഎമ്മും സിപിഐയും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ സ്വതന്ത്രരെ പിന്തുണയ്ക്കുകയോ ചെയ്യുന്നു.
വിമതശല്യം തെരഞ്ഞെടുപ്പ് കമ്മീഷനെയും ഒട്ടൊന്നുമല്ല വലച്ചത്. ചിഹ്നം അനുവദിക്കുന്നത് തര്ക്കത്തില്പ്പെട്ടതോടെ അന്തിമതീരുമാനം ശനിയാഴ്ച രാത്രി വൈകിയും നീണ്ടു. ഇതുമൂലം ചില ജില്ലകളില്‍ അന്തിമ സ്ഥാനാര്‍ഥിപട്ടിക സമയത്തിന് പ്രസിദ്ധീകരിക്കാനായില്ല. ഇവിടങ്ങളിലെ തര്‍ക്കങ്ങളും പരാതികളും കമ്മീഷനു മുന്നില്‍ പരിഹരിക്കപ്പെടാതെ വന്നതോടെ കോടതിനടപടികളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ വലയ്ക്കുമെന്ന് തീര്‍ച്ചയാണ്.
75,549 പേരാണ് മത്സരത്തിന് കച്ചമുറുക്കിയിട്ടുള്ളത്. ഇക്കുറി സ്ത്രീകള്‍ കൂടുതലായി മത്സരരംഗത്തുണ്ട്. എറണാകുളം, മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും പുരുഷന്മാരെക്കാളും വനിതാസ്ഥാനാര്‍ഥികളാണ് കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: