തിരുവനന്തപുരം: സിപിഎം അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി സഹോദരന്മാരെ മല്‍സരിപ്പിക്കാനുള്ള സിപിഎം തീരുമാനം അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. വധക്കേസിലെ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎം അക്രമം ആഭരണമാക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന് മൗനം പാലിക്കുകയാണ്.
കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് വിഎസ് നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനഹിതം സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന് വോട്ട് ചെയ്തിരുന്നവര്‍ തെറ്റായ നയങ്ങള്‍ കാരണം പാര്‍ട്ടി വിട്ടുപോവുകയാണ്. എന്നാല്‍ അതിന്റെ ഗുണഭോക്താവ് ബിജെപി ആവാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല. സിപിഎമ്മിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണകരമാവില്ല. കോണ്‍ഗ്രസ്-ബിജെപി സഖ്യമെന്ന സിപിഎം പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണ്. യുഡിഎഫിന്റെ മതേതര നിലപാടിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കൊഴിഞ്ഞുപോവുന്ന സ്വന്തം അണികളെ ഉറപ്പിച്ചു നിര്‍ത്താനാണ് സിപിഎമ്മും പിണറായി വിജയനും ശ്രമിക്കേണ്ടത്. ഇത്തരം നുണകള്‍ പ്രചരിപ്പിച്ച് ന്യൂനപക്ഷ വോട്ടുകള്‍ നേടാണ് സിപിഎമ്മിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ സൗഹൃദ മല്‍സരം നടക്കുന്നുണ്ട്. ഇതില്‍ തെറ്റില്ല. മലപ്പുറത്ത് പ്രാദേശിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ചില സ്ഥലങ്ങളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. ഇത് മുന്നണി ബന്ധത്തെ ബാധിക്കില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായമാണ് തനിക്കും. സര്‍ക്കാരിന്റെ ഭരണം ജനം വിലയിരുത്തും. താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ 70 ശതമാനം സീറ്റുകളും യുഡിഎഫിനു ലഭിച്ചു. ഇത്തവണയും പ്രതീക്ഷയുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പ്രതികരിച്ചു.
മൈക്രോ ഫിനാന്‍സിനെതിരെ വി.എസ്.കൃത്യമായ ആരോപണമല്ല ഉന്നയിച്ചത്. അതിനാലാണ് അതെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയത്. ശാശ്വതീകാനന്ദ കേസ് ക്ളോസ് ചെയ്ത ഫയല്‍ ആണ്. പുതിയ തെളിവുണ്ടെങ്കില്‍ മാത്രമേ തുടരന്വേഷണം സാദ്ധ്യമാകൂ. സൂക്ഷ്മമായി പഠിച്ചതിന് ശേഷം മാത്രമേ ഇത് സാദ്ധ്യമാകൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: