കോഴിക്കോട്: ചേച്ചിയും അനുജനും നടന്നത് സ്വര്‍ണ്ണത്തിലേക്ക്. കഴിഞ്ഞ ദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ പൊന്നണിഞ്ഞ പാലക്കാട് പറളി എച്ച്എസ്എസിലെ കെ.ടി. നീനക്ക് പിന്നാലെ ഇന്നലെ അനുജന് നിധീഷും പൊന്നണിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍. അതും പുതിയ മീറ്റ് റെക്കോര്‍ഡിന്റെ അകമ്പടിയോടെ. 23:04.96 സെക്കന്റില്‍ നടന്നെത്തിയാണ് നീനയുടെ പൊന്നനുജന് ഇന്നലെ സ്വര്‍ണ്ണമണിഞ്ഞത്. കഴിഞ്ഞ വര്‍ഷവും നിതീഷ് മത്സരിച്ചെങ്കിലും മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയും പറളിക്ക് സ്വന്തം. 24:33.35 സെക്കന്റില്‍ നടന്നെത്തിയ കൂട്ടുകാരന് നിശാന്ത്. ഡി.കെ രണ്ടാമതെത്തി. വെങ്കലം പോയത് മലപ്പുറം ജില്ലക്ക്. തിരുവാലി ജിഎച്ച്എസ്എസിലെ പി. പ്രകാശ് 24:40.68 സെക്കന്റില്‍ നടന്നെത്തിയാണ് വെങ്കലം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി ഏഴ് വര്‍ഷം സംസ്ഥാന സ്കൂള്‍ മീറ്റില്‍ നടത്തത്തില്‍ പൊന്നണിഞ്ഞ ചേച്ചിയുടെ പാതയില്‍ തന്നെയാണ് നിതീഷിന്റെയും നടപ്പ്. കഴിഞ്ഞ തന്റെ അവസാന സ്കൂള്‍ മീറ്റിനിറങ്ങിയ യൂത്ത് ഒളിമ്പ്യന്‍ നീന സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലായിരുന്നു ഇന്നലെ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 25 മിനിറ്റ് 21.74 സെക്കന്റിലാണ് നീന നടന്നെത്തിയത്.
പാലക്കാട് പറളിയിലെ കമ്പ ചേനമ്പുര വീട്ടില്‍ ചുമട്ടുതൊഴിലാളിയായ തങ്കന്റെയും നിര്‍മ്മലയുടെയും മക്കളാണ് നീനയും നിതീഷും.
ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ 11-ാം സ്ഥാനവും 2013ലെ ലോക യൂത്ത് മീറ്റില്‍ 14-ാമതും എത്തിയ നീന ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് മീറ്റില്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ദേശീയ ജൂനിയര്‍ മീറ്റില്‍ രണ്ട് സ്വര്‍ണ്ണം നേടിയ ഈ സുവര്ണ്ണമുത്ത് ദേശീയ സ്കൂള്‍ മീറ്റില്‍ അഞ്ച് സ്വ്വര്ണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. പറളിയുടെ കുതിപ്പിന് പിന്നിലെ ശക്തിസ്രോതസ്സായ പി.ജി. മനോജാണ് ചേച്ചിയെയും അനുജനെയും പരിശീലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: