മനുഷ്യനാകാന്‍ നിലാവിനോടു പ്രാര്‍ഥിക്കുന്ന കുട്ടിത്തേവാങ്കിനെപ്പോലെ തന്നെ വായിക്കുന്ന ആളാകാന്‍ പുസ്തകങ്ങള്‍ പ്രാര്‍ഥിക്കാറുണ്ടോ. അഹല്യയെപ്പോലെ മോക്ഷം കിട്ടാന്‍ തന്നെ സ്പര്‍ശിക്കുന്ന വായനക്കാര്‍ക്കായി കാത്തിരിക്കുകയാണോ കണ്ണിലെണ്ണയൊഴിച്ചു പുസ്തകങ്ങള്‍. അപൂര്‍വ പുസ്തകങ്ങള്‍ മോഷ്ടിക്കുന്ന പുസ്തക കള്ളന്മാരെക്കുറിച്ചും പലായനം ചെയ്യുമ്പോള്‍ തന്നെക്കാള്‍ ജീവനായി പുസ്തകങ്ങളെ കൂടെക്കൊണ്ടുനടക്കുകയും പുസ്തകങ്ങളെ സുരക്ഷിതമാക്കിയ ശേഷം ജീവിതത്തെ സാഹസികതയ്ക്കു എറിഞ്ഞു കൊടുത്തവരുടേയും കഥകള്‍കൊണ്ട് പുസ്തകങ്ങളുടെ മഹാ ചരിത്രം പണ്ടേ എഴുതപ്പട്ടവയാണ്.
കൊച്ചി നഗരത്തെ കരിക്കുന്ന നരകച്ചൂടിനും അറിയാതെ പായുന്ന തിരക്കു വെപ്രാളത്തിനുമിടയില്‍ കാറ്റു കുടയുന്ന പൂമരപ്പന്തലാകുന്നുണ്ട് എറണാകുളത്തപ്പന് ഗ്രൗണ്ടിലെ അക്ഷരനിധി ഒരുക്കി വെച്ച അന്താരാഷ്ട്ര പുസ്തകോത്സവം. സമയം പോക്കാന്‍ നഗരത്തിലെ കൃത്രിമക്കാഴ്ചകളുടെ മായാ വിനോദങ്ങള്‍ക്കിടയില്‍ നിന്നും നേരം ഊരിയെടുത്ത് പുസ്തകശാലയിലെത്തുന്നവര് അനേകരാണ്. പുസ്തകങ്ങളൊന്നു കാണാനും മറിച്ചു നോക്കാനും വാങ്ങാന്‍ തന്നെയും എത്തുന്നവരുണ്ട്.
വിഷയ വൈവിധ്യംകൊണ്ട് എവിടെയെങ്കിലും ഇഷ്ടം ചെന്നുമുട്ടി കൈയ്യിലൊരു പുസ്തകവുമായി മടങ്ങാത്തവര്‍ ചുരുങ്ങും. കെട്ടുകണക്കിനു പുസ്തകങ്ങളാണു ചിലര്‍ ചുമന്നുകൊണ്ട് പോകുന്നത്. സ്വര്‍ണ്ണക്കടകളിലും വസ്ത്രശാലകളിലും മാത്രമായി കെട്ടുഭാരങ്ങള്‍ കാണുന്ന നമുക്ക് ഇത്തരമൊരു ഭാരം നല്‍കുന്നത് ആഹ്ലാദം തന്നെ. ഇക്കിളിയുടെ ചാറ്റിങ്ങ് വൈറലുകളില്‍ മുങ്ങി നില്‍ക്കുന്നവര്‍ക്ക് ഒരു പുസ്തകപ്പേജ് മറിക്കുന്നതു നിര്‍വൃതിയാകും.
ഭാരതത്തിലെ മികച്ച പ്രസാധകരുള്‍പ്പെടെ നൂറിലേറെ പുസ്തക പ്രകാശകരുടെ മികച്ച പുസ്തകക്കൂട്ടങ്ങളുടെ ഉത്സവമാണ് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍. മാതൃഭൂമി, ഡിസി, കറന്റ്, ഗ്രീന്‍ ബു്ക്സ്, കുരുക്ഷേത്ര, സിഐസിസി, എച്ച് ആന്റ് സി തുടങ്ങി കേരളത്തിലെ മുന്‍ നിര പുസ്തകക്കാരുടെ സമൃദ്ധിയിലാണ് പുസ്തകോത്സവം. അനേക വിഷയങ്ങളുടെ വൈവിധ്യവല്‍ക്കരണം കൊണ്ട് പതിനായിരക്കണക്കായ പുസ്തകങ്ങള്‍ .ആബാലവൃദ്ധമുണ്ട് സന്ദര്‍ശകരില്‍. ഒറ്റയ്ക്കും തെറ്റയ്ക്കും വരുന്നതുകൊണ്ട് പ്രത്യക്ഷത്തില്‍ തെരക്കില്ല. എല്ലായിടത്തുമിപ്പോള് പുസ്തകോത്സവങ്ങളുള്ളതുകൊണ്ട് തെരക്കു വിഭജിക്കപ്പെടാനും മതി. ദേശപ്പൂരം പോലെ പുസ്തകപ്പൂരമെന്നും പറയാം.
പുരാണങ്ങള്‍ക്കും തത്ത്വചിന്തകള്‍ക്കും ആത്മകഥകള്ക്കുമൊക്ക തിരക്കു തന്നെ. കുട്ടിപ്പുസ്തകങ്ങള്ക്ക് കുട്ടികളും വലിയവരുമായി ആവശ്യക്കാര്‍ ധാരാളം. പഴയതും പുതിയതുമായ ലോക ക്ലാസിക്കുകള്‍ക്കും ആളുണ്ട്. പൗലോ കൊയ്ലോക്കു ഇപ്പഴും ഡിമാന്റുണ്ട്. നോവലില്‍ ആടുജീവിതവും ആരാച്ചാരും മനുഷ്യന് ഒരു ആമുഖവും മുന്‍നിരയില്‍ തന്നെ.
വായന മരിച്ചെന്നുപറഞ്ഞ് വെറുതെ വിവാദമുണ്ടാക്കാം. വിഷയ വൈവിധ്യംകൊണ്ട് വായനക്കാര്‍ ചിതറിക്കിടക്കുന്നുവെന്നു മാത്രം. ഓര്മ മനുഷ്യനില്‍ കൊമ്പുകുത്തി മദിച്ച കാലത്തിനു പകരം സ്മാര്‍ട്ട് ഫോണിനും ടാബ്ലെറ്റിനുമൊക്ക ഓര്മ പണയംവെച്ച ഇക്കാലത്ത് മറവിയെ പ്രതിരോധിക്കാനുള്ള കവചമാണ് പുസ്തകം. വായിക്കുന്നയാള് പുസ്തകമായി മാറുംപോലെ പുസ്തകം അയാളായും മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: