കൊച്ചി: സര്‍ക്കാരിന്റെ സ്വന്തക്കാരന് എഡിജിപി ടോമിന് ജെ. തച്ചങ്കരിയും, സര്‍ക്കാരിനോട് പൊരുതി പോലീസ് മേധാവി സ്ഥാനം തിരികെപ്പിടിച്ച ടി.പി. സെന്‍കുമാറും തമ്മില്‍ പോലീസ് ആസ്ഥാനത്തു നടക്കുന്ന ബലാബലം സേനയുടെ അന്തസും ആത്മവീര്യവും തകര്‍ക്കുന്നു. ഡിജിപിക്കൊപ്പം നില്ക്കുന്നവര്, സര്‍ക്കാരിന്റെ ആളുകള്‍ എന്ന തരത്തില്‍ പോലീസ് ആസ്ഥാനത്ത് രണ്ട് ഗ്രൂപ്പുമുണ്ടാക്കി. ഐഎഎസ് ഉദ്യോഗസ്ഥരും, വിജിലന്‍സ് ഡയറക്ടറുമായുള്ള പടലപ്പിണക്കത്തിനു ശേഷം സംസ്ഥാനത്ത് വീണ്ടുമൊരു ഉദ്യോഗസ്ഥ ചേരിപ്പോരാണ് രൂപപ്പെട്ടത്.
മെയ് ഒമ്പതിന് പോലീസ് മേധാവിയുടെ മുറിയില്‍ അദ്ദേഹവും തച്ചങ്കരിയുമായി നടന്ന സംഭാഷണം കൈയാങ്കളിയുടെ വക്കോളമെത്തി. സുപ്രീംകോടതി വിധി സമ്പാദിച്ച് മേധാവിയായി സെന്‍കുമാര്‍ വരുന്നതിനു മുന്‍പു തന്നെ പോലീസ് ആസ്ഥാനത്ത് ഭരണ വിഭാഗം എഡിജിപിയായി സിപിഎമ്മിന് പ്രിയങ്കരനായ തച്ചങ്കരിയെ നിയമിച്ചു. ഇതും മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാക്കിയതും സെന്‍കുമാറിന് കൂച്ചുവിലങ്ങിടുകയെന്ന ഉദ്ദേശ്യത്തോടെയാണ്.
കഴിഞ്ഞ ദിവസത്തെ തര്‍ക്കങ്ങളും അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതോടെ പോലീസ് ആസ്ഥാനം പുകഞ്ഞുതുടങ്ങി. പോലീസ് മേധാവിയെ ഉള്‍പ്പെടുത്താതെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിന് തച്ചങ്കരി രൂപം നല്‍കിയതോടെ പ്രശ്നം രൂക്ഷമായി. ഒരു വര്‍ഷം മുന്‍പ് പോലീസ് സേനയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. അത് ഗൗനിക്കാതെയാണ് തച്ചങ്കരിയുടെ നടപടി. സെന്‍കുമാറിനെ ഒഴിവാക്കാന്‍ ജൂണ്‍ എട്ടിന് കോഴിക്കോട്ട് നടത്തേണ്ടിയിരുന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം മാറ്റിവച്ചു.
വ്യക്തിഹത്യ ചെയ്യാനും, കള്ളക്കേസില്‍ കുടുക്കാനും തച്ചങ്കരി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം എഡിജിപി ആര്. ശ്രീലേഖ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഏറെ വിവാദമായിരുന്നു. ഇതിന് പുറമേ സീനിയോറിറ്റിയില്‍ സെന്‍കുമാറിന് തൊട്ട് താഴെയുള്ള ജേക്കബ് തോമസ് തന്റെ ഫോണ്‍ സംഭാഷണങ്ങളും, ഇ മെയിലുകളും ഒരു എഡിജിപിയെ ഉപയോഗിച്ച് ചോര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇൗ സംഭവങ്ങളെല്ലാം സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കി. പുതിയ സംഭവങ്ങള്‍ അത് ആളിക്കത്തിച്ചു.
തച്ചങ്കരി, ബെഹ്റ, സര്‍ക്കാര്‍ അച്ചുതണ്ടിനെ എതിര്‍ക്കുകയും സെന്‍കുമാറിനെ അനുകൂലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ നടപടി ഭയന്ന് ഇവര്‍ അനങ്ങുന്നില്ല. സാഹചര്യങ്ങള്‍ തീര്‍ത്തും വിപരീതമെന്ന് പൂര്‍ണമായി ബോധ്യപ്പെട്ട സെന്‍കുമാര്‍ ഇൗ സംഭവങ്ങള്‍ക്ക് ശേഷം കൂടുതല്‍ ശ്രദ്ധാലുവാണ്. പോലീസ് മേധാവിക്ക് വേണ്ടി എന്ന് രേഖപ്പെടുത്തി എഡിജിപി മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാന്‍ പാടില്ലെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സെന്‍കുമാര്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന ദിവസം വരെ അദ്ദേഹത്തെ പൂര്‍ണമായും നിയന്ത്രിച്ച്, സുപ്രധാന തീരുമാനങ്ങളെടുപ്പിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: