തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചടങ്ങില്‍ നിന്നും മാറി നില്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. വെള്ളാപ്പള്ളിയുടെ ആവശ്യപ്രകാരം താന്‍ ചടങ്ങില്‍ നിന്നും മാറിനില്‍ക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതിനു ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വെള്ളാപ്പള്ളി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചത്. ചടങ്ങില്‍ നിന്നും വിട്ടുനില്ക്കുന്നതില് വലിയ ദുഖമുണ്ട്. ചടങ്ങിലേയ്ക്ക് ക്ഷണിച്ച വെള്ളാപ്പള്ളി തന്നെയാണ് തന്നോട് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടു വിധത്തില്‍ താന്‍ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര് ശങ്കര്‍ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്വമുണ്ട്. എന്നാല്‍ തന്നെ ക്ഷണിച്ച സംഘാടകര്‍ തന്നെ മറ്റൊരു പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നതെന്നു മുഖ്യമന്ത്രി പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. അദ്ദേഹമാണ് പ്രതിമ അനാച്ഛാദനം ചെയ്യുത്. എന്നാല്‍ പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉണ്ടാകും. കൃഷി മന്ത്രി കെ പി മോഹനനാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയിലെ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിംഗ്. പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്നു യാത്രയാകുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ അദ്ദേഹത്തോട് ഉന്നയിക്കും. എല്ലാവരും ചേര്‍ന്ന് യാത്രയാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായമെന്നും എസ്എന്‍ഡിപി നടത്തുന്ന പരിപാടിയെക്കുറിച്ച് ബിജെപിക്ക് അറിയില്ലെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: