നുണയെ സത്യമാക്കി തോന്നിപ്പിക്കുന്ന ഒരു സൗന്ദര്യശാസ്ത്രം സിനിമയ്ക്കു പിന്നിലുണ്ട്. കലയുടെ സത്തു പിഴിഞ്ഞിട്ട് ഉണക്കിത്തേച്ചെടുത്തൊരു സംവേദനത്തിന്റെ വടിവുണ്ടതിന്. ഹൃദയത്തെ അള്ളിപ്പിടിക്കുന്നൊരു ദര്ശനക്ഷമതയുണ്ടു സിനിമയ്ക്ക്. കേവലം വിനോദപരം എന്നതിലുപരി സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്ന ബലതത്രം കൂടിയാണത്. പ്രശ്നവത്ക്കരിക്കപ്പെട്ട മനുഷ്യ ജീവിതത്തിന്റെ മുഖക്കണ്ണാടി കൂടിയാകാമത്. എന്നാലും കുറഞ്ഞ പക്ഷം കണ്ടിരിക്കാമെന്ന നിലയിലുള്ള കാഴ്ച്ചപ്പാടു കുറഞ്ഞൊരു സമീപനവും സിനിമയെക്കുറിച്ചു സാധാരണമാണ്. ഇങ്ങനെ സാധ്യതയുടെ സൗജന്യങ്ങളെല്ലാം കൂടി വാരിക്കോരി അനുഗ്രഹിച്ചിട്ടുമുണ്ട് സിനിമയെ. സിനിമയെ വിലയിരുത്തുമ്പോള്‍ ഇത്തരം പല മാപിനികളുമുണ്ട്. ബിസിനസും ഗ്ലാമറും അതിനെക്കാളുപരി അനേകരുടെ ജീവിതമാര്‍ഗവുമാണ്. അതുകൊണ്ട് മലയാള സിനിമയുടെ നിലനില്‍പ്പുകൂടി അതിന്റെ നിലവാരമളക്കലില് അനിവാര്യമാണുതാനും
പ്രത്യാശയുടെ വര്‍ഷമെന്ന അലങ്കാരത്തോടെയാണ് മലയാള സിനിമ കടന്നു പോകുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ചില ജാഗ്രതകള്‍ മുന്നോട്ടു വെക്കുന്നുന്നുണ്ട് മലയാള സിനിമ. സംവിധാനം,അഭിനയം തുടങ്ങി സിനിമയുടെ എല്ലാരംഗത്തും പുതുമുഖങ്ങള്‍ കടന്നു വരികയും പലരും വിജയം കൊയ്യുകയും അതിനിടയില്‍ പഴയവര്‍ ചരിത്രമെഴുതുകയും ചെയ്ത വര്‍ഷംകൂടിയാണിത്.
നൂറ്റി നാല്‍പ്പതു സിനിമകളിറങ്ങിയവയില് വന്‍ വിജയങ്ങളിലൂടെ ഇതിഹാസവും വന്‍ ഹിറ്റുകളും നഷ്ടക്കച്ചവടമേല്പ്പിക്കാത്തവയുമായി ഒരു പിടി ചിത്രങ്ങളുണ്ട്. മലയാളിയുടെ സിനിമാക്കാഴ്ച ലോകത്തോളം ഉയര്‍ത്തി ഒറ്റാലിലൂടെ ഒറ്റപ്പെട്ട വിജയം തീര്‍ത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ ജയരാജിനെക്കുറിച്ചു തന്നെ വേണം ആദ്യം പറയാന്‍. കിംകിംഡൂക്ക് ഉള്‍പ്പെടെയുള്ള മാസ്റ്റേഴ്സിന്റെ ചിത്രങ്ങള്‍ക്കിടയില്‍ നിന്നാണ് നാല് പ്രധാന അവാര്‍ഡുകള്‍ ഒറ്റാല് നേടിയത്.
വിജയചിത്രങ്ങളുടെ പേരില്‍ താര സിംഹാസനം ഇത്തവണ പൃഥ്വിരാജിനു തന്നെ. എന്ന് നിന്റെ മൊയ്തീന്, അമര്‍ അക്ബര്‍ ആന്റണി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങള്‍ പൃഥ്വിക്കു ഗംഭീര വിജയം നേടിക്കൊടുത്തു. വിമല്‍, നാദിര്‍ഷ, സച്ചി എന്നിവരുടെ സംവിധാന അരങ്ങേറ്റം ഈ ചിത്രങ്ങളിലൂടെ ഇതിഹാസമായി. മുന്നു ചിത്രങ്ങളേയും തലകുലുക്കി പ്രേക്ഷകന് അംഗീകരിച്ചു. പ്രേമത്തിന്റെ വിജയക്കുതിപ്പ് നിവിന്‍പോളിക്കു നല്‍കിയത് തലമുറഭേദമില്ലാത്ത ആരാധനയാണ്. നിവിന്റെ തന്നെ ഒരു വടക്കന്‍ സെല്‍ഫി തകര്‍ത്തോടി. മിലിയും വ്യത്യസ്തമായിരുന്നു. പൃഥ്വിക്കൊപ്പം ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ ഇവിടെയിലെ വേറിട്ട വേഷവും ഈ നടന് അനുഗ്രഹമായി. ഭാഗ്യനടന്‍, തൊട്ടതെല്ലാം പൊന്നാക്കിയ താരം എന്നൊക്ക വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടി. ചന്ദ്രേട്ടനെവിടെയാ, ലൈഫ് ഓഫ് ജോസൂട്ടി എന്നിവ ദിലീപെന്ന നല്ല നടനെ കാട്ടിത്തന്നു. പത്തേമാരി, കനല്, ലോഹം തുടങ്ങിയ മമ്മൂട്ടി, മോഹന്‍ ലാല്‍ സിനിമകള്‍ പ്രമേയവും അവതരണവും കൊണ്ട് വേറിട്ടതാണ്. മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ സാന്നിധ്യമികവുകൊണ്ട് ശ്രദ്ധേയമായിരുന്നു പത്തേമാരി. കംപ്ളീറ്റ് ആക്റ്റര്‍ എന്ന തനിമകൊണ്ട് മേഹന് ലാലിന്റെ സാന്നിധ്യ പ്രഭവാരിക്കോരി നിരഞ്ഞതാണ് ലോഹവും കനലും. ലാലിന്റെ നിശബ്ദത പോലും വാചാലമാണ് കനലില്‍. ഈ മാസമിറങ്ങിയ ദുല്‍ക്കറിന്റെ ചാര്‍ളി, ദിലീപിന്റെ ടൂ കണ്ട്രീസ്, ധ്യാനിന്റെ അടി കപ്യാരെ കൂട്ടമണി ഹിറ്റിലേക്കു നീങ്ങുകയാണെന്നാണു റിപ്പോര്‍ട്ട്.
സംവിധാനം, അഭിനയം, തിരക്കഥ, സിനിമോട്ടോഗ്രഫി, ഗാന രചന, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും പുതുമക്കാര്‍ കൂടുതല്‍ വന്ന വര്‍ഷം കൂടിയാണിത്. പലരും നാളേക്കുള്ള തിളക്കപ്പട്ടികയിലേക്ക് പേരുവരാന്‍ കഴിവു കാണിക്കുന്നവരുമാണ്. എന്നാല്‍ ചില സിനിമ തട്ടിക്കൂട്ടും വെട്ടിക്കൂട്ടും മാത്രമായി പ്രേക്ഷകനെ കബളിപ്പിക്കുന്നുണ്ട്. ആരുടേയെങ്കിലും ചിലവില്‍ എങ്ങനേയും സിനിമയെടുത്ത് ആളാകുന്നവരും പുതു തലമുറയിലുണ്ടെന്നു തോന്നുന്നു. നിര്‍മാതാവിനെ കുത്തു പാളയെടുപ്പിക്കുന്ന ഈ ദുഷ്പ്രവണത അനുവദിക്കപ്പെടരുത്. ചിലരുടെ മാത്രം കുത്തകയായിരുന്ന സിനിമയുടെ എല്ലാമേഖലകളേയും ചില ചെറുപ്പങ്ങള്‍ പൊളിച്ചടുക്കി എന്നതും അതിശയാഹ്ളാദം തന്നെ. സിനിമ കലയും കച്ചവടവും കൂടിയാണ്. അതു വളരണം നിലനില്‍ക്കണം. ഒപ്പം കേരളാതിര്‍ത്തിയും ഭാരത അതിര്‍ത്തിയും കടന്ന് ലോക വിസ്തൃതിയിലേക്ക് ജയരാജ് ചെയ്തതു പോലെ സിനിമകള്‍ ഉണ്ടാവണമെന്നും പ്രേക്ഷകന് ആഗ്രഹിക്കുന്നുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: