2015ന്റെ അവസാനത്തിലും തിയറ്ററില്‍ നിറഞ്ഞോട്ടം കൊണ്ട് മലയാള സിനിമ കാഴ്ച ലഹരിയില്‍ തന്നെയാണ്. വിദേശ സിനിമകളെ മാത്രം ലോകോത്തരമെന്ന് വിശേഷിപ്പിച്ചുപോന്ന നമ്മുടെ മലയാളി ബുദ്ധിജീവിതങ്ങള്‍ അതിനുംമീതെ കൈയടിയോടെ ഏറ്റുവാങ്ങുകയായിരുന്നു ജയരാജിന്റെ ഒറ്റാല്. തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ നാല് സവിശേഷ പുരസ്ക്കാരങ്ങള്‍ നേടിക്കൊണ്ട്, ജാഫര്‍ പനാഹിയുടെ ഉടല് രാഷ്ട്രീയത്തിനും കിംകിംഡുക്കിന്റെ ലൈംഗിക കാമനകള്ക്കുമപ്പുറം ജീവിതത്തെ കെണിവെച്ചു പിടിക്കുന്ന പരിതോവസ്ഥകളുടെ ലാവച്ചൂടില് ലോകസിനിമയുടെ നെറുകയില്‍ വെച്ച സ്വര്ണ്ണചകോരമാണ് ജയരാജിന്റെ ഒറ്റാല്.
റെക്കോഡുകള്‍ തകര്‍ത്ത് ചരിത്രവിജയങ്ങളായിത്തീര്ന്ന പ്രേമം, എന്ന് നിന്റെ മൊയ്തീന്, അമര്‍ അക്ബര്‍ ആന്റണി എന്നിവക്ക് പുറമെ ഒരു വടക്കന്‍ സെല്‍ഫി, മര്യാദാരാമന്‍, ചന്ദ്രേട്ടന് എവിടെയാ, അനാര്‍ക്കലി, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ചാര്‍ലി, റ്റൂകണ്ട്രീസ്, അടി കപ്യാരേ കൂട്ടമണിയുമൊക്കെ 2015നെ ഉണര്‍വാക്കി. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രം പ്രേമം അല്ഭുതവിജയം തന്നെയായിരുന്നു. പ്രമേയ പുതുമയില്ലെങ്കിലും കുറെ നാളുകള്ക്കുശേഷമിറങ്ങിയ പ്രേമത്തിന്റെ യൗവനകാന്തിയെക്കുറിച്ചുള്ള കൗതുകം പ്രേമത്തെ ചരിത്രമാക്കി. തൊട്ടുപിന്നാലെ വന്ന പൃഥ്വി-പാര്‍വതി ചിത്രമായ എന്നു നിന്റെ മൊയ്തീന് ആദര്‍ശ പ്രണയത്തിന്റെ ത്യാഗസുരഭിലമായ ഭൂമികയില്‍ വാര്‍ത്തെടുത്തതിനാലാവാം മറ്റൊരിതിഹാസമായി. ആറ് വര്‍ഷമെത്തിയ കഠിനശ്രമത്തിന്റെ വിയര്‍പ്പു പാകിയ ആര്.എസ്.വിമലിന്റെ സംവിധാന തുടക്കമായ മൊയ്തീന് പഌറ്റോണിക് ലൗവിന്റെ കാലച്ചന്തമുള്ള പാകതയും, നിലപാടിന്റെ നട്ടെല്ലുള്ള കഥാപാത്രങ്ങളുടെ നിഷേധ സൗന്ദര്യമുള്ള എംടിയെന് ടച്ചും ഈ സിനിമയെ കാതലാക്കി.
സായികുമാര്‍ അവതരിപ്പിക്കുന്ന തീവ്രദുഷ്ടതയുള്ള കഥാപാത്രത്തിനുപോലും ഈ നിഷേധലാവണ്യമുണ്ട്. പ്രണയത്തിന്റെ കേശസുഗന്ധ ഭാരമുള്ള വിവിധ പ്രതിനിധാനങ്ങള്‍ അലങ്കരിച്ച അനാര്‍ക്കലിയും ചാര്‍ളിയും വന്‍ഹിറ്റാണ്. തിരക്കഥാകൃത്ത് സച്ചിയുടെ സംവിധാനാരംഭമാണ് അനാര്‍ക്കലി. ചാര്‍ളിയില്‍ ദുല്‍ഖറിലെ പക്വതയാര്‍ന്ന നടനെ അടുത്തു കാണാം. ദിലീപിലെ നടനെ ചന്ദ്രേട്ടനിലും ജോസൂട്ടിയിലും മികച്ച കൊമേഡിയനെ മര്യാദാരാമനിലും റ്റു കണ്ട്രീസിലും തെളിഞ്ഞു കണ്ടു. നര്‍മത്തിന്റേയും മിമിക്രിയുടേയും രാജാപ്പാര്ട്ടായ നാദിര്‍ഷയുടെ തുടക്കവും ഗംഭീരമായി. ജീവത പരിസരങ്ങളെ നര്‍മത്തില്‍ ചാലിച്ചെഴുതിയതിന്റെ നേട്ടമാണ് അമര്‍ അക്ബര്‍ ആന്റണിയുടെത്. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ അന്യാദൃശ പ്രഭകൊണ്ടുള്ള വിജയമാണ് പത്തേമാരിയുടേത്. സമ്പൂര്‍ണ്ണ നടനെന്ന മോഹന്‍ ലാലിന്റെ ആകര്‍ഷണ വലയത്താല്‍ മികവായി ലോഹവും കനലും. മൂന്നു വന്‍ ഹിറ്റുകളോെട 2015ലെ താര ചക്രവര്‍ത്തി പൃഥ്വി തന്നെ.
സിനിമയുടെ സര്‍വ മേഖലകളിലും പുതിയവര്‍ കടന്നുവന്നുവെങ്കിലും ചിലരാകട്ടെ ഭാവിയിലേക്കു കൈത്തിരി നീട്ടിയപ്പോള്‍ മറ്റു ചിലരാകട്ടെ എണ്ണ തീര്‍ന്ന് കരിന്തിരി കത്തിയതു കണാതെ പോയി. എങ്ങനെയെങ്കിലും നിര്‍മാതാവിന്റെ ചെലവില്‍ ആളാകാന്‍ ശ്രമിച്ച് തലയടിച്ചു വീഴുന്ന തരികിടക്കാര്‍ ഇപ്പഴും മലയാള സിനിമയില്‍ സജീവം. സിനിമ കലയുടെ സുന്ദര കമ്പളം പുതച്ച മോഹക്കച്ചവടമാണ്. ഇറങ്ങിയ 140 ചിത്രങ്ങളില്‍ വിജയത്തിന്റെ മോഹനരാഗം പാടിയവ അധികമില്ലെങ്കിലും നാടുനീങ്ങിയ വര്‍ഷങ്ങളില്‍ പരാജയത്തിന്റെ പടുകുഴിയിലായ മലയാള സിനിമ പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളമാണ് 2015ല്‍ മുഴക്കിയതെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: