തിരുവനന്തപുരം : കേരള പുലയ മഹാസഭ ആസ്ഥാനത്ത് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സ്നേഹോഷ്മള സ്വീകരണം നല്കി. നന്ദാവനത്തെ സംസ്ഥാന ഓഫീസിലെത്തിയ കുമ്മനത്തെ കെപിഎംഎസ്. ജനറല്‍ സെക്രട്ടറി റ്റി.വി. ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ കുമ്മനത്തെ കെപിഎംഎസ് നേതാക്കള്‍ ധരിപ്പിച്ചു.
അടിസ്ഥാന വിഭാഗത്തിന്റെ ഭൂരാഹിത്വത്തിന് അറുതി വരുത്താന്‍ രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കണം. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും നിയമങ്ങളില്‍ പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സംവരണങ്ങള്‍ ഉറപ്പാക്കണം. മുദ്രാ ബാങ്കുകളിലൂടെ ലഭ്യമാക്കുന്ന സൗജന്യവും അറിവില്ലായ്മ കൊണ്ടും കൈകാര്യം ചെയ്യുന്നവരുടെ അവഗണന മൂലവും പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടുന്നതിന് പരിഹാരം കാണണം. അയ്യങ്കാളി സ്ഥാപിച്ച സ്കൂളിനെ ഒരു സ്മാരക കേന്ദ്രമായി നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. തുടങ്ങിയ ആവശ്യങ്ങള്‍ കെപിഎംഎസ് നേതാക്കള്‍ കുമ്മനത്തിന്റെ മുന്നില്‍ വച്ചു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വലിയസംഭാവന ചെയ്ത കെപിഎംഎസിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്യുന്നതാണെന്ന് കുമ്മനം പറഞ്ഞു. കേരളത്തില്‍ പൗര സമൂഹമായി പിന്നോക്ക പട്ടികവിര്ഗ്ഗ വിഭാഗത്തെ പരിഗണിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്ന് റ്റി.വി. ബാബു പറഞ്ഞു
കെപിഎംഎസ് നേതാക്കളായ പി.പി. വാവ, കെ.കെ. ബാബു, കെ.വി. ശിവന്, കെ.എന്‍. മോഹനന്, അനില്‍കുമാര്‍, പി.ബി. സുരേഷ്, കെ.ഒ മദനന്, ചെറുവയ്ക്കല്‍ അര്ജുനന്, ദീപുരാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: