ന്യൂദല്‍ഹി: ലോകത്തെയാകെ അമ്പരിപ്പിച്ച് ഒരറിയിപ്പുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനില്‍ ഐതിഹാസിക സന്ദര്‍ശനം നടത്തി. മോസ്കോ, കാബൂള്‍ യാത്ര പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ലാഹോറിലെത്തിയ പ്രധാനമന്ത്രി മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയിലെത്തി. പരമ്പരാഗത നയതന്ത്ര സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം സജീവമാക്കുന്നതിനുള്ള പുത്തന്‍ രീതിക്കാണ് നരേന്ദ്രമോദി ലാഹോറില്‍ തുടക്കമിട്ടത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിറന്നാള്‍ ദിനമായിരുന്നു വെള്ളിയാഴ്ച. അഫ്ഗാനിസ്ഥാന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനായി കാബൂളലെത്തിയ മോദി രാവിലെ തന്നെ ഫോണില്‍ വിളിച്ച് ഷെരീഫിന് ആശംസകളും നേര്‍ന്നു. ആശംസകള്‍ സ്വീകരിച്ച നവാസ് ഷെരീഫ് താങ്കള്‍ ദല്‍ഹിയിലേക്ക് പോകുന്നത് പാക്കിസ്ഥാന് വഴിയല്ലേ, വീട്ടിലേക്ക് വരുന്നോ എന്ന് മോദിയോട് കുശലം ചോദിച്ചു. തൊട്ടുപിന്നാലെ ലാഹോറിലെത്താം എന്ന മറുപടി.
പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനിലേക്ക് എന്ന് സ്ഥിരീകരിച്ചതോടെ ദല്‍ഹിയില്‍ നിന്നും എസ്പിജി സംഘം ലാഹോറിലേക്ക് പുറപ്പെട്ടു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ലാഹോറിലെത്തി. ഉച്ചയ്ക്ക് 2.04ന് ആദ്യ പാക്കിസ്ഥാന് സന്ദര്‍ശന വിവരം മോദി ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുമ്പോഴേക്കും ലാഹോര്‍ സുരക്ഷാ ഏജന്‍സികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായി. ലോകരാഷ്ട്രത്തലവന്മാരും ആഗോള മാധ്യമങ്ങളും സസൂക്ഷ്മം വീക്ഷിച്ച ഒരു നയതന്ത്ര നീക്കത്തിന് നരേന്ദ്രമോദി കാബൂളില്‍ നിന്നും പുറപ്പെട്ടു.
നാലേകാലോടെ ലാഹോര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ നവാസ് ഷെരീഫ് നേരിട്ടെത്തി സ്വീകരിച്ചു. പാക്-പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫുള്‍പ്പെടെയുള്ള പ്രമുഖരും മോദിയെ സ്വീകരിക്കാനെത്തി. പാക് പഞ്ചാബ് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററില്‍ ഇരു പ്രധാനമന്ത്രിമാരും ഷെരീഫിന്റെ ലാഹോറിലെ വസതിയിലേക്ക് തിരിച്ചു. ഒരു ഭാരത പ്രധാനമന്ത്രി പാക് ഹെലിക്കോപ്റ്ററില്‍ യാത്ര നടത്തിയത് ഇതാദ്യമായാണ്. ലാഹോറിന് സമീപമുള്ള റയ്വിന്ദ് ഭവനത്തിലെത്തിയ മോദിയെ ഷെരീഫിന്റെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹവും ഷെരീഫിന്റെ പിറന്നാളും ഒരുമിച്ച ദിനത്തില്‍ വലിയ ആഘോഷമായിരുന്നു റയ്വിന്ദില്. ഇരട്ട ആഘോഷങ്ങള്‍ക്കിടയിലേക്കാണ് ഭാരത പ്രധാനമന്ത്രിയുടെ വരവ്. നവാസ് ഷെരീഫിന്റെ അമ്മയുടെ കാല്‍തൊട്ട് വണങ്ങിയ മോദി ഭാരത-പാക് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സ്നേഹബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും ശ്രമിച്ചു. അനൗപചാരിക സംഭാഷണങ്ങള്‍ക്ക് ശേഷം ഒരു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ഇരു പ്രധാനമന്ത്രിമാരും ഔപചാരിക ചര്‍ച്ചയും നടത്തി.
തുടര്‍ന്ന് ലാഹോറിലെ വിമാനത്താവളത്തിലേക്ക് മോദിയെ അനുഗമിച്ച നവാസ് ഷെരീഫ് ഭാരത പ്രധാനമന്ത്രിയുടെ വിമാനം പറന്നുയര്‍ന്ന ശേഷമാണ് മടങ്ങിയത്. വാജ്പേയിയുമായുള്ള നല്ല ബന്ധത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച ഷെരീഫ് മുന്പ്രധാനമന്ത്രിക്കുള്ള ആശംസകളും മോദിക്ക് നല്കി. രാത്രി 8മണിയോടെ ദല്‍ഹിയില്‍ തിരികെ എത്തിയ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇവിടെനിന്നും കൃഷ്ണമേനോന് മാര്‍ഗ്ഗിലെ വാജ്പേയിയുടെ വസതിയിലേക്ക് പോയ പ്രധാനമന്ത്രി 92-ാം ജന്മദിനാശംസകള് അദ്ദേഹത്തിന് നേര്‍ന്നു.
1999ല്‍ എ.ബി വാജ്പേയിയുടെ ലാഹോര്‍ ബസ് യാത്രയ്ക്ക് ശേഷം ഇതാദ്യമായാണ് ഭാരത പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്. അടുത്തവര്‍ഷം സപ്തംബറില്‍ ഇസ്ലമാബാദില് നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടിക്ക് മോദി പാക്കിസ്ഥാനിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയെങ്കിലും തികച്ചും അപ്രതീക്ഷിതവും അമ്പരിപ്പിക്കുന്നതുമായ നയതന്ത്ര നീക്കത്തിലൂടെയാണ് വെള്ളിയാഴ്ച മോദി ആഗോളശ്രദ്ധ പിടിച്ചുപറ്റിയത്. വിദേശ മാധ്യമങ്ങളടക്കം മോദിയുടെ ‘പിറന്നാള്‍ നയതന്ത്രത്തെ’ അമ്പരപ്പോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: