കൊച്ചി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്നലെ കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ജമ്മുകശ്മീരിനെയാണ് കേരളം കീഴടക്കിയത്. അഞ്ച് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ജമ്മുകശ്മീര്‍ ഉയര്‍ത്തിയ 127 റണ്‍സിന്റെ വിജയലക്ഷ്യം എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ കേരളം മറികടന്നു.
വൈസ് ക്യാപ്റ്റന്‍ രോഹന് പ്രേമിന്റെ അപരാജിത അര്‍ദ്ധസെഞ്ചുറിയാണ് (54 പന്തില്‍ 59) കേരളത്തിന് വിജയം സമ്മാനിച്ചത്. റൈഫി വിന്‍സന്റ് ഗോമസ് 22 പന്തില്‍ 22 റണ്‍സ് നേടി പുറത്താകാതെ നിന്നു.സ്കോര്‍ ചുരുക്കത്തില്‍: ജമ്മു കശ്മീര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 126. കേരളം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജമ്മുകശ്മീരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ആദില്‍ റേഷി റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യരുടെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നല്കി മടങ്ങി. പിന്നീടത്തെിയ ബന്ദീപ് സിങ്ങിനൊപ്പം അഹമ്മദ് ഒമര്‍ ബന്ദായ് കശ്മീരിനെ പതുക്കെ മുന്നോട്ട് നയിച്ചു. സ്കോര്‍ 61ല്‍ എത്തിനില്‍ക്കെ ഒമ്പതാമത്തെ ഓവറില്‍ ബന്ദായ് വീണു. 24 റണ്‍സെടുത്ത ബന്ദായിയെ റൈഫി വിന്‍സെന്റ് ഗോമസ് രോഹന് പ്രേമിന്റെ കൈകളിലത്തെിച്ചു. തൊട്ടടുത്ത ഓവറില്‍ 37 റണ്‍സെടുത്ത ബന്ദീപ് സിങ്ങും പുറത്തായി. വി.എ. ജഗദീഷിനായിരുന്നു വിക്കറ്റ്.
തുടര്‍ന്നെത്തിയ ഇയാന്‍ ചൗഹാനെ പ്രശാന്ത് രണ്ട് റണ്‍സിന് മടക്കി അയച്ചു. മിഥുന് മന്‍ഹാസും പര്‍വേസ് റസൂലും സ്കോര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 15റണ്‍സെടുത്ത മിഥുന് റണ്ണൗട്ടായി. തുടര്‍ന്നത്തെിയ സയിദ് സാഗര്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. അവസാന ഓവറുകളില്‍ പര്‍വേസും സഹൂര്‍ സോഫിയും നടത്തിയ പ്രകടനമാണ് കശ്മീരിന് 126 റണ്‍സെന്ന സ്കോര്‍ സമ്മാനിച്ചത്. കേരളത്തിനായി റൈഫി രണ്ടും, സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്, ജഗദീഷ് എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.
തുടര്‍ന്ന് 127 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വി.എ. ജഗദീഷിനെ നഷ്ടമായി. സ്കോര്‍ 35-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനെയും 48-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത സഞ്ജു സാംസണെയും നഷ്ടമായി. പിന്നീട് രോഹന് പ്രേമും സച്ചിന് ബേബിയും (13) ചേര്‍ന്ന് നേടിയ 40 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.
സ്കോര്‍ 88-ല്‍ നില്‍ക്കേ സച്ചിന് ബേബിയും 91-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത വിനൂപ് മനോഹരനും മടങ്ങിയതോടെ കേരളം അഞ്ചിന് 91 എന്ന നിലയിലായി. പിന്നീട് രോഹനും റൈഫിയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ 129 റണ്‍സെടുത്ത കേരളത്തിന് വിജയം സമ്മാനിച്ചു. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഉപനായകന്‍ രോഹന് പ്രേമും റൈഫിയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ജമ്മുകശ്മീരിനായി മുഹമ്മദ് മദസിര് രണ്ട് വിക്കറ്റുകളും സഹൂര്‍ സോഫി, വസീം റാസ എന്നിവര്‍ ഒന്നുവീതം വിക്കറ്റും വീഴ്ത്തി. ഇന്ന് 1.30ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: