കൊച്ചി: കാന്‍സര്‍ സെന്റര്‍ അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊച്ചി കാന്‍സര്‍ സെന്റര്‍ ജലരേഖയായെന്ന് കുറ്റപ്പെടുത്തിയ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും വ്യക്തമാക്കി. കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയോ അഡീഷണല്‍ ചീഫ് സെക്രട്ടറിയോ അടുത്തമാസം 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
ചീഫ് സെക്രട്ടറി നേരിട്ടോ പ്രതിനിധി വഴിയോ ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്ന് കഴിഞ്ഞ സിറ്റിംഗില്‍ കമ്മീഷന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ചീഫ് സെക്രട്ടറി ലംഘിച്ചു. ഒപി മാത്രം ആരംഭിച്ചിട്ട് കാര്യമെന്താണെന്നും രോഗികള്‍ ചികിത്സയ്ക്ക് എവിടെപ്പോകുമെന്നും കമ്മീഷന് ചോദിച്ചു.
കാന്‍സര്‍ സെന്ററിന്റെ ബോര്‍ഡ് യോഗം ചേരുകയോ ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതായി കമ്മീഷന് വ്യക്തമാക്കി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ അനുവദിച്ചെങ്കിലും പണം ലഭ്യമായിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നതിനു പോലും നടപടിയായിട്ടില്ല. ചെറിയ പലിശയ്ക്ക് 450 കോടി രൂപ നല്‍കാമെന്ന് എറണാകുളം ജില്ലാസഹകരണബാങ്ക് പറഞ്ഞിട്ടും അതില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുജനങ്ങള്‍ സംഭാവന നല്കാന് തയാറായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതു വാങ്ങുന്ന കാര്യത്തിലും തീരുമാനമായില്ല. ഏതൊക്കെ ഉപകരണങ്ങള്‍ വാങ്ങി എന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് നല്കാന് തയാറായിട്ടില്ല. ഗവേണിംഗ് കൗണ്‍സില്‍ ഇതുവരെ യോഗം ചേര്‍ന്നില്ല.
ഒരാഴ്ചക്കുള്ളില്‍ യോഗം ചേര്‍ന്ന് സഹകരണബാങ്ക് വാദ്ഗാനം ചെയ്ത പണം നേടിയെടുക്കാന്‍ നടപടി സ്വീകരിക്കണം. പേരിനു ചില നടപടികള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഇതൊന്നും കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഗുണകരമല്ലെന്നു കമ്മീഷന് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: