മല്ലികാ സാരാഭായ് ഉണ്ടാക്കിയ ആശയക്കുഴപ്പം അവര്‍ തിരുത്തുമോ, ഉയര്‍ത്തിയ വ്യാജ ആരോപണത്തിന്റെ പേരില്‍ മാപ്പു പറയുമോ?
പ്രധാനമന്ത്രി മോദി, പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അക്ഷരാര്‍ത്ഥത്തില്‍ രേഖപ്പെടുത്തി; ആ സന്ദേശം നര്‍ത്തകിയുടെ മകന് കാര്‍ത്തികേയ സാരാഭായ്ക്ക് എത്തിച്ചു. പക്ഷേ മല്ലിക അതറിഞ്ഞില്ല. അതവരുടെ വീട്ടുകാര്യം. അതിന് പ്രധാനമന്ത്രിയ്ക്കെതിരേ മല്ലിക ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും എന്തൊക്കെയായിരുന്നു! അതിന്റെ പേരില്‍ അവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഏറ്റുപിടിച്ച് കാര്യം അറിയാതെ ചില മാധ്യമങ്ങളും വ്യക്തികളും ഉയര്‍ത്തിയ വിവാദം എന്തെല്ലാമായിരുന്നു!!
പ്രധാനമന്ത്രി ഈ അനുശോചനം അറിയിച്ചത് അറിയാതെയായിരിക്കുമോ മല്ലികാ സാരാഭായ് നരേന്ദ്ര മോദിക്കെതിരേ പ്രതികരിച്ചത്. ആയിരിക്കാനിടയില്ല.
കേന്ദ്ര സര്ക്കാരിനെതിരേതും പ്രധാനമന്ത്രി മോദിക്കെതിരേയും ബിജെപിക്കും സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും എതിരേയും നടക്കുന്ന ആസൂത്രിക കുപ്രചാരണങ്ങളുടെ തുടര്പരിപാടിയോ ഭാഗമോ ആയിരുന്നു ഇതും.
പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി, ഇനി മല്ലികയുടെ പക്കലായിരുന്നു എത്തിച്ചിരുന്നതെങ്കിലോ. സംശയിക്കണം, അവര്‍ ആ അനുശോചനക്കത്ത് ഒരുപക്ഷേ തിരിച്ചയച്ചേനെ. അവാര്‍ഡ് വാപസി സംഘത്തിനെ പിന്തുണയ്ക്കുന്ന, അവരുടെ ആശയവും ലക്ഷ്യവും വെച്ചു പ്രവര്‍ത്തിക്കുന്നവരില്‍ പ്രമുഖയാണല്ലോ മല്ലികയും.
നരേന്ദ്ര മോദിയ്ക്കെതിരേ ഗുജറാത്തിലും ദേശീയതലത്തിലും വിദേശങ്ങളിലും പ്രചാരണ പ്രവര്‍ത്തനം നടത്തിയവരില്‍ മുമ്പയാണ് മല്ലികാ സാരാഭായ്. പക്ഷേ, മൃണാളിനി സാരാഭായ് എന്ന വിഖ്യാതയായ അമ്മയ്ക്കു മകളുടെ നിലപാടയിരുന്നില്ല. പദ്മ പുരസ്കാരങ്ങള്‍ രണ്ടുവട്ടം കിട്ടിയ ആ അമ്മ, ഈ അവാര്‍ഡ് വാപസിക്കാരുടെ പ്രേരണയും നിര്‍ബന്ധവും ഉണ്ടായിട്ടും അതിനു കൂട്ടുനിന്നില്ല. മാത്രമല്ല, ഗുജറാത് ഹാന്‍ഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അദ്ധ്യക്ഷയുമായിരുന്നു കുറേക്കാലം.
മല്ലികാ സാരാഭായ് മോദി വിരുദ്ധ പ്രചാരണ സംഘത്തില്‍ പെട്ട് കടുത്ത മോദിവിരോധം പ്രകടിപ്പിച്ചു പലവട്ടം. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഗുജറാത്തില്‍ സ്ഥിരവാസമാക്കിയ തനിക്ക് അര്‍ഹമായ പ്രാധാന്യം സര്‍ക്കാര്‍ തലത്തില്‍ കിട്ടുന്നില്ലെന്നു പലവട്ടം പരാതിപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മോദി വിരോധത്തിന്റെ മേല്‍ ആലോചിച്ചുറച്ചുതന്നെയാണ് അവര്‍ അനുശോചന വിവാദം ഉണ്ടാക്കിയതെന്നു സംശയിക്കുന്നതില്‍ തെറ്റില്ല.
പക്ഷേ, അവാര്‍ഡ് വാപസിയ്ക്കു കാരണം പറഞ്ഞിരുന്ന അസഹിഷ്ണുതയാണിവിടെ പ്രകടമാകുന്നതെന്നു വ്യക്തം; പക്ഷേ അസഹിഷ്ണുത സര്‍ക്കാരിനല്ല, സര്‍ക്കാരിനെ എതിര്ക്കുന്നവര്ക്കാണെന്നു മാത്രം.
മല്ലികയുടെ അസഹിഷ്ണുത അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചു. നിക്ഷിപ്ത താല്പര്യക്കാര് അതു പ്രചരിപ്പിച്ചു. മോദി-സര്‍ക്കാര്‍-സംഘ പരിവാര്‍ വിരുദ്ധ സംഘങ്ങളും മാധ്യമങ്ങളും അതു ചര്‍ച്ച ചെയ്തു. മറ്റു പല സംഭവങ്ങളിലുമെന്നപോലെ, ഈ കാര്യത്തിലും അവര്‍ പുകമറ സൃഷ്ടിച്ചു. കുപ്രചാരണങ്ങളിലൂടെ, മരിച്ചവരോടും അസഹിഷ്ണുത പുലര്‍ത്തുന്ന പ്രധാനമന്ത്രിയെന്ന തെറ്റിദ്ധാരണ പരത്താനായി. പക്ഷേ, സത്യം ബോധ്യപ്പെട്ട സാഹചര്യത്തില്‍ തിരുത്താന്‍ മല്ലിക മര്യാദ കാണിക്കുമോ. പിശകു പറ്റിയതില്‍ മാപ്പു ചോദിക്കുമോ? സാധ്യതയില്ല.
പക്ഷേ, ഈ അനുശോചന വിവാദത്തിലൂടെ ഒരുകാര്യം ഒരിക്കല്‍കൂടി സുവ്യക്തമാകുകയാണ്. കുപ്രചാരണക്കാരുടെ സംഘം ഉറങ്ങുന്നില്ല. ദല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിന് ബിജെപിയെയും സംഘപരിവാറിനെയും സര്‍ക്കാരിനെയും പ്രതിയാക്കി. മോഷണമായിരുന്നു ആക്രമണ ലക്ഷ്യമമെന്നു വ്യക്തമായപ്പോള്‍ പ്രക്ഷോഭക്കാര്‍ മിണ്ടാതിരുന്നു. ദാദ്രിയില്‍ ആള്‍ക്കൂട്ടത്തിന്റെ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചപ്പോള്‍ അതു കൊലപാതകമാക്കി, ബിജെപിയ്ക്കും സര്‍ക്കാരിനും സംഘ പരിവാറിനുമെതിരേയുള്ള ആരോപണമാക്കി. സത്യം വ്യക്തമായപ്പോള്‍ ആരും തിരുത്തിയില്ല. കേരളഹൗസില്‍ ദല്‍ഹി പോലീസ് അടുക്കള പരിശോധിച്ചുവെന്ന് വിവാദമുണ്ടാക്കിയവര്‍ അങ്ങനെ സംഭവിച്ചില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചപോലെയിരുന്നു. ഹൈദരാബാദില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്കു കാരണം കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ചു നാടുനീളെ കലാപം ഉണ്ടാക്കാന്‍ പുറപ്പെട്ടവര്‍ യാഥാര്‍ത്ഥ്യം ബോധ്യമാകുമ്പോള്‍ ആരോപണത്തിന്റെ ദിശയും ലക്ഷ്യവും മാറ്റുന്നു.
ഒടുവില്‍ മല്ലികയുടെ ആരോപണം- അത് അടിസ്ഥാന രഹിതമാണെന്നു തെളിഞ്ഞു; മുന്പുണ്ടായിട്ടുള്ള മറ്റ് ആരോപണങ്ങള്‍ പോലെതന്നെ. പക്ഷേ, ഇവരാരും തിരുത്താന്‍ തയ്യാറാകുന്നില്ല, മിണ്ടാന്‍ തയ്യാറാകുന്നില്ല. കാരണം, അവര്‍ക്ക് തെറ്റു പറ്റിയതല്ല, എങ്കിലല്ലേ തിരുത്തേണ്ടൂ, അവര്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതുതന്നെയാണല്ലോ. അത്തരക്കാരില്‍നിന്ന് തിരുത്തലോ ക്ഷമാപണമോ പ്രതീക്ഷിക്കുകവയ്യല്ലോ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: