സര്, ഇനി എന്തിന് ആ കസേരയില്‍ ഇരിയ്ക്കുന്നു, ഇറങ്ങി പൊയ്ക്കൂടെ? അധികാരത്തിന്റെ ലാത്തിയെ പേടിയില്ലാത്ത ഏതു സാധരണക്കാരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ടു ചോദിക്കാന്‍ അവസരം കിട്ടിയാല്‍ ഉയര്‍ത്തുന്നത് ഈ സംശയമായിരിക്കുമെന്നുറപ്പ്. പക്ഷേ, പോലീസിനെ മുതല്‍ വിജിലന്‍സിനെ വരെ തന്നിഷ്ട പ്രകാരം വിനിയോഗിക്കാന്‍ മടിയില്ലാത്ത, അങ്ങനെ ദുരുപയോഗിക്കുന്ന, അധികാരവൃന്ദത്തോട് ഇങ്ങനെ ചോദിക്കുന്നതുപോയിട്ട് അങ്ങനെ ആലോചിക്കാന്‍ പോലും ഒരു സാധാരണക്കാരനാവില്ല എന്നത് വേറേ കാര്യം. പക്ഷേ, ഇതൊരു അവസരമാണ്, മുഖ്യമന്ത്രി സ്വയം ചോദിക്കട്ടെ, എനിക്കിനി തുടരാന്‍ ധാര്‍മ്മികമായി അവകാശമുണ്ടോ?
ആന്റണിക്കു പകരക്കാരനായി ഉമ്മന്‍ ചാണ്ടി ഇടക്കാല മുഖ്യമന്ത്രിയായപ്പോഴേ അതു തെളിയിച്ചിരുന്നു; അതിവേഗം ജനങ്ങള്‍ക്ക് അപ്രിയനായി മാറിയിരുന്നു. ഭരിക്കുന്നതിനല്ല, പ്രതിപക്ഷത്തിരുന്നായാലും ഭരണപക്ഷത്തിരുന്നായാലും പാര്‍ട്ടിരാഷ്ട്രീയം കളിക്കുന്നതിലായിരുന്നു ചാണ്ടിയുടെ മിടുക്ക്. ഭരണത്തില്‍ അത് നടപ്പില്ലെന്നതിനു ജനം കൊടുത്ത താക്കീതായിരുന്നല്ലോ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലെ തോല്‍വി. പക്ഷേ, തകര്‍പ്പന്‍ ഭൂരിപക്ഷം കിട്ടി അധികാരത്തിലേറിയ ഇടതു മുന്നണിക്കും അഴിമതിയും കെടുകാര്യസ്ഥതയും ഭരണപ്പിടിപ്പുകേടുമായിരുന്നു നല്‍കാനായത്. അങ്ങനെ വീണ്ടും വീണുകിട്ടിയ മുഖ്യമന്ത്രിസ്ഥാനംകൊണ്ട് ഉമ്മന്‍ ചാണ്ടി അതിവേഗം ജനവിരുദ്ധനായി. ബഹുദൂരം ജനങ്ങളില്‍നിന്നകന്നു.
രണ്ടു മന്ത്രിമാര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍നിന്നു രാജിവെച്ചു. രണ്ടും അഴിമതിക്കേസ്- ബാര്‍കോഴ അഴിമതി. കോഴ ഇടപാടു സംബന്ധിച്ച ആരോപണം ഉന്നയിച്ച, കോടതിയില്‍ പോയ ഹര്‍ജിക്കാര്‍ പറയുന്നത് ഇനിയും കൂടുതല്‍ പേര് ബാര്‍കോഴ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്. അതില്‍ വി. എസ്. ശിവകുമാര്‍ എന്ന ആരോഗ്യ മന്ത്രിയുടെ പേര് പുറത്തുവന്നിട്ടുണ്ട്. ഇനിയും പല പ്രമുഖരുടെ പേരും പുറത്താകും. അതിന് തെരഞ്ഞെടുപ്പു പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ മന്ത്രിസഭയിലെ മുഴുവന്‍ പേരെയും സംശയിക്കണം. ഇനി അതിന്റെ തലവനായ മുഖ്യമന്ത്രിയുടെ കാര്യമോ?
കോടതിയുടെ പരാമര്‍ശം വന്നതോടെയാണ് കെ. എം. മാണിയും കെ. ബാബുവും രാജിവെച്ചത്. സര്‍ക്കാരിനെതിരേ ദിനംപ്രതിയെന്നവണ്ണം വരുന്ന കോടതി വിമര്‍ശനങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിതന്നെ. അങ്ങനെ നോക്കിയാല്‍, ധാര്‍മ്മികത കണക്കാക്കിയായാല്, മുഖ്യമന്ത്രി എന്നേ രാജിവെച്ച് ഒഴിയണം. പക്ഷേ, അതുണ്ടായില്ല, ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.
പക്ഷേ, ജനുവരി 26 ഭാരത റിപ്പബ്ലിക് ദിനാഘോഷമായി ജനജീവിതത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതുപോലെ, ജനുവരി 25 ഈ വര്‍ഷം മുതല്‍, 2016 മുതല്‍, കേരളത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോവുകയാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രി, ഒരു കമ്മീഷന്റെ മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനായകാന് പോകുകയാണ്-സോളാര്‍ കമ്മീഷനുമുന്നില്‍. സരിത എസ്. നായര്‍ എന്ന ഒരു തട്ടിപ്പുകാരിയും ബിജുരാധാകൃഷ്ണന് എന്ന ഒരു വെട്ടിപ്പുകാരനും ചേര്‍ന്ന് സംസ്ഥാനത്തെ ഒട്ടേറെ ജനങ്ങളെയും സ്ഥാപനങ്ങളെയും സര്‍ക്കാരിനെത്തന്നെയും കബളിപ്പിച്ചു. ആ തട്ടിപ്പില്‍ മുഖ്യമന്ത്രിയും ഏതെങ്കിലും തരത്തില്‍ പങ്കാളിയാണെന്ന് ആരോപണങ്ങളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയും ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു. സാമ്പത്തിക തട്ടിപ്പിന്റെ ഈ ഇടപാടുകളില്‍ ലൈംഗിക ചൂഷണമുള്‍പ്പെടെയുള്ള നാണംകെട്ട,
ആരോപണങ്ങളാണുള്പ്പെട്ടിരിക്കുന്നത്. സരിത എന്ന കുഴപ്പക്കാരിയുമായി മുഖ്യമന്ത്രിക്ക് ലൈംഗിക ഇടപാടുകള്‍ ഉണ്ടായെന്ന് ഒരാള്‍ കമ്മീഷനു മൊഴി നല്‍കിയത് രാജ്യത്തെ ജനാധിപത്യാവകാശത്തിന്റെ മാഹാത്മ്യമാണെന്നെല്ലാം പറയാമെങ്കിലും അത് സംസ്ഥാനത്തെ സംബന്ധിച്ച് ആക്ഷേപകരമായ ആരോപണമാണെന്നു സംശയമേ ഇല്ല.
ഇവിടെയാണ് ആ ധാര്‍മ്മികതയുടെ ചോദ്യം ഉയരുന്നത്. ഇത്തരമൊരു കേസില്‍ ഒരു കമ്മീഷനു മുന്നില്‍ ഹാജരാകുമ്പോള്‍ ധാര്‍മ്മികതയുടെ പേരില്‍ തന്റെ ആടയലങ്കാരങ്ങള്‍ അഴിച്ചുവെക്കുകതന്നെയല്ലേ ഉചിതം.
കാരണം, ഉമ്മന്‍ ചാണ്ടിയല്ല, കോണ്‍ഗ്രസ് നേതാവല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാണല്ലോ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാകുന്നത്. അവിടെ, കമ്മീഷന് ചോദ്യം ചെയ്യുന്നത് കേരള ജനതയെ ആണല്ലോ, അവരുടെ മനസ്സാക്ഷിയെ ആണല്ലോ. കാരണം, വോട്ടു ചോദിക്കുന്ന വേളയില്‍ നിങ്ങളുടെ മനസ്സാക്ഷിയുടെ വോട്ടു നല്കി തെരഞ്ഞെടുക്കാനാണല്ലോ ആഹ്വാനം ചെയ്തിരുന്നത്. അല്ലെങ്കില്‍ ചില രാഷ്ട്രീയക്കാരോട് ധാര്‍മ്മികതയെക്കുറിച്ച് മിണ്ടിപ്പോകരുതെന്നാണല്ലോ അലിഖിത പ്രമാണം ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: