പുതിയ മുദ്രാവാക്യം ഉയര്‍ത്തി പുത്തന്‍ പ്രതീക്ഷയുമായി വിമോചനയാത്ര മുന്നേറുമ്പോള്‍ രചിക്കപ്പെടുന്നത് സേവനത്തിന്റെ വ്യത്യസ്ത മാതൃകകള്‍. ആവേശകരമായ പ്രസംഗങ്ങളും പ്രൗഢഗംഭീര വേദിയും ആരവം അലതല്ലുന്ന സ്വീകരണവും മാത്രമല്ല രാഷ്ട്രീയ യാത്രകളുടെ വിജയസൂത്രമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന വിമോചനയാത്ര മുന്നേറുന്നത്.
സേവനത്തിന്റെ ഏടുകള്‍ രചിച്ചാണ് രഥം ഉരുളുന്നത്. മഞ്ചേശ്വരം ഉപ്പളയിലെ ഉദ്ഘാടന ചടങ്ങ് തന്നെ എന്റോസള്ഫാന് ദുരിതബാധിതരുടെ കണ്ണീരൊപ്പിക്കൊണ്ടായിരുന്നു. ബഡ് സ്കൂളുകള്‍ക്ക് ഫര്‍ണിച്ചറുകളും കളിപ്പാട്ടങ്ങളും നല്കി.
കല്യാശേരിയില്‍ നൂറ് കണക്കിന് അന്തേവാസികള്‍ ഉള്ള ഹോപ്പ് അനാഥാലയത്തിലെത്തിയ കുമ്മനം എല്ലാവര്ക്കും പുതപ്പുകള്‍ നല്‍കുകയും രണ്ടു മാസത്തെ ചെലവിനുള്ള പണം കൈമാറുകയും ചെയ്തു. ഇരിക്കൂറില്‍ മച്ചിന്നടുവില് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആവശ്യമായ ഫര്‍ണിച്ചറുകള്‍ നല്കി. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ രണ്ട് വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന രഞ്ജിത്തിന് ചികിത്സാസഹായം വിതരണം ചെയ്തു.
മാലിന്യത്തില്‍ ഭക്ഷണം തെരഞ്ഞതിലൂടെ കേരളത്തിന്റെ മനസാക്ഷിക്ക് മുന്നില്‍ കണ്ണീരായി മാറിയ പേരാവൂര്‍ തിരുവോണപ്പുറം കോളനിയിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ കുമ്മനത്തിന്റെ ആഹ്വാനം കേട്ട് ബിജെപി പ്രവര്‍ത്തകര്‍ ധനസഹായം നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് രണ്ടര പവന്റെ തന്റെ കൈവള ഊരി നല്‍കിയത് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.
താമരശേരിയില്‍ രണ്ട് ഭവനങ്ങള്‍ നിര്‍മിക്കാനുള്ള ധനസഹായമാണ് വിതരണം ചെയ്തത്. ഏലത്തൂരില്‍ ബിജെപി പ്രവര്ത്തകന് പുരുഷോത്തമന് തന്റെ കൈയില്‍ കിടന്ന ബ്രേസ്ലെറ്റ് ഊരി കുമ്മനത്തെ ഏല്‍പ്പിച്ചിട്ട് തിരുവോണപ്പുറം കോളനിയിലെ കുട്ടികള്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ പറഞ്ഞത് വികാരനിര്‍ഭരമായിട്ടായിരുന്നു.
വടകരയില്‍ സര്‍ക്കാര്‍ ആശുപത്രി ശുചീകരിച്ചതും സ്വച്ഛ് ഭാരത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്. വേങ്ങരയില്‍ കുന്നും പുറം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന് ആവശ്യമായ എയര്‍ ബഡ്ഡുകള്‍ നല്കി. മണ്ണാര്‍കാട് വാഹനാപകടത്തില്‍ മരിച്ച വടക്കേചെള്ള ഹരിദാസിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് മുഴുവന്‍ ബിജെപി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ട് ധനസഹായം കൈമാറുന്ന ചടങ്ങോടെയായിരുന്നു സമ്മേളനം തുടങ്ങിയത്. ഒറ്റപ്പാലത്ത് അമ്പലപ്പാറ പഞ്ചായത്തിലെ 125 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഒന്നര ലക്ഷം രൂപ മുടക്കി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി യാത്രയ്ക്കിടെ കുമ്മനം ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ നൂറ് കണക്കിന് ഔഷധച്ചെടികള്‍ വിതരണം ചെയ്തതും സേവനത്തിന്റെ ഭാഗമായിട്ടായിരുന്നു.
ചെറുതും വലുതുമായ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഓരോ സ്വീകരണ ചടങ്ങുകളിലും ഉണ്ടായിരുന്നു. വിമോചന യാത്ര മുന്നോട്ട് പോകുമ്പോള്‍ ഇനിയും കൂടുതല്‍ സേവനാധിഷ്ഠിത പരിപാടികള്‍ നടപ്പാക്കാനാണ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: