മലപ്പുറം: കോണ്‍ഗ്രസില്‍ മുസ്ലീം ലീഗിന്റെ ഏറ്റവും വലിയ വിമര്ശകന് ആയ ആര്യാടന് മുഹമ്മദ് പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്ക്ക് എടക്കരയില്‍ നല്കിയ സ്വീകരണത്തില്‍ മുഖ്യ അതിഥിയായി എത്തിയതിനെതിരെ കുഞ്ഞാലിക്കുട്ടി, ഇ.ടി. വിഭാഗങ്ങള്‍ തമ്മിലുള്ള പോര് രൂക്ഷമാവുന്നു. യുഡിഎഫ് മുന്നണിക്കെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത്, വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്ന ലീഗിന് തിരിച്ചടിയായിരിക്കുകയാണ് ഈ പോര്.
ലീഗിന്റെ ശക്തിദുര്‍ഗമായ മലപ്പുറം ജില്ലയിലാണ് കുഞ്ഞാലിക്കുട്ടി, ഇ.ടി. വിഭാഗങ്ങള്‍ തമ്മിലുള്ള ശീതസമരം രൂക്ഷമാവുന്നത്. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെങ്കിലും യോഗത്തിനെത്താന്‍ താല്പര്യം പ്രകടിപ്പിച്ച ആര്യാടനെ കുഞ്ഞാലിക്കുട്ടി സ്വാഗതം ചെയ്യുകയായിരുന്നു. കോണ്‍ഗ്രസില്‍ ലീഗിന്റെ ഏറ്റവും വലിയ വിമര്‍ശകനാണ് ആര്യാടന് മുഹമ്മദ്.
ഇ.ടിയെ വര്‍ഗീയവാദിയെന്ന് പരസ്യമായി വിളിച്ചയാളാണ് ആര്യാടന്. മലബാറില്‍ ജാതിയുടെ പേരില്‍ ചേരിതിരിവുകളുണ്ടാക്കുന്നത് ലീഗാണെന്നും തുറന്നടിച്ചു. കോണ്‍ഗ്രസ് വോട്ട് വാങ്ങി തെരഞ്ഞെടുപ്പ് വിജയിക്കുന്ന ലീഗ് നേതൃത്വം മാന്യത വിട്ട് പെരുമാറുകയാണെന്നും കുറ്റപ്പെടുത്തി. കേരള രാഷ്ട്രീയത്തില്‍ തന്നെ ലീഗിനെ ഏറ്റവും വിമര്‍ശിച്ചു പോന്ന നേതാവും ആര്യാടന് തന്നെ.
മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം നിലമ്പൂരില്‍ സിപിഎമ്മിന്റെ കൂടി പിന്തുണയില്‍ ലീഗ് എതിര്‍പ്പിനെ അതിജീവിച്ച് വിജയിച്ചിരുന്ന ആര്യാടന് ഇത്തവണ സോളാര്‍ ആരോപണത്തിന്റെ പേരില്‍ ഇടതിന്റെ ശക്തമായ എതിര്‍പ്പ് ഉണ്ടാവാനാണ് സാധ്യത. ഇത് തിരിച്ചറിഞ്ഞാണ് ലീഗിനോട് അടുക്കാനുള്ള നീക്കം. ഇത്തവണ നിലമ്പൂരില്‍ പുത്രന് ആര്യാടന് ഷൗക്കത്തിനു വിജയമുറപ്പിക്കാന്‍ ലീഗിന്റെ പിന്തുണ കൂടിയേ തീരൂ.
ആര്യാടനുമായി വേദി പങ്കിട്ടതിലെ നീരസം ലീഗ് നേതൃത്വത്തില്‍ പലരും രഹസ്യമായി പങ്കുവച്ചു കഴിഞ്ഞു. ലീഗിന്റെ പരമോന്നത നേതൃത്വമായ പാണക്കാട്ട് തങ്ങളെപ്പറ്റി ഷൗക്കത്ത് അതിനിശിതമായ വിമര്‍ശനം ഉന്നയിച്ചതും, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനെ ആര്യാടന് എട്ടുകാലി മമ്മൂഞ്ഞിനോട് ഉപമിച്ചതുമെല്ലാം അണികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ള ചില നേതാക്കളും വിഷയത്തില്‍ ഇ.ടിയെ പിന്തുണ അറിയിച്ചു കഴിഞ്ഞു.
അതിനിടെ വിജയം ഉറച്ച ലീഗ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള മത്സരവും ലീഗില്‍ ശക്തമായി. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്ന നേതാക്കള്‍ മുമ്പെങ്ങുമില്ലാത്ത വിധം പരസ്യമായി രംഗത്തുവരുന്നതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ലീഗിന്റെ ഈറ്റില്ലമായ താനൂരില്‍ നിലവിലെ എം.എല്‍.എ. അബ്ദുറഹ്മാന് രണ്ടത്താണിയും, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടിയും തമ്മിലുള്ള മത്സരം മൂര്‍ച്ഛിച്ചതോടെ അണികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ട്. മണ്ഡലത്തില്‍ എത്തിയ കേരള യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇരു നേതാക്കളുടെയും അനുയായികള്‍ ഉയര്‍ത്തിയ പോസ്റ്ററുകള്‍ മേഖലയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പൊന്നാനിയില്‍ മത്സരിച്ച വി. അബ്ദുറഹിമാനാണ് താനൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ലീഗ് കോട്ടയായ താനൂരില്‍ അബ്ദുറഹിമാനെതിരെ ജയിച്ചു കയറാമെന്ന് രണ്ടത്താണിയും, കുട്ടി അഹമ്മദ് കുട്ടിയും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: