‘സ്ത്രീ’യാണ് മലയാളത്തില്‍ പരമ്പരയുടെ ആദ്യ വിഭ്രമക്കാറ്റടിച്ച് കാഴ്ചയെ കടപുഴക്കിയത്. മലയാളി എല്ലാം മാറ്റിവച്ച് വൈകിട്ട് ഏഴരയ്ക്ക് ഏഷ്യാനെറ്റിനു മുന്നില്‍ കുത്തിയിരുന്നു. നാമജപവും അത്താഴവും ഈ സീരിയലിനു മുമ്പോ പിമ്പോ ആയി. ആണുങ്ങള് ജോലികഴിഞ്ഞു തിരക്കുപിടിച്ച് വീട്ടിലെത്തി. സെക്കന്റ്ഷോയ്ക്ക് തിയറ്ററില്‍ ആളില്ലാതായി. ബാറുകള്‍ ഒഴിഞ്ഞുകിടന്നു. ഇതെന്തൊരു ദുര്‍ഭൂതമെന്നു പറഞ്ഞ് പണിമുടങ്ങിയവരും ടിവിക്കുമുന്നില്‍ കുത്തിയിരുന്ന് അടിമകളായി. കണ്ട എപ്പിസോഡും വരാനിരിക്കുന്നതും നാട്ടുവിശേഷങ്ങളെക്കാള് വാര്‍ത്തയായി. പതിനെട്ടുവര്‍ഷം മുമ്പ് സ്ത്രീയിലൂടെ സീരിയലിനെ വീട്ടകമാക്കിമാറ്റിയ തിരക്കഥാകൃത്ത് മണിഷൊര്ണ്ണൂര് ഓര്‍മയാകുമ്പോള്‍ മറക്കാനാവാത്തത് ഇന്നും ചാനലുകളിലെ പ്രധാന വിഭവമായ പരമ്പരയുടെ തുടക്കക്കാരന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനമാണ്.
യന്ത്ര നിര്‍മിച്ച സ്ത്രീ സംവിധാനം ചെയ്തത് പി.സി വേണുഗോപാലാണ്. ചാനലിനെ ജനകീയമാക്കിക്കൊണ്ട് വന്‍ പരസ്യമാണ് ഈ പരമ്പര സമ്മാനിച്ചത്. സ്ത്രീയുടെ ചുവടുപിടിച്ചാണ് ചാനലുകളിലെ പ്രധാന ഇനവും സാമ്പത്തിക സ്രോതസുമായ പരമ്പര ഇന്നും നിലനില്‍ക്കുന്നത്. ഒന്നിനു പിറകെ ഒന്നായി മൂന്നു സ്ത്രീ പരമ്പരകള്‍ മണി ഷൊര്ണ്ണൂറിന്റെതായി വന്നു. മൂന്നും വന്‍ഹിറ്റായിരുന്നു. മറ്റുചില പരമ്പരകള്‍ ചെയ്തിരുന്നുവെങ്കിലും സ്തീയുടെ എഴുത്തുകാരന് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.പരമ്പരക്കാലത്ത് കൂടുതല്‍ പ്രതിഫലം പറ്റുകയും ഈരംഗത്ത് സര്‍വാദരണീയനുമായിരുന്നു മണി.
നാടകരചയിതാവായും നടനായും സിനിമാക്കാരനായും മണി നേരത്തെ അറിയപ്പെട്ടിരുന്നു. ആമിനടൈലേഴ്സ്, ദേവരാഗം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മയിലാട്ടം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അദ്ദേഹം. ഭരതന് സംവിധാനം ചെയ്ത് അരവിന്ദ്സ്വാമിയും ശ്രീദേവിയും പ്രധാന കഥാപാത്രങ്ങളായ ദേവരാഗം മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.
ഘനഗംഭീരമായ ശബ്ദത്തിനുടമയായിരുന്നു മണി. ഒരുതവണ കേട്ടാല്‍ വീണ്ടും അതിനായി നാം കാതോര്‍ക്കും. നാടക ഭ്രമവുമായി നടന്നിരുന്ന കാലത്ത് ഇത്തരം ശബ്ദം തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരിചയപ്പെട്ടാല്‍ അനുഭവമായിമാറുമായിരുന്നു ഈ എഴുത്തുകാരന്. വലിയശരീരത്തില്‍ കുട്ടിയുടെ മനസുമായി ജീവിച്ച മനുഷ്യനാണ് മണി ഷൊര്‍ണ്ണൂര്‍. നിഷ്ക്കളങ്കമായി ചിരിച്ചും സ്നേഹംകാട്ടിയും ആരോടും പരിഭവമോ വിദ്വേഷമോ ഇല്ലാതെ ഉള്ളില്ക്കേറിയിരിക്കുന്ന ആളായിരുന്നു അദ്ദേഹം.
പ്രശസ്തമാകുന്ന കാലത്ത് അഹങ്കാരവും ജാഡയും കാട്ടി ആളാകുന്ന എഴുത്തുകാര്‍ക്കിടയില്‍ മണിഷൊര്ണ്ണൂര് വിനയംകൊണ്ട് ചെറുതായിരുന്നു, അടുത്തറിയാവുന്നവര്‍ക്കു വലുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: