ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തങ്ങളുടെ വീക്ഷണങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ഒരുക്കത്തിലാണിപ്പോള്‍. ഇതിന്റെ ഭാഗമായാണ് മിക്കവാറും എല്ലാ പാര്‍ട്ടികളും യാത്രകള്‍ നടത്തിക്കൊണ്ടിരിക്കുന്നത.് ഇവയെല്ലാം ഏറെക്കുറെ ഈ മാസം മധ്യത്തോടെ തിരുവനന്തപുരത്ത് പര്യവസാനിക്കുകയും ചെയ്യും. തുടര്‍ന്ന് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. ഏപ്രില്‍ മാസത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അറിയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് യോഗം വിളിച്ചു ചേര്‍ക്കുകയും അതില്‍ അവര്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു.
നേരത്തെ സൂചിപ്പിച്ചതുപോലെ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളുമായി ആരംഭിച്ച വിമോചനയാത്രയ്ക്കാണ് ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. യുഡിഎഫിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് വി.എം സുധീരന് നയിക്കുന്ന ജനരക്ഷാ യാത്ര എന്നതുകോണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്കുതന്നെ വ്യക്തമല്ല. സാധാരണയായി ഭരിക്കുന്ന പാര്‍ട്ടി ഇത്തരത്തിലുള്ള യാത്രകള്‍ നടത്തുമ്പോള്‍, അവര്‍ നടപ്പാക്കിയിട്ടുള്ള നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനാണ് ശ്രമിക്കുക. എന്നാല്‍ സുധീരന്റെ യാത്രയുടെ ലക്ഷ്യം അതൊന്നുമല്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരിപാടികള്‍ക്കാണ് അവര്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. യാത്രയില്‍ ഒരിടത്തും സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.
അതേസമയം യാത്ര ആരംഭിച്ചതിനുശേഷം സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങല്‍ അനുദിനമെന്നോണം വര്‍ദ്ധിച്ചുവരികയാണ്. സംസ്ഥാനത്ത് മറ്റൊരു മുഖ്യമന്ത്രിയും ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഉയരുന്നത്. എന്നാല്‍ പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്ക്. സോളാര്‍ അഴിമതിയും, ബാര്‍ കോഴയും മന്ത്രിസഭയെ മുക്കിയിരിക്കുന്നു. അഴിമതി ആരോപണം നേരിടാത്ത ഒരു മന്ത്രി പോലും ഇല്ലെന്നുള്ളത് വിധിവൈപരീത്യം തന്നെ. ഇത്രയധികം മന്ത്രിമാര്‍ കോടതി കയറി ഇറങ്ങുന്നതും യുഡിഎഫിന്റെ നേട്ടമാണ്. വിവിധ തരത്തിലുള്ള ആരോപണങ്ങളുടെ പേരില്‍ മന്ത്രിമാര്‍ ഓരോരുത്തരായി രാജിവെയ്ക്കുന്നു. എന്നാല്‍ അതിനെല്ലാം ന്യായീകരണം കണ്ടെത്താന്‍ ഉമ്മന്‍ ചാണ്ടിക്കോ സുധീരനോ യാതൊരു വിഷമവും ഇല്ല.
ഇതിനു സമാനമായ രീതി തന്നെയാണ് പിണറായി നയിക്കുന്ന യാത്രയ്ക്കും. യാത്ര ആരംഭിച്ച ദിവസം തന്നെ ലാവ്ലിന് കേസന്വേഷണത്തെ സംബന്ധിച്ച വാര്‍ത്തയാണ് പിണറായിക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ താന്‍ പ്രതിയല്ലെന്നാണ് പിണറായിയുടെ വാദം. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നാണ് സുധീരന് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഈ നാലേ മുക്കാള്‍ വര്‍ഷം ലാവ്ലിന് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെടുക്കുകയായിരുന്നു? മലബാര്‍ സിമന്റ്സ് അഴിമതിയും ഇതിനു സമാനമാണ്. ഇരുമുന്നണികളും മാറി മാറി അന്വേഷിച്ചിട്ടും എവിടെയും എത്തിയില്ല.
അഴിമതിയുടെ പേരില്‍ ആരോപണപ്രത്യാരോപണങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിന് മാറ്റം വന്ന് തുടങ്ങി എന്നാണ് വിമോചനയാത്രയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍. സാധാരണക്കാരന്റെ മനസ് അറിഞ്ഞുകൊണ്ടുള്ള പ്രശ്നങ്ങളാണ് യാത്രയില്‍ ബിജെപി ഉയര്‍ത്തിയിട്ടുള്ളത്. അന്നവും, മണ്ണും , വെള്ളവും അതാണ് മനുഷ്യന് അത്യാവശ്യമായുള്ളത്. പക്ഷേ കഴിഞ്ഞ ആറുപതിറ്റാണ്ടായി കേരളം ഭരിച്ച കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അന്നത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്ന ഒരു അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. മണ്ണിന്റെ കാര്യത്തില്‍ പറയാനുമില്ല, വെള്ളവും തഥൈവ. ജനങ്ങള്‍ ദൈനംദിനം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാനല്ല യുഡിഎഫ് സര്‍ക്കാരിന് താല്പര്യം. മാസങ്ങളായി കേരളത്തില്‍ ഭരണമില്ല. ഇതിനൊരു മാറ്റം വരുത്തുവാനാണ് ബിജെപി ശ്രമം ആരംഭിച്ചിട്ടുള്ളത്. അതിന്റെ മുന്നൊരുക്കമായാണ് യാത്ര. സംസ്ഥാനത്ത് ഒരു എംഎല്‍എ പോലും ഇല്ലാതിരുന്നിട്ടും യാത്രയ്ക്ക് അങ്ങോളമിങ്ങോളം ലഭിക്കുന്ന ആവേശകരമായ സ്വീകരണങ്ങള്‍. പാര്‍ട്ടിയെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുന്നുവെന്നതിന് തെളിവാണ്. സ്വാഭാവികമായും ഈ സ്വീകരണം മുന്നണികളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. യാത്ര തിരുവനന്തപുത്ത് എത്തുമ്പോള്‍ അത് ഒരു ചരിത്ര സംഭവമായി മാറും എന്നകാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: