കൊച്ചി : ഒറ്റനോട്ടത്തില്‍ ന്യായമെന്നും സഹായമെന്നും തോന്നാം. വിദ്യാഭ്യാസ സ്ഥാപനത്തിനു സര്‍ക്കാര്‍ നല്കിയ സഹായമാണെന്നു വ്യാഖ്യാനിക്കാം. പക്ഷേ യഥാര്‍ത്ഥ ഉദ്ദേശ്യം എന്തായിരുന്നു. അതും ഈ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത്. സംശയിക്കണം, ഈ സഹായം കോളേജിനോ അതോ കോളേജ് നയിക്കുന്ന മാനേജ്മെന്റ് നിയന്ത്രിക്കുന്ന ലത്തീന്‍ കത്തോലിക്കാ സഭയ്ക്കോ എന്ന്.
കൊച്ചി മെട്രോനിര്മ്മാണത്തിനായി സെന്റ് ആല്‍ബര്‍ട്ട് കോളേജിന്റെ ഭൂമി ഏറ്റെടുത്തതില്‍ സര്‍ക്കാരിന് 45 ലക്ഷവും ഭൂമിയുമാണ് നഷ്ടമായിരിക്കുന്നത്. എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനടുത്തുള്ള സെന്റ് ആല്‍ബര്‍ട്ട് കോളേജിന്റെ ഗ്രൗണ്ടില്‍ നാല് ഏക്കര്‍ 13 സെന്റ് സ്ഥലം ഈ അടുത്ത കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ സ്ഥലം. 1995 ലാണ് സ്ഥലം കോളേജിന് പാട്ടത്തിന് കൊടുത്തത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥലത്തിന്റെ വിപണി വിലയുടെ 10 ശതമാനമാണ് പാട്ട തുകയാണ് അടയ്ക്കേണ്ടത്.
എന്നാല്‍ 1995 മുതല്‍ 2004 വരെയുള്ള വര്‍ഷങ്ങളില്‍ പാട്ടത്തുക കോളേജ് അടച്ചിരുന്നില്ല. ആകെ 1,81,57,446 രൂപയാണ് പാട്ട കുടിശ്ശിക. പാട്ടത്തുക അടയ്ക്കാത്തതിനാല്‍ കോളേജിനെതിരെ ഗവണ്മെന്റെ് നടപടി സ്വീകരിച്ചു. അതിനെ തുടര്‍ന്ന് പാട്ടത്തുക ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ സര്‍ക്കാരിനെ സമീപ്പിച്ചു. പാട്ട കുടിശ്ശികയുടെ 25 ശതമാനമായ 45,39,361 രൂപ അടച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. അങ്ങനെ പൊതുഖജനാവിലേക്കു ചെല്ലേണ്ട ഒന്നരക്കോടിയോളം രൂപ നഷ്ടമായി.
കോളേജ് അധികൃതര്‍ ഇളവ് ചെയ്തു നിശ്ചയിച്ച ഈ തുകയും അടയ്ക്കാന്‍ തയ്യാറായില്ല. പാട്ട വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പാട്ട കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തില്‍ പാട്ടം റദ്ദ് ചെയ്യ്ത് സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. ഈ സാഹചര്യത്തിലാണ് മെട്രോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോളേജ് ഗ്രൗണ്ട് ഏറ്റെടുത്തത്.
ഏറ്റെടുത്ത സ്ഥലത്തിന് പകരമായി തുല്ല്യ അളവില്‍ സൗജന്യമായി സ്ഥലം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥലം നല്‍കേണ്ട ചുമതല ജി.സി.ഡി.എയിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഗവണ്മെന്റിലേക്ക് 45,39,361 രൂപഅടയ്ക്കേണ്ടിയിരിക്കെ അത് ഒഴിവാക്കുകയും പുതിയ സ്ഥലം നല്ക്കാന് തയ്യറാവുകാണ് സര്‍ക്കാര്‍ ചെയ്യ്തത്. അതായത് സര്‍ക്കാരിന്റെ സ്ഥലം സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ പാട്ടക്കാരന് പകരം ഭൂമി നല്കുന്നു.
ലത്തീന്‍ സഭയെ അനുനയപ്പെടുത്താന്‍ വേണ്ടിയാണ് സെന്റ് ആല്‍ബര്‍ട്ട്
കോളേജിന് 45 ലക്ഷം രൂപയും, (വാസ്തവത്തില്‍ 1,81,57,446 രൂപ) സ്ഥലവും നല്കാന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വിമര്ശനക്കാര് ചൂണ്ടിക്കാട്ടുന്നത്. അടുത്ത കാലത്ത് ലത്തീന്‍ കത്തോലിക്കകാരെ അവഗണിക്കുകയാണെന്ന് പറഞ്ഞ് ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ സമരം നടത്തുകയുണ്ടായി.
യുഡിഎഫിനെ സഹായിക്കേണ്ട എന്ന നിലപാട് സ്വീകരിക്കാനിരിക്കെയാണ് ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള കോളേജിന് യുഡിഎഫ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത്. വരാന്‍ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ലത്തിന് കത്തോലിക്ക സഭയെ കൂടെ നിര്‍ത്താനുള്ള തന്ത്രമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: