മാവേലിക്കര: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചനയാത്ര ഇന്ന് പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ ചെങ്ങന്നൂരില്‍ നടന്ന ആലപ്പുഴ ജില്ലയിലെ സമാപന സ്വീകരണത്തിന് യാത്ര പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിച്ചു. തിരുവല്ലയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം.
മാവേലിക്കരയില്‍ നിന്നായിരുന്നു ഇന്നത്തെ വിമോചന യാത്ര പ്രയാണം ആരംഭിച്ചത്. രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കുമ്മനം പ്രസംഗം നടത്തി. സാമൂഹ്യ പരിഷ്കര്‍ത്താവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി.കെ. മാധവന്റെ ചെട്ടികുളങ്ങര കണ്ണമംഗലത്തെ സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി കൊണ്ടായിരുന്നു യാത്രയുടെ തുടക്കം.
ശാഖായോഗം ഭാരവാഹികളും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് കുമ്മനത്തെ സ്വീകരിച്ചു. അതിന് ശേഷം കായംകുളത്ത് പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ഹാജി കെ.കെ. മുഹമ്മദിനെ സന്ദര്‍ശിച്ചു. തന്റെ വസതിയിലെത്തിയ കുമ്മനത്തെ 95 വയസു കഴിഞ്ഞ ഹാജി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. മുന്‍ നഗരസഭാ അദ്ധ്യക്ഷന്‍ കൂടിയായ ഹാജി മുഹമ്മദ് അലിഗഡ് സര്‍വ്വകലാശാലയില്‍ പഠിച്ചതും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കാര്യവും കുമ്മനത്തോട് പങ്കുവച്ചു.
താന്‍ കോണ്‍ഗ്രസുകാരനാണെങ്കിലും കുമ്മനത്തെ പോലുള്ള ആദര്‍ശ രാഷ്ട്രീയക്കാരാണ് ഇന്ന് നാടിന് ആവശ്യമെന്ന് ഹാജി പറഞ്ഞു. ആദര്‍ശത്തിലുറച്ച് നിന്ന് പൊതുപ്രവര്‍ത്തനം ഭംഗിയായി നടത്താന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് കുമ്മനത്തോട് ആശംസിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിലെ ഇന്നത്തെ അവസ്ഥയില്‍ ദു: ഖമുണ്ടെന്ന് പറഞ്ഞ ഹാജി കെ.കെ. മുഹമ്മദ് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇന്ന് സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് പറഞ്ഞു.
ഹാജി മുഹമ്മദിന്റെ വീട്ടില്‍ നിന്ന് കുമ്മനം നേരെ പോയത് കേരളപാണിനി എ.ആര്. രാജരാജ വര്‍മ്മയുടെ വീട്ടിലേക്കാണ്. വീടിനോട് ചേര്‍ന്നുള്ള എആര്‍ സാസ്കാരിക കേന്ദ്രത്തിലെത്തിയ കുമ്മനത്തെ എ.ആറിന്റെ ചെറുമകള്‍ രത്നം രാമ വര്‍മ്മ തമ്പുരാന് മലയാള ശാകുന്തളം പുസ്തകം നല്കി സ്വീകരിച്ചു.
സാംസ്ക്കാരിക കേന്ദ്രം സെക്രട്ടറി അജി വര്‍ഗ്ഗീസ് കുമ്മനത്തെ ഷാള്‍ അണിയിച്ചു. കേന്ദ്രത്തെ മികച്ച സാംസ്ക്കാരിക നിലയമാക്കി മാറ്റാനും അതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാനും വേണ്ട പിന്തുണ കുമ്മനത്തോട് വര്‍ഗീസ് ആവശ്യപ്പെട്ടു. വര്‍ഗീസിനോട് ഇതു സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് നല്കാന് കുമ്മനം ആവശ്യപ്പെട്ടു.
സാംസ്ക്കാരിക കേന്ദ്രത്തിനടത്തുള്ള എആറിന്റെ അന്ത്യവിശ്രമ സങ്കേതത്തിലെത്തി കുമ്മനം പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി നേതാക്കളായ വെള്ളിയാകുളം പരമേശ്വരന്, കെ.സോമന്, ഡി.അശ്വിനിദേവ്, പാലമുറ്റം വിജയകുമാര്‍, കെ.ജി. കര്‍ത്ത എന്നിവരും കുമ്മനത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: