തൃശൂര്‍: സോളാര്‍ കേസില്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരെയുള്ള ഹര്‍ജി ഗൂഢാലോചനയാണെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി പ്രാഥമിക വാദം കേട്ടു. തുടര്‍ വാദം കേള്‍ക്കാന്‍ കേസ് പരിഗണിക്കുന്നത് 15ലേക്ക് മാറ്റി.
സരിതയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ പരാതി നല്കിയ പൊതുപ്രവര്ത്തകന് പി.ഡി. ജോസഫ്, സരിതാ നായര്‍, സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന് എന്നിവരെ എതിര്‍കക്ഷികളാക്കിയുള്ള ഹര്‍ജിയിലാണ് കോടതി പ്രാഥമിക വാദം കേട്ടത്.
അന്വേഷണം നടക്കുന്ന കേസില്‍ എങ്ങനെയാണ് ഗൂഢാലോചനയാണെന്ന് സമര്ത്ഥിക്കാനാവുകയെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. നേരത്തെ ജയിലില്‍ കിടന്നപ്പോള്‍ സരിത മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖവും വെളിപ്പെടുത്തലുകളുമടങ്ങിയ സി.ഡി ഹാജരാക്കിയിട്ടുണ്ടെന്ന് ഹര്ജിക്കാരന് അറിയിച്ചുവെങ്കിലും, ഗൂഢാലോചന നടത്തിയതാണെന്നതിനുള്ള തെളിവുകള്‍ ഉണ്ടോയെന്ന് കോടതി ആവര്‍ത്തിച്ചുചോദിച്ചു.
മറ്റ് തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. കോടതി നടപടികള്‍ തുടങ്ങിയ ഉടനെ മൂന്നാമത് കേസായി പരിഗണിച്ചുവെങ്കിലും, ഇത് വിജിലന്‍സ് കോടതിയുടെ പരിഗണനയില്‍ വരുന്നതാണോയെന്ന സംശയ നിവാരണത്തിനായി മാറ്റിവെച്ചു. പിന്നീട് ഉച്ചയോടെയാണ് കേസില്‍ കോടതി വാദം കേട്ടത്. പി.ഡി. ജോസഫിന്റെ പരാതിയില്‍ മുഖ്യമന്ത്രിക്കും, മന്ത്രി ആര്യാടനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: