യൂറോപ്പ് കേന്ദ്രീകൃത മനോഭാവം പൊതുവേ സ്ത്രീകളെ പൊതുരംഗത്തു നിന്നും അകറ്റി വച്ച ഒരു സമൂഹമായാണ് ഭാരതത്തെ ചിത്രീകരിക്കാന്‍ താല്‍പ്പര്യപ്പെടാറ്. ഭാരതത്തില്‍ ശക്തരായ അനവധി സ്ത്രീ ഭരണാധികാരികളും യോദ്ധാക്കളും കവയത്രികളും വാണിട്ടുണ്ട്. ഭരണനൈപുണ്യം, സ്വാത്വികത, ധര്മ്മോദ്ധാരണങ്ങളിലൂടെ 30 വര്‍ഷം മാള്‍വയെ ഭരിച്ച മഹാറാണി അഹല്യാഭായി ഹോള്‍ക്കര്‍ ഭാരത ചരിത്രത്തിലെ നിര്‍ണായക ഏടാണ്.
മാന്‍ഖോജി ഷിന്‍ഡേയുടെ മകളായി 1725 ല്‍ മഹാരാഷ്ട്രയിലെ ഭിഡ് ജില്ലയിലെ ചോണ്ഡി ഗ്രാമത്തില്‍ അഹല്യബായി ജനിച്ചു. പേഷ്വ ബാജിരാവുവിന്റ സേനാപതിയായിരുന്ന മല്‍ഹര്‍ റാവു ഹോള്‍ക്കര്‍ പൂനയിലേക്കുള്ള യാത്രാമധ്യേ ചോണ്ഡിയിലെ ക്ഷേത്രത്തില്‍ പൂജ ചെയ്തുകൊണ്ടിരുന്ന എട്ടു വയസ്സുകാരി ബാലികയുടെ ഭക്തിയും സ്വഭാവഗുണവും കണ്ടു തന്റെ പുത്രന് ഖാണ്ടെ റാവുവിനു വധുവായി സ്വീകരിച്ചു എന്നാണ് പറയപ്പെടുന്നത്.
അഹല്യാബായിയുടെ ഭര്‍ത്താവ് 1754 ല്‍ യുദ്ധക്കളത്തില്‍വെച്ച് മരണപ്പെട്ടു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, മല്‍ഹര്‍ റാവു ഹോള്കറും ഇഹലോകവാസം വെടിഞ്ഞു. അതോടെ, 1766 മുതല്‍ 1795ല്‍ മരണം വരെ അഹല്യാബായ് മാള്‍വയുടെ ഭരണാധികാരിയായി. അഹല്യാബായി അധികാരം ഏറ്റെടുക്കുന്നതിനോട് മാള്‍വയിലെ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഹോള്‍കര്‍ സൈന്യം ആവേശത്തോട് കൂടിയാണ് തങ്ങളുടെ റാണിയെ സ്വീകരിച്ചത്. പേഷ്വയുടെ അനുവാദത്തോട് കൂടെ തുക്കോജി ഹോള്‍കര്‍ സൈന്യാധിപനായി അഹല്യാബായ് മാള്‍വയുടെ ചുമതലയേറ്റെടുത്തു.
ഒരിക്കലും പര്‍ദ്ദ സമ്പ്രദായം ഇവര്‍ പാലിച്ചിരുന്നില്ല. ദിവസവും പൊതുസഭയും നടത്തപ്പെട്ടിരുന്നു. കീഴുദ്യോഗസ്ഥരോടും ഗ്രാമമുഖ്യന്മാരോടും എല്ലാം വളരെ ബഹുമാനപുരസ്സരം അവര്‍ ഇടപെട്ടിരുന്നു. അമേരിക്കന്‍ ചരിത്രകാരന് സ്റ്റീഫന്‍ ഗോര്‍ഡന്‍ അഹല്യാബായുടെ ഭരണം പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും സുദൃഢമായ ഭരണമായി കണക്കാക്കുന്നു. അഹല്യബായുടെ ഭരണ മികവിനാല്‍ ഇന്‍ഡോര്‍ ഒരു മനോഹര നഗരമായി പുഷ്ടിപെട്ടുവെങ്കിലും നര്‍മ്മദാ നദീതീരത്തുള്ള മഹേശ്വര് എന്ന പട്ടണത്തില്‍ താമസിക്കുവാനാണ് അവര്‍ താല്പര്യപ്പെട്ടത്.
മാള്വയിലുടനീളം കോട്ടകളും പാതകളും പണിത അഹല്യാബായ് ഒട്ടേറെ ക്ഷേത്രങ്ങള്‍ക്ക് സ്ഥിരമായ് സംഭാവനകളും നല്കിപോന്നു. കൂടാതെ, മാള്‍വയ്ക്ക് പുറത്ത് ഹിമാലയം മുതല്‍ ദക്ഷിണേന്ത്യയിലെ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ വരെ സത്രങ്ങളും, കുളങ്ങളും, കിണറുകളും, ഘാട്ട്കളും പണിയുകയുണ്ടായ്. സപ്തപുരികളായ കാശി, ഗയ, സോമനാഥ്, അയോധ്യ, മഥുര, ഹരിദ്വാര്‍, കാഞ്ചി, അവന്തി, ദ്വാരക, ബടരിനാരായണ, രാമേശ്വരം, ജഗന്നാഥപുരി തുടങ്ങിയിടങ്ങളിലെല്ലാം അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളുടെ മുദ്ര പതിഞ്ഞു. വിധവകള്‍ക്കു പുത്രനെ ദത്തെടുക്കാനും ഭര്‍ത്താവിന്റെ സമ്പാദ്യം കൈവശം വെക്കാനുമുള്ള അവകാശം നല്കി.
കല, സംഗീതം, വ്യവസായ, കര കൗശല വിദഗ്ദ്ധര്‍ക്കും, ശില്‍പ്പികള്‍ക്കും, ചിത്രകാരന്മാര്‍ക്കുമെല്ലാം പദവികളും പാരിതോഷികങ്ങളും ലഭിച്ചു പോന്നു. മഹേശ്വരില്‍ വസ്ത്രനിര്മ്മാണശാലകളും റാണി സ്ഥാപിച്ചു. വിശ്വ പ്രസിദ്ധമായ മഹേശ്വരി സാരി ഇവടെ നിര്‍മ്മിക്കുന്നതാണ്.
എഴുപതാമത്തെ വയസില്‍ അന്തരിച്ച ദേവി അഹല്യാബായ് ഹോള്‍ക്കര്‍ ഭാരത ചരിത്രത്തില്‍ എന്നും വിളങ്ങുന്ന ഒരു പൊന്‍ താരകമാണ്. മാള്‍വയിലും മഹാരാഷ്ട്രത്തിലെങ്ങും ഇന്നും അവര്‍ ഋഷി തുല്യയായ ദിവ്യാത്മാവായി ആദരിക്കപ്പെടുന്നു. തികച്ചും ഉജ്ജ്വലയായ ഭരണാധികാരിയും, കരുത്തുറ്റ പോരാളിയും, സാധ്വിയും ധര്‍മ്മിഷ്ഠയുമായ മഹാറാണിയുമെന്ന നിലയില്‍ അഹല്യാ ദേവി ഹൈന്ദവ സ്ത്രീത്വത്തിന്റെ പ്രതീകമാണ്.
കാശിവിശ്വനാഥ ക്ഷേത്രത്തിലും, പന്ധാര്പൂരിലേക്ക് തിരിക്കുന്ന തീര്‍ഥാടകസംഘം വിശ്രമിക്കുന്ന ഗോപാല്‍പുരിലും മറ്റനേകം തീര്‍ഥാടനകേന്ദ്രങ്ങളിലും അഹല്യാദേവിയുടെ സ്മരണ നമ്മെ തേടി എത്തുന്നു. അര്‍ഹിക്കുന്ന അംഗീകാരം ഈ സ്ത്രീ രത്നത്തിന് ആധുനിക ഭാരതം നല്‍കിയോ എന്നത് ചിന്തനീയമായ മറ്റൊരു വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: