കോഴിക്കോട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട തിരുവാഭരണം മൂന്നാഴ്ചകള്‍ക്ക് ശേഷം തിരിച്ചുകിട്ടി. ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിലാണ് അഞ്ചരപ്പവന്റെ തിരുവാഭരണം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസും ക്ഷേത്ര ഭാരവാഹികളും പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ കസേരയെടുക്കാനെത്തിയ രണ്ടുപേര്‍ അവിടെ തൂക്കിയിട്ട നിലയില്‍ തിരുവാഭരണം കാണുകയായിരുന്നു. എന്നാല്‍ ഒറ്റനോട്ടത്തില്‍ അത് കളവുപോയ തിരുവാഭരണമാണെന്നു മനസ്സിലായില്ല. വീണ്ടും പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ട തിരുവാഭരണമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ക്ഷേത്ര പരിസരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് തനിക്ക് കിട്ടിയ മാല ഇവിടെവെച്ചതെന്ന് പറഞ്ഞത്. എന്നാല്‍ അത് ക്ഷേത്രത്തിലെ തിരുവാഭരണമാണെന്ന് തനിക്ക് മനസ്സിലായിരുന്നില്ലെന്നും കുട്ടി പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്ര പരിസരത്തുകൂടെ തൊട്ടടുത്ത ഗോവിന്ദപുരം എയുപി സ്കൂളിലേക്ക് പോകുന്നതിനിടയിലാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ക്ഷേത്ര പരിസരത്തെ താമസക്കാരനുമായ ദിനേശന്റെ മകന് അതുല്കൃഷ്ണക്ക് തിരുവാഭരണം ലഭിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന നൃത്ത പരിപാടികള്‍ക്കായി കൊണ്ടുവന്ന മാലയാണെന്നാണ് അതുല്‍ കൃഷ്ണ ധരിച്ചത്. അതുല്‍ അതെടുത്ത് ഊട്ടുപുരയില്‍ വെക്കുകയായിരുന്നു. ഇതാണ് ഇന്നലെ ഊട്ടുപുരയിലെത്തിയവര് കണ്ടത്.
തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ വിവരമറിയിച്ചു.
മെഡിക്കല്‍ കോളജ് എസ്ഐ വിനോദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തിരുവാഭരണം കസ്റ്റഡിയിലെടുത്തു. തിരുവാഭരണത്തില് മണ്ണോ മറ്റു കേടുപാടുകളോ ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച ഉച്ചക്ക് ക്ഷേത്ര പരിസരത്ത് കൊണ്ടുവെച്ചതാകാമെന്നാണ് പോലീസിന്റെയും ക്ഷേത്ര അധികൃതരുടെയും നിഗമനം. എന്തായാലും നഷ്ടപ്പെട്ടെന്ന് കരുതിയ തിരുവാഭരണം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ക്ഷേത്ര അധികൃതരും ഭക്തജനങ്ങളും.
കഴിഞ്ഞ മാസം 25 നാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. തിരുവാഭരണവും ഭണ്ഡാരങ്ങളിലെ പണവുമാണ് അന്ന് മോഷ്ടിച്ചത്. വെള്ളികിരീടം മോഷ്ടാക്കള്‍ എടുത്തെങ്കിലും തൊട്ടടുത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: