ഇരിട്ടി: ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെയും അങ്ങാടിക്കടവ് സെന്റ് വിന്‍സെന്റ്ഡി പോള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനായി ജീവകാരുണ്യ പദ്ധതി നടപ്പാക്കുന്നു. വൃക്കരോഗികള്‍ക്ക് ഒരു കൈത്താങ്ങ് ആയിരം ഡയാലിസിസ് സൗജന്യം പദ്ധതി 26ന് നാലിന് ഇരിട്ടി അമല ആശുപത്രി ഗ്രൗണ്ടില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇരിട്ടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ടി.ഡി.ജോസ് അധ്യക്ഷത വഹിക്കും. കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ.ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തും. സഹായധനം കൈമാറല്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.എ.ശിവപ്രസാദും ചികിത്സാ ഫണ്ട് സ്വീകരണം ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകനും ആദ്യ ടോക്കണ്‍ നല്കല് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ഡെന്നീസ് തോമസും തയ്യില്‍ മെഷീന് വിതരണം ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും നിര്‍വഹിക്കും. അങ്ങാടിക്കടവ് സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി രക്ഷാധികാരി ഫാ.തോമസ് മുണ്ടമറ്റം, അമല കിഡ്നി ഫൗണ്ടേഷന് ചെയര്മാന് മാത്യു കുന്നപ്പള്ളി എന്നിവര്‍ പ്രസംഗിക്കും. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഡോ.മാത്യു കുര്യന് സ്വാഗതവും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുരേഷ് ബാബു നന്ദിയും പറയും.
ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ശതാബ്ദി വര്‍ഷമാണിത്. ഇതിനോടനുബന്ധിച്ച് ഇരിട്ടി ലയണ്‍സ് ക്ലബ്ബ് നടപ്പാക്കുന്ന സാമൂഹ്യ സേവന തുടര്‍ പദ്ധതിയുടെ ഭാഗമായാണ് ജീവകാരുണ്യ പ്രസ്ഥാനമായ അങ്ങാടിക്കടവ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് അമല കിഡ്നി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിര്‍ധന വൃക്ക രോഗികള്‍ക്കായി സഹായ പദ്ധതി ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇരിട്ടി ലയണ്‍സ് ക്ലബും അങ്ങാടിക്കടവ് സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയും നേരിട്ട് കൈമാറുന്ന 12 ലക്ഷം രൂപ ഉപയോഗിച്ചാണ് ആയിരം സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നത്. സമാന ചിന്താഗതിക്കാരുടെ സഹകരണത്തോടെ പദ്ധതി തുടരാനാണ് ലക്ഷ്യമിടുന്നതെന്നും ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി.ഡി.ജോസ്, സെക്രട്ടറി ഡോ. മാത്യു കുര്യന്, അമല കിഡ്നി ഫൗണ്ടേഷന് ചെയര്മാന് മാത്യു കുന്നപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: