14 സെന്റില്‍ നിന്ന്
3.5 ഏക്കറിലേക്കുള്ള
വളര്‍ച്ച
വിധിക്ക് സജിയുടെ കാലുകളെ മാത്രമേ തളര്ത്താനായുള്ളു, മനസ്സിനെ കീഴടക്കാന്‍ സാധിച്ചില്ല. പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍ പോലും കൃഷി ഭൂമിയില്‍ അദ്ധ്വാനിക്കാന്‍ മടി കാണിക്കുന്ന കാലഘട്ടത്തില്‍ പോളിയോ വന്ന് ഇരുകാലുകളും തളര്‍ന്നിട്ടും കൃഷിക്കാരനായ അച്ഛന്റെ പാത പിന്തുടരുകയാണ് സജി.
കൃഷിയിലൂടെ ജീവിതം വിജയിപ്പിക്കുവാന്‍ സാധിക്കുമെന്ന ഉത്തമ വിശ്വാസമാണ് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം മൂന്നാം വാര്‍ഡില്‍ കൊച്ചുവീട്ടില്‍ ഉത്തമന്-സുശീല ദമ്പതികളുടെ മകന് സജിയെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചത്.
ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനാണ് സജി. ഒന്നരവയസ്സ് പ്രായമുള്ളപ്പോള്‍ ഇരുകാലുകളും പോളിയോ ബാധിച്ച് തളര്‍ന്നു. ഉത്തമന് കുടുംബസ്വത്തായി കിട്ടിയ 14 സെന്റ് സ്ഥലത്ത് കൃഷി ചെയ്തു കിട്ടുന്ന വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
എസ്എസ്എല്‍സിയും പ്രീഡിഗ്രിയും പാസ്സായ ശേഷം സര്‍ക്കാര്‍ ജോലി കിട്ടുമെന്നുള്ള ആഗ്രഹത്തില്‍ മാവേലിക്കരയിലെ എംപ്ലോയിമെന്റ് എക്സേഞ്ചില്‍ പേര് രജിസ്ട്രര്‍ ചെയ്തു. ജോലിക്കുവേണ്ടിയുള്ള നീണ്ടകാത്തിരിപ്പിനൊടുവില്‍ സര്‍ക്കാര്‍ ജോലി എന്ന ആഗ്രഹം സജി ഉപേക്ഷിച്ച് കൃഷി ഇടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
കൃഷിയുടെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്നും കരസ്ഥമാക്കി. പുതിയ തലങ്ങളിലേക്ക് പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഇതിനിടെ 2001ല്‍ ഇന്ദിര സജിയുടെ ജീവിതത്തിന്റെ ഭാഗമായി. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ഇന്ദിര പൂര്‍ണ്ണമനസ്സോടെയാണ് സജിയുടെ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
അടുക്കളക്കാര്യം കഴിഞ്ഞുള്ള സമയങ്ങളില്‍ പശുക്കളേയും ആടുകളേയും പരിപാലിക്കുന്നതിനാണ് കൂടതല്‍ സമയം ഇന്ദിര ചെലവഴിക്കുന്നത്. അമ്മ സുശീലയും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കും.
ഒരു കുടുംബത്തിന്റെ ഒന്നാകെയുള്ള പരിശ്രമം, കൃഷി ഇടങ്ങള്‍ വിപുലീകരിക്കാന്‍ സഹായിച്ചു. 14 സെന്റില്‍ നിന്നും ഇന്ന് മൂന്നര ഏക്കര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. 300 റബ്ബര്‍ മരങ്ങളും, മൂന്നു വര്‍ഷം പ്രായമായ വെറ്റിലക്കൊടിയും സ്വന്തം. ഇടകൃഷിയായി മരച്ചീനി, കാച്ചില്, ചേന, വാഴ, ചേമ്പ് എന്നിവയും. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകന് സോനുവും ആറാം ക്ലാസില്‍ പഠിക്കുന്ന ഇളയമകന് സൗരവും അച്ഛനെ കൃഷിയില്‍ സഹായിക്കുവാന്‍ കൂടെയുണ്ട്.
ക്ഷീര മേഖല പ്രധാനം
സജിയുടെ കൊച്ചു വീട്ടു വളപ്പില്‍ പശുക്കള്‍ പതിനൊന്ന്, ആട് പതിമൂന്ന്. പുലര്‍ച്ചെ നാലിന് ഉണരുന്ന ഉത്തമനും സജിയും പശുക്കളെയും ആടുകളേയും കറന്ന് പാല് എടുക്കുന്ന ജോലിയാണ് ആദ്യം ചെയ്യുന്നത്.
പതിനഞ്ച് വീട്ടുകാര്‍ നേരിട്ടെത്തി പാല് വാങ്ങുന്നു. ബാക്കി വരുന്ന പാല് വള്ളികുന്നം ക്ഷീരകര്‍ഷക സംഘത്തില്‍ നല്കുന്നു. മാസം 1500 ലിറ്റര്‍ പാല് സൊസൈറ്റിയില്‍ മാത്രം കൊടുക്കുന്നുണ്ടെന്ന് സജി പറഞ്ഞു. വള്ളികുന്നം പഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ പാല് ഉല്പാദനം നടത്തിയതിനുള്ള അവാര്‍ഡ് 2013 ല്‍ ഇവര്‍ക്ക് ലഭിച്ചു. കൂടാതെ വെറ്റിലകര്ഷകനുള്ള 2014 ലെ അവര്‍ഡും ഇവര്‍ കരസ്ഥമാക്കി.
കൃഷിക്ക് ജൈവവളങ്ങള്‍ മാത്രം
പശുക്കളും ആടുകളും വീട്ടിലുള്ളപ്പോള്‍ കൃഷിക്കുവേണ്ടി മറ്റു വളങ്ങളെപ്പറ്റി ആലോചിക്കേണ്ടി വന്നിട്ടില്ലെന്ന് സജി പറഞ്ഞു. യാതൊരു വിധ കീടനാശിനി വളങ്ങളും ഇവിടെ ഉപയോഗിക്കാറില്ല, വളക്കൂറുള്ള മണ്ണില്‍ കീടനാശിനികള്‍ പ്രയോഗിച്ച് മണ്ണിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സജിയും ഉത്തമനും പറഞ്ഞു.
മുച്ചക്രവാഹനത്തിന് പ്രതീക്ഷയോടെ
സജിക്ക് കൃഷിയിടങ്ങളില്‍ പോകുന്നതിനും, ക്ഷീര കര്‍ഷക സംഘത്തില്‍ പാല് എത്തിക്കുന്നതിനും സ്വന്തമായുള്ള മുച്ചക്രവാഹനമാണ് സഹായി. എന്നാല്‍ ഇപ്പോഴുള്ള വാഹനം കാലപ്പഴക്കം മൂലം പലപ്പോഴും കേടായി പ്രവര്‍ത്തനരഹിതമാകുകയാണ്. മറ്റൊരു ബദല്‍ സംവിധാനമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ വളരയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തില്‍ മുച്ചക്ര വാഹനത്തിനു വേണ്ടി അപേക്ഷ കൊടുക്കുകയും ലിസ്റ്റില്‍ പേരു വരികയും ചെയ്തിരുന്നു. എന്നാല്‍ വാഹനം ലഭിച്ചില്ല.
വിധിയോട് പൊരുതി മണ്ണില്‍ രാപ്പകല്‍ വിയര്‍പ്പൊഴുകുന്ന ഈ സാധാരണക്കാര്‍ക്ക് പക്ഷേ വേണ്ട പരിഗണന നല്കാന് ബന്ധപ്പെട്ടവര്‍ ഇനിയും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: