പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരും നിയമവകുപ്പും കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് 28ന് രാവിലെ 11മണിക്ക് മന്ത്രി എ.കെ.ബാലന്റെ പാലക്കാട്ടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന പ്ലാച്ചിമട കൊക്കകോള വിരുദ്ധസമര സമിതിയും,ഐക്യദാര്‍ഢ്യസമിതി നേത്ക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയിലെ ഭരണകക്ഷി എംഎല്‍എമാരുടെ വീടുകളിലേക്കും മാര്‍ച്ച് വ്യാപിപ്പിക്കും.ജില്ലാ ഭരണകൂടത്തിന് മുന്നില്‍ ട്രൈബ്യൂണല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി നടത്തുന്ന സമരം 28 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.കഴിഞ്ഞ നിയമസഭ തിരെഞ്ഞടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ യഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ്അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും ഇതിനെക്കുറിച്ച് യാതൊരു നടപടിയും സ്വീകരിക്കാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ബില്ലിനെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ജലസ്രോതസുകള്‍ മലിനീകരിച്ചതിന് കൊക്കകോളക്കെതിരെ വാട്ടര്‍ ആക്ട് പ്രകാരം എടുക്കേണ്ട ശിക്ഷാനടപടികളും കേരള മലിനീകരണ നിയന്ത്രണബോര്‍ഡ് എടുക്കാതെ കോള കമ്പനിയെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
രാഷ്ടപതി തിരിച്ച് അയച്ച് ട്രൈബ്യൂണല്‍ ബില്ലിന് പകരമായി സംസ്ഥാന സര്‍ക്കാറിന് അവകാശമുള്ള ജലസംരക്ഷണം ഉള്‍പ്പെടുത്തി ട്രൈബ്യൂണല്‍ ബില്ല് സര്‍ക്കാര്‍ നടപ്പിലാക്കി കൊക്കകോളകമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം.
ഇതിനായി നിയമഭേദഗതി വരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്താതെ കമ്പനിയെ സഹായിക്കുന്ന രാഷ്ട്രീയപാര്‍ട്ടി നിലപാടുകള്‍ക്കെതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.പത്രസമ്മേളനത്തില്‍ പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, പ്ലാച്ചിമട സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍, കെ.എ.സുലൈമാന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: