ഇരിങ്ങാലക്കുട : നഗരസഭയുടെ അധീനതയിലുള്ള മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള 40 സെന്റ് സ്ഥലത്തു സ്‌കൂള്‍ അധികൃതരും നഗരസഭയും അറിയാതെ നിലം നികത്തലും മരം വെട്ടലും നടക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതരും സംഭവമറിയുന്നത്.
ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന് വേണ്ടി ജില്ലാ ഹെഡ് കോര്‍ട്ടേഴ്‌സ് ആസ്ഥാനവും ഓഡിറ്റോറിയവും പണിയുന്നതിന് വേണ്ടിയാണു ബോയ്‌സ് ഹൈസ്‌കൂളിന്റെ ഗ്രൗണ്ടിനോട് ചേര്‍ന്ന് 40 സെന്റ് സ്ഥലത്തെ മരങ്ങള്‍ വെട്ടി നിലം നിരപ്പാക്കി കൊണ്ടിരിക്കുന്നത്.
ഈ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ അവധി ദിവസങ്ങളിലാണ് ഇവിടെ ജെസിബിയും ലോറികളും എത്തി മരം വെട്ടികൊണ്ടുപോയതും നിലങ്ങള്‍ നിരപ്പാക്കിയതും. ഇരിങ്ങാലക്കുട നഗരസഭയുടെ അധിനതയിലുള്ള സ്ഥലമായിട്ടു പോലും നഗരസഭയും ഇത് അറിഞ്ഞിരുന്നില്ല. പക്ഷെ ഈ സ്ഥലം ലഭിക്കാന്‍ വേണ്ടി 2012 മുതല്‍ നീക്കങ്ങള്‍ നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
ഹെഡ് കോര്‍ട്ടേഴ്‌സ് കെട്ടിടം പണിയാന്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ സ്ഥലം വേണമെന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ് അധികൃതരുടെ ആവശ്യത്തെത്തുടര്‍ന്നു അന്നത്തെ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ ഇതിനു വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്തു നല്‍കിയിരുന്നു. ഇതിനു പുറമെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും നല്‍കിയതായി രേഖയില്‍ കാണുന്നു.
തന്റെ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നും 40 സെന്റ് സ്ഥലം സ്‌കൗട്‌സ് ആന്‍ഡ് ഗൈഡിന് കെട്ടിടം പണിയുവാന്‍ നല്‍കുമെന്ന വിവരം താന്‍ അറിഞ്ഞിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ടള മാധ്യമങ്ങളോട് ആദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നിഷേധിച്ചു.
നഗരസഭ അനുമതിയില്ലാതെ നിലം നികത്തിയതിനും മരം വെട്ടിയതിനും നടപടി എടുക്കുമെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.
















